ADVERTISEMENT

ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് പുറത്തുവരുന്ന ഭയാനകമായ ചില ചിത്രങ്ങൾ ഇപ്പോൾ പരിസ്ഥിതി പ്രവർത്തകരുടെയും പ്രകൃതി സ്നേഹികളുടെയും ഉറക്കം കെടുത്തുകയാണ്. സിഡ്നിയിലെ മെനിൻഡീ എന്ന ചെറു പട്ടണത്തിലെ ഡാർലിങ് നദിയിൽ കണ്ണത്താ ദൂരത്തോളം ദശലക്ഷക്കണക്കിന് മീനുകൾ ചത്തു പൊങ്ങി കിടക്കുന്ന കാഴ്ചയാണിത്. ചത്ത മീനുകളെ വകഞ്ഞു മാറ്റി സഞ്ചരിക്കാൻ ബോട്ടുകൾ നീക്കാൻ ബുദ്ധിമുട്ടുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടൊപ്പം പുറത്തു വന്നിട്ടുണ്ട്. ദുരന്തം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ അവസ്ഥയ്ക്കുള്ള കാരണം താപതരംഗമാണെന്നാണ് ഗവേഷകരുടെ നിഗമനം.

2018 മുതൽ ഇങ്ങോട്ട് ഇത് മൂന്നാം തവണയാണ് ഡാർലിങ് നദിയിൽ മീനുകൾ ഇത്തരത്തിൽ കൂട്ടമായി ചത്തുപൊങ്ങുന്നത്. എന്നാൽ ഇത്രയും അധികം മീനുകൾ ചത്തു പൊങ്ങുന്നത് ഇത് ആദ്യമാണ്. വാക്കുകൾകൊണ്ട് വിവരിക്കാനാവാത്ത അത്രയും ഭയാനകമായ കാഴ്ച എന്നാണ് പ്രദേശവാസികൾ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്.  ജഡങ്ങളിൽ ഭൂരിഭാഗവും അഴുകി തുടങ്ങിയിട്ടുള്ളതിനാൽ ദുർഗന്ധവും വമിക്കുന്നുണ്ട്. ഈ അവസ്ഥ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം അളക്കാനാവാത്തത്രയും വലുതാണെന്ന് ഗവേഷകരും പറയുന്നു.

അടുത്തിടെയുണ്ടായ വെള്ളപ്പൊക്കങ്ങളെ തുടർന്ന് ബോണി ഹെറിങ്, കാർപ്പ് തുടങ്ങിയ ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളുടെ എണ്ണം നദിയിൽ വർധിച്ചിരുന്നു. എന്നാൽ നദിയിൽ നിന്ന് പ്രളയ ജലം പിൻവാങ്ങിത്തുടങ്ങിയതോടെ ഈ ഈ മീനുകളെല്ലാം ചത്ത് പൊങ്ങുകയാണ്. നദിയിലെ ജലത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതാണ് മീനുകളുടെ നിലനിൽപിന് ഭീഷണിയാകുന്നത്. നിലവിൽ ഈ മേഖലയിലാകെ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. ശക്തമായ താപതരംഗം സ്ഥിതിഗതികൾ വഷളാക്കുന്നതായി ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ചൂടുകാലത്ത് മീനുകൾക്ക് കൂടുതൽ ഓക്സിജൻ ആവശ്യമായിവരും. എന്നാൽ താപതരംഗത്തെ തുടർന്ന് നദിയിലെ വെള്ളം ചൂടാകുന്നതിനാൽ അതിൽ ഓക്സിജന്റെ ലഭ്യത നന്നേ കുറവുമായിരിക്കും. ഈ സാഹചര്യത്തെ പ്രതിരോധിക്കാനാവാതെ വരുന്നതോടെ ശ്വാസം കിട്ടാതെ അവയുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യും. മുൻ വർഷങ്ങളിൽ വരൾച്ചയെ തുടർന്ന് നദിയിലെ ജലത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞപ്പോഴും മീനുകൾ ചത്തുപോകുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിനുപുറമേ നദിയിലെ 40 കിലോമീറ്ററോളം ദൂരം വരുന്ന പ്രദേശത്ത് വിഷാംശമടങ്ങിയ പായലിന്റെ സാന്നിധ്യമുണ്ടായപ്പോഴും മീനുകൾ കൂട്ടമായി ചത്തുപൊങ്ങിയിരുന്നു.

ഇത്തരത്തിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ മീനുകൾ കൂട്ടമായി ചത്തുപൊങ്ങാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ 2019 ൽ തന്നെ മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ കിലോമീറ്ററുകളോളം ദൂരം മീനുകളുടെ ജഡങ്ങൾ അടിഞ്ഞ് ജലം കാണാൻ ആവാത്ത നിലയിലാണ്. താരതമ്യേന ചെറിയ നഗരമായ മെനിൻഡിയിൽ അടുത്തടുത്ത വർഷങ്ങളിലായി തുടർച്ചയായി ഉണ്ടാകുന്ന കൊടും വരൾച്ചയും പ്രളയവും മൂലം ജനജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്.

English Summary: ‘Unfathomable’: millions of dead fish blanket river near Menindee in latest mass kill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com