വരും ദിവസങ്ങളിൽ കത്തിരി കത്തിജ്വലിക്കും; പെയ്യാതെ മഴ, വിയർത്തൊലിച്ച് ചെന്നൈ നഗരം

Mercury shoots up, Kerala sweats even before summer hits
Image Credit: Pratyush Jena/ Istock
SHARE

ചെന്നൈയിൽ കത്തിരി വെയിലിനോടടുപ്പിച്ചുള്ള ദിവസങ്ങളിൽ പെയ്ത മഴ മാറിയതും ന്യൂനമർദത്തെ തുടർന്ന് ഹ്യുമിഡിറ്റി വർധിക്കുകയും ചെയ്തതോടെ നഗരം വിയർത്തൊലിക്കുന്നു. താപനില കാര്യമായി വർധിച്ചിട്ടില്ലെങ്കിലും ഹ്യുമിഡിറ്റി വല്ലാതെ കൂടിയതാണ് നഗരവാസികളെ വലയ്ക്കുന്നത്. കത്തിരി മാസത്തിൽ പതിവുള്ള കത്തുന്ന വെയിൽ പകൽ സമയങ്ങളിൽ ഇല്ലെങ്കിലും വീട്ടിനകത്തിരിക്കുമ്പോഴും വിയർക്കുന്ന അവസ്ഥയാണുള്ളത്. അതേസമയം, അടുത്ത ദിവസങ്ങളിൽ കത്തിരി വെയിൽ ശരിക്കും അനുഭവപ്പെട്ടു തുടങ്ങുമെന്നും താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. 

കത്താതെ കത്തിരി...എന്നിട്ടും ചൂട്

വേനൽക്കാലത്ത് നഗരത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സമയമാണ് അഗ്‌നി നക്ഷത്രം എന്ന പേരിൽ കൂടി അറിയപ്പെടുന്ന കത്തിരി വെയിൽകാലം. കഴിഞ്ഞ 5ന് കത്തിരി ആരംഭിച്ചപ്പോൾ കനത്ത ചൂട് ഉണ്ടാകുമെന്നായിരുന്നു കരുതിയത്. എന്നാൽ അതിനടുപ്പിച്ചുള്ള ദിവസങ്ങളിൽ മഴ ലഭിച്ചതോടെ ആദ്യ ദിനങ്ങളിൽ ചൂട് അനുഭവപ്പെട്ടില്ല. എന്നാൽ ന്യൂനമർദത്തെ തുടർന്ന് ഹ്യുമിഡിറ്റി കൂടിയതോടെ വീടിനകത്തുപോലും വല്ലാതെ വിയർക്കുന്ന സാഹചര്യമാണുള്ളത്. താപനില 34–35 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

അതേസമയം, വരും ദിവസങ്ങളിൽ കത്തിരി കത്തിജ്വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നും നാളെയും 37–38 ഡിഗ്രി താപനിലയാണ് പ്രതീക്ഷിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ 41–42 ഡിഗ്രി വരെ ഉയർന്നേക്കും. വെയിലിന്റെ കാഠിന്യം വർധിക്കുകയും പകൽ സമയങ്ങളിൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.

വേനൽക്കാലം ആരംഭിച്ചപ്പോൾ തന്നെ നഗരവാസികൾ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു. നന്നായി വെള്ളം കുടിക്കുക, തൈര്, മോര് എന്നിവ ധാരാളം കഴിക്കുക, വെയിൽ കൊള്ളാതിരിക്കുക തുടങ്ങിയ വിവിധ നിർദേശങ്ങൾ വേനൽ അവസാനിക്കുന്നത് വരെ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ആവർത്തിക്കുന്നു. ഈ മാസം 29 വരെയാണ് കത്തിരിവെയിൽ. തുടർന്നുള്ള ദിവസങ്ങളിൽ താപനിലയും അതിനനുസരിച്ച് ചൂടും കുറഞ്ഞു തുടങ്ങും.

ഭൂഗർഭ ജലനിരപ്പ് ആശ്വാസ നിലയിൽ

നഗരം കടുത്ത വേനലിലേക്കു കടക്കുന്നതിടെ ആശ്വാസമായി ഭൂഗർഭ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് ഇപ്പോഴുള്ളത്. തേനാംപെട്ട്, അഡയാർ, ഷോളിംഗനല്ലൂർ എന്നിവിടങ്ങളിലൊഴികെ മറ്റെല്ലായിടത്തും ഭൂഗർഭ ജലനിരപ്പ് വർധിച്ചിട്ടുണ്ട്. നഗര ഹൃദയ ഭാഗങ്ങളിലും പുറത്തും ജനവാസ കേന്ദ്രങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ ഭൂഗർഭ ജലം കുറഞ്ഞിട്ടില്ലെന്നതും വലിയ ആശ്വാസം നൽകുന്നു.

അതേസമയം, മെട്രോ വാട്ടർ വഴിയുള്ള ജലവിതരണം വർധിച്ചതാണ് ഭൂഗർഭ ജലം താഴാതിരിക്കുന്നതിന് പ്രധാന കാരണമായി വിലയിരുത്തുന്നത്. നഗരത്തിലെ മിക്ക മേഖലകളിലും പൈപ്പ് വഴിയുള്ള ജലവിതരണം ലഭ്യമായിട്ടുണ്ട്. നഗരത്തിന് പ്രതിദിനം ആവശ്യമുള്ള ആയിരത്തിലേറെ ദശലക്ഷം ലീറ്റർ വെള്ളം നിലവിൽ മെട്രോ വാട്ടറിന് വിതരണം ചെയ്യാനാകുന്നുണ്ട്. വീടുകളിൽ മെട്രോ വാട്ടർ, ഭൂഗർഭ ജല കണക്‌ഷനുകൾ ഉള്ളവരിൽ മിക്കവരും മെട്രോ വാട്ടർ കണക്‌ഷനാണ് ഉപയോഗിക്കുന്നത്.

എന്തുകൊണ്ട് ഈ വിയർപ്പ്...?

അന്തരീക്ഷത്തിൽ ജലബാഷ്പത്തിന്റെ അളവിനെ (humidity) അനുസരിച്ചിരിക്കും വിയർക്കലും തണുക്കലും ഒക്കെ. അന്തരീക്ഷത്തിൽ ഇഷ്ടംപോലെ ജലബാഷ്പം ഉണ്ടെങ്കിൽ, ശരീരത്തിൽ നിന്നു വിയർപ്പ് ബാഷ്പമായി പോകുന്നതിന്റെ അളവ് കുറയും. ശരീരത്തിലെ ചൂട് കുറയുന്നതിന്റെ വേഗവും കുറയും. അതായത്, പുറത്ത് താപനില കുറവാണെങ്കിൽ പോലും ഹ്യുമിഡിറ്റി കൂടിയിരുന്നാൽ നമുക്ക് നന്നായി ചൂട് അനുഭവപ്പെടും.  ഹ്യുമിഡിറ്റി 70% ആണെങ്കിൽ അനുഭവപ്പെടുന്ന ഊഷ്മാവ് യഥാർഥ താപനിലയെക്കാൾ 4–5 ഡിഗ്രി സെൽഷ്യസ് വരെ കൂടി നിൽക്കുമെന്നാണ് ഏകദേശകണക്ക്.

English Summary: Kathiri Veyil begins in Tamil Nadu, get ready for hotter days

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS