ADVERTISEMENT

ലോകറെക്കോർഡ് കിട്ടാൻ പലവിധ കാര്യങ്ങളിൽ ആളുകൾ ഏർപ്പെടാറുണ്ട്. എന്നാൽ അത്തരം ശ്രമങ്ങളുടെയെല്ലാം ഒരു പടികടന്ന് ചിന്തിച്ചിരിക്കുകയാണ് മെക്സിക്കോക്കാരിയായ പെർല ടിജെറിന. 31 വയസ്സുള്ള പെർല ലോകറെക്കോർഡിനായി ചെയ്തിരിക്കുന്നത് മറ്റാർക്കും അത്ര ധൈര്യം വരാത്ത ഒരു കാര്യമാണ്. സംഭവം ഇതാണ്... കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു അഗ്നിപർവതത്തിന്റെ മുകളിൽ താമസിക്കുകയാണ് പെർല. 32 ദിവസങ്ങൾ തുടർച്ചയായി ഇവിടെ താമസിക്കാനാണ് കക്ഷിയുടെ പ്ലാൻ.

 

ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള പർവതമായ പികോ ഡി ഒറിസാബയുടെ മുകളിലാണ് പെർലയുള്ളത്. 18,491 അടിയാണ് ഈ അഗ്നിപർവതത്തിന്റെ പൊക്കം. തന്റെ മാനസിക കരുത്ത് കൂട്ടാനായാണ് ഈ വിഷമകരമായ ദൗത്യം തിരഞ്ഞെടുത്തതെന്ന് മെക്സിക്കോയിലെ സാൾടിലോയിൽ നിന്നുള്ള പെർല പറയുന്നു. അതീവ ദുഷ്കരമായ സാഹചര്യവും ഒറ്റപ്പെടലും തന്നെ കൂടുതൽ കരുത്തയാക്കുമെന്നാണ് പെർലയുടെ വിശ്വാസം. എട്ടു ദിവസങ്ങളായി പെർല പർവതത്തിന്റെ മുകളിലാണ്.

 

ശക്തിയായ കാറ്റ്, കടുത്ത തണുപ്പ്, മോശം ആരോഗ്യസ്ഥിതി തുടങ്ങിയ പ്രതിബന്ധങ്ങൾ ഇതിനകം തന്നെ പെർല അഭിമുഖീകരിച്ചുകഴിഞ്ഞു. പർവതത്തിന്റെ മുകളിൽ തുടർച്ചയായി താമസിക്കുമ്പോഴുള്ള ബോറടി ഒഴിവാക്കാനായി ധാരാളം പുസ്തകങ്ങൾ പെർല കൊണ്ടുവന്നിട്ടുണ്ട്. നിലവിൽ അനക്കമൊന്നുമില്ലാതെ കിടക്കുന്ന അഗ്നിപർവതമാണ് പികോ ഡി ഒറിസാബ. എന്നാൽ ഇതു നിർജീവ അവസ്ഥയിലുമല്ല. പത്തൊൻപതാം നൂറ്റാണ്ടിലാണ് ഇതിന്റെ അവസാന വിസ്ഫോടനം സംഭവിച്ചത്.

 

പണ്ട് കാലത്ത് മെക്സിക്കോയിൽ നിലനിന്നിരുന്ന പല സംസ്കാരങ്ങളിലും ശ്രദ്ദേയമായ സ്ഥാനം വഹിച്ചിരുന്ന അഗ്നിപർവതമാണ് പികോ ഡി ഒറിസാബ. ആസ്ടെക്, ടോടോനാക് വംശജരൊക്കെ ഈ പർവതത്തിനെ ആരാധിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ എഫ്. മേയ്നാർഡ്, വില്യം എഫ്. റെയ്നോൾഡ്സ് എന്നീ അമേരിക്കൻ സൈനികരാണ് ആദ്യമായി ഈ പർവതത്തിന്റെ കൊടുമുടിയിലെത്തിയത്.

 

English Summary: Woman Living On Top Of Volcano, Says "I Like To Test My Mental Strength"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com