പഞ്ചാബിൽ വീശിയടിച്ച് ചുഴലിക്കാറ്റ്: വീടുകൾക്കും വിളകൾക്കും കനത്ത നാശനഷ്ടം

 Tornado in Punjab's Fazilka damages houses, crops
Grab Image from video shared on Twitter by Joint Cyclone Center
SHARE

പഞ്ചാബിലെ ഫാസിൽക ജില്ലയിലെ ബക്കെയ്ൻവാല  ഗ്രാമത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം. വെള്ളിയാഴ്ചയാണ് ഇവിടെ ചുഴലിക്കാറ്റടിച്ചത്. ഗ്രാമത്തിലെ അൻപതിലധികം വീടുകൾക്ക് ചുഴലിക്കാറ്റ് മൂലം കനത്ത നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. ഏതാനും ആളുകൾക്ക് ദുരന്തത്തിൽ പരുക്കേൽക്കുകയും ചെയ്തു. എന്നാൽ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

വെള്ളിയാഴ്ച വൈകിട്ട് അപ്രതീക്ഷിതമായാണ് ചുഴലിക്കാറ്റുണ്ടായതെന്ന് ഗ്രാമവാസികൾ പറയുന്നു. നാലുമണിയോടെ പ്രദേശമാകെ ഇരുട്ടു മൂടുകയായിരുന്നു. ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദുരന്തത്തിന്റെ ആഘാതം കൂടുതലുണ്ടായ മേഖലകളിലെ വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി. പ്രധാനമായും ബക്കെയ്ൻവാല ഗ്രാമത്തിലാണ് ചുഴലിക്കാറ്റടിച്ചതെങ്കിലും സമീപത്തുള്ള ഗ്രാമപ്രദേശങ്ങളിലും ഇതിന്റെ പ്രത്യാഘാതങ്ങൾ ദൃശ്യമായിരുന്നു.

ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ പലതിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്കും പരുക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. ഗ്രാമത്തിൽ നാശനഷ്ടങ്ങൾ വിതച്ച ശേഷം ചുഴലിക്കാറ്റ് പാക്കിസ്ഥാൻ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ആഴ്ചാവസാനം പ്രദേശം മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പഞ്ചാബിൽ ശക്തമായ മഴയാണ് ലഭിച്ചത്.

ക്ലൈമറ്റോളജി ഓഫ് ടൊർണാഡോസ് ഓവർ നോർത്ത് വെസ്റ്റ് ഇന്ത്യ ആൻഡ് പാക്കിസ്ഥാൻ എന്ന ഗവേഷണ പ്രബന്ധത്തിലെ പഠന വിവരങ്ങൾ അനുസരിച്ച് 1903നും 2011 നുമിടെ വടക്കു പടിഞ്ഞാറൻ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി 15 തവണയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇവയിൽ 12 എണ്ണവും ഏതാണ്ട് വർഷത്തിന്റെ ഒരേസമയത്ത് തന്നെ ഉണ്ടായതായും പഠനത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. 1978ൽ ന്യൂഡൽഹിയിലാണ് വടക്കേ ഇന്ത്യയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ഉണ്ടായത്. അന്നത്തെ ദുരന്തത്തിൽ 28 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 700 ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

മൺസൂണിന് തൊട്ടു മുൻപുള്ള സമയത്ത് ചുഴലിക്കാറ്റുണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ പരിസ്ഥിതിയിലെ മാറ്റങ്ങൾ മനസ്സിലാക്കി ജനങ്ങൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് നീങ്ങണമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്നത്. കഴിഞ്ഞദിവസം ചുഴലിക്കാറ്റുണ്ടായ സമയത്ത് ആളുകൾ അതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് അപകടകരമായ പ്രവണതയാണെന്ന്  ഗവേഷകർ വിലയിരുത്തുന്നു. ചുഴലിക്കാറ്റ് ഉണ്ടാവുമ്പോൾ മരങ്ങൾക്കടിയിൽ നിൽക്കുകയോ നിർമാണം പൂർത്തിയാകാത്ത കെട്ടിടങ്ങളിൽ തുടരുകയോ ചെയ്യരുത്.

English Summary: Tornado in Punjab's Fazilka damages houses, crops

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS