മാമ്മത്തിന്റെ മാംസഗോളം സൃഷ്ടിച്ച് ഗവേഷകർ; മുതലമാംസത്തിന്റെ ഗന്ധം, 4000 വർഷം പഴക്കമുള്ള പ്രോട്ടീനുകൾ

 woolly mammoth meatball tells us about the future of meat
Image Credit: Reuters Science News/ ReutersScience
SHARE

വംശനാശം വന്ന ഒരു മാമ്മത്തിന്റെ ഡിഎൻഎയിൽ നിന്നു കൾച്ചർ ചെയ്തെടുത്ത കൃത്രിമ മാംസവുമായി ലാബ് ഗ്രോൺ മീറ്റ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി. ഓസ്ട്രേലിയയിലെ വൗ എന്ന കൾച്ചേഡ് മീറ്റ് കമ്പനിയാണ് വ്യത്യസ്തമായ മാംസം തയാർ ചെയ്തത്.  മൃഗകോശങ്ങളിൽ നിന്നു കൾച്ചർ ചെയ്തെടുത്താണ് ലാബ് ഗ്രോൺ മീറ്റ് തയാർ ചെയ്യുന്നത്. മൃഗങ്ങളെ കൊല്ലാതെയും അവയുമായി ഇടപെടാതെയുമുള്ള മാംസോൽപാദന രീതിയാണിത്. മൺമറഞ്ഞ മാമ്മത്തിന്റെ ജീനുകൾ ചെമ്മരിയാടിന്റെ കോശങ്ങളിലേക്കു സന്നിവേശിപ്പിച്ച് ആനകളുടെ ഡിഎൻഎ ഉപയോഗിച്ച് പരിഷ്കാരങ്ങൾ വരുത്തിയാണ് ഗവേഷണം സാധ്യമാക്കിയത്. ഇതിലൂടെ സൃഷ്ടിക്കപ്പെട്ട മാംസഗോളത്തിന് മുതലമാംസത്തിന്റെ ഗന്ധമാണെന്ന് ഗവേഷകർ പറഞ്ഞു. 4000 വർഷം വരെ പഴക്കമുള്ള പ്രോട്ടീനുകൾ ഇതിലുണ്ട്. കൃത്രിമ മാംസത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഇത് ഉത്പാദിപ്പിച്ചതെന്നും മാംസം ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

ചരിത്രാതീതകാലത്ത് മൺമറഞ്ഞു പോയ വമ്പൻ ജീവികളാണ് മാമ്മത്തുകൾ. 13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകകളുമുള്ള ഇവ ആനകളുടെ കുടുംബത്തിൽ പെട്ടവയുമാണ്. ഇരുപത്തിയഞ്ച് വർഷം മുൻപ് തുടങ്ങി 11,000 വർഷം മുൻപ് അവസാനിച്ച പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ പ്രബലജീവികളായ ഇവ ഓസ്ട്രേലിയയും തെക്കേ അമേരിക്കയും ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ സൈബീരിയയിലും മറ്റ് ഉത്തരധ്രുവ–സമീപ മേഖലകകളിലുമുണ്ടായിരുന്നു വൂളി മാമ്മത്തുകളാണ് ഈ വൻജീവികളിൽ ഏറെ പ്രശസ്തം. ഒട്ടേറെ നോവലുകളിലും ഐസ് ഏജ് പരമ്പര ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലും മാമ്മത്തുകൾ കഥാപാത്രങ്ങളായി.

മാമ്മത്തുകൾ പിൽക്കാലത്ത് വംശനാശം വന്ന് ഭൂമിയിൽ നിന്നു തുടച്ചുനീക്കപ്പെടുകയായിരുന്നു. ഇവയുടെ വംശനാശത്തിന് ഭക്ഷണദൗർലഭ്യം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യരുടെ അമിതമായ വേട്ടയാടൽ തുടങ്ങി പല കാരണങ്ങൾ പറയപ്പെടുന്നു.റഷ്യയിൽ ആർട്ടിക് സമുദ്രവുമായി തീരം പങ്കിടുന്ന വ്രാൻഗൽ ദ്വീപിലായിരുന്നു ലോകത്തിലെ അവസാനത്തെ മാമ്മത്തുകൾ ഉണ്ടായിരുന്നത്. 4000 വർഷങ്ങൾക്കു മുൻപ് ഇവയും ചത്തൊടുങ്ങിയതോടെ ഭൂമിയിലെ മാമ്മത്ത് യുഗത്തിന് അന്ത്യമായി. ഏഷ്യൻ ആനകൾക്കും മാമ്മത്തുകൾക്കും ഒരേ മുൻഗാമിയാണ് ഉണ്ടായിരുന്നത്. ആഫ്രിക്കൻ ആനകൾ ഇക്കൂട്ടത്തിൽ വരില്ല.  അടുത്തകാലത്ത്, സൈബീരിയയിലെ ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളിയിൽ നിന്നും ഒരു മാമ്മോത്തിന്റെ നശിക്കാത്ത ശവം കണ്ടെത്തുകയും അതിന്റെ ജനിതകഘടന വേർതിരിച്ചെടുക്കുകയും ചെയ്തിരുന്നു.

English Summary: What a startup’s woolly mammoth meatball tells us about the future of meat

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA