ADVERTISEMENT

ഭൂമിയിലെ ആകെ വിസ്തൃതിയുടെ എഴുപത് ശതമാനത്തോളം സമുദ്രജലമാണ്. അതായത് കരഭാഗത്തുള്ള ഭൗമമേഖലയുടെ ഇരട്ടിയിലധികമാണ് കടലിനടയിലുള്ള സമുദ്രമേഖലയും. ഈ സമുദ്രത്തിന്റെ അടിത്തട്ടിന്റെ നാലിലൊന്ന് ഭാഗത്തിലും താഴെയുള്ള പ്രദേശത്തെ മാത്രമെ ഇതുവരെ പഠനവിധേയമാക്കാനും മാപ്പ് ചെയ്യാനും ശാസ്ത്രലോകത്തിന് സാധിച്ചിട്ടുള്ളു. അതായത് ഇനിയും എഴുപത്തിയഞ്ച് ശതമാനത്തിലോറെ വരുന്ന സമുദ്രത്തിന്റെ അടിത്തട്ടിന്റെ ഘടനയെക്കുറിച്ചോ രൂപത്തെക്കുറിച്ചോ വ്യക്തമായ ധാരണ നമുക്കിതുവരെ ഇല്ല എന്നർഥം. 

മറഞ്ഞ് കിടക്കുന്ന അഗ്നിപർവ്വത ശൃംഖലകൾ 

ഈ അറിവില്ലായ്മ ഭാവിയിൽ കാത്തിരിക്കുന്ന അദ്ഭുതങ്ങളിലേക്കോ അല്ലെങ്കിൽ അപകടങ്ങളിലേക്കോ നമ്മളെ നയിച്ചേക്കാം. അത്തരത്തിൽ ഭാവിയിൽ അപകടകരമായേക്കാവുന്ന ഒരു പ്രതിഭാസമാണ് ഈ മറഞ്ഞിരിക്കുന്ന മേഖലകളിൽ നിന്ന് ഗവേഷകർ ഒടുവിലായി കണ്ടെത്തിയത്. ഇതുവരെ കണ്ടെത്താത്ത ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള അഗ്നിപർവത ശൃംഖല. പുരാതന കാലത്ത് അഗ്നിപർവത ലാവകളിലൂടെ രൂപപ്പെട്ടതാണ് ആയിരക്കണക്കിന് മീറ്ററുകൾ ഉയരമുള്ള ഈ പർവതങ്ങൾ. ഇപ്പോൾ സജീവമല്ല എങ്കിൽ കൂടി കടലിനടയിലൂടെ സഞ്ചരിക്കുന്ന മുങ്ങിക്കപ്പലുകൾക്കും റിമോട്ട് നിയന്ത്രിത ഗവേഷക വാഹനങ്ങൾക്കുമെല്ലാം ഭീഷണിയാകാൻ ഇവയ്ക്ക് കഴിയും.

കലിഫോർണിയയിലെ സമുദ്രഗവേഷണ സ്ഥാപനത്തിലെ ഗവേഷകരാണ് സോണാർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ അഗ്നിപർവത ശൃംഖല കണ്ടെത്തിയത്. ഇവയിൽ ചെറിയ അഗ്നിപർവതങ്ങൾക്ക് 400 മീറ്റർ മുതൽ 700 മീറ്റർ വരെ ഉയരം വരും, അതസമയം തന്നെ 2500 മീറ്റർ വരെ ഉയരമുള്ള പർവത ശിഖരങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഒരു കൃത്യമായ സമുദ്രത്തിന്റെ അതിർത്തിയിലെന്ന് തിട്ടപ്പെടുത്താനാകാത്ത വിധം വ്യാപ്തിയിൽ വിവിധ ലോക സമുദ്രങ്ങളിലായാണ് ഇവ വ്യാപിച്ച് കിടക്കുന്നതെന്നും ഗവേഷകർ പറയുന്നു.

കിലോമീറ്ററുകൾ ഉയരത്തിൽ അഗ്നിപർവതങ്ങൾ

ഇതാദ്യമായല്ല ഇത്തരത്തിലുള്ള മറഞ്ഞ് കിടക്കുന്ന അഗ്നിപർവ്വത ശൃംഖല ഗവേഷകർ കണ്ടെത്തുന്നത്. 2011 ൽ 26800 ൽ ഏറെ വരുന്ന അഗ്നിപർവതങ്ങൾ അടങ്ങുന്ന ശൃംഖല ഗവേഷകർ കണ്ടെത്തിയിരുന്നു. അഗ്നിപർവ്വത സ്ഫോടനം നിമിത്തമുണ്ടാകുന്ന പർവതങ്ങളിൽ സമുദ്രത്തിനടിയിൽ 3 മുതൽ 10 കിലോമീറ്റർ വരെ ഉയരമുള്ള പർവതങ്ങളുണ്ടെന്നും ഗവേഷകർ പറയുന്നു. ഇവയിൽ പലതിന്റയും ഉയരത്തിൽ കുറേ ഭാഗം കടലിന്റെ അടിത്തട്ടിൽ മറഞ്ഞുകിടക്കുന്നത് കൊണ്ടാണ് ഉയരം വ്യക്തമായി മനസ്സിലാക്കാൻ കഴിയാത്തത്. 

അതേസമയം ഇത്തരത്തിൽ ഉയരം കൂടിയ പർവതങ്ങൾ കണ്ടെത്താൻ എളുപ്പമാണ്. ഒരു കപ്പൽ ഈ മേഖലയിലൂടെ കടന്ന് പോയാൽ തന്നെ സോണാർ വഴി ഇത്തരം ഉയരമേറിയ പർവതങ്ങൾ കണ്ടെത്താനാകും. എന്നാൽ ഇപ്പോൾ കണ്ടെത്തിയത് പോലുള്ള ചെറിയ പർവതങ്ങൾ അടങ്ങുന്ന ശൃംഖലകൾ കണ്ടെത്തുക അത്ര എളുപ്പമല്ല. കപ്പലുകൾ സഞ്ചരിക്കുന്നതിലും ഏറെ ആഴത്തിലാണ് ഇത്തരം പർവതശൃംഖലകൾ സ്ഥിതി ചെയ്യുക. അതിനാൽ തന്നെയാണ് സമുദ്രാന്തർ സോണാർ മാപ്പിങ് പോലുള്ള സാങ്കേതിക വിദ്യകളിലൂടെ വൈകി മാത്രം ഇവ കണ്ടെത്താൻ സാധിക്കുന്നത്.

ഏതായാലും സമുദ്രാന്തർ ഭാഗത്തെ ഇത് വരെ വിശദമായ പഠനം നടത്താത്ത മേഖലകളിലേക്കുള്ള ഗവേഷണം ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് പുതിയ കണ്ടെത്തലും തെളിക്കുന്നു. കഴിഞ്ഞ ഒരു ദശകത്തിലേറെ കാലയളവിനിടയിൽ ഇത്തരം മാപ്പിങ്ങിൽ കണ്ടെത്തിയത് 45000 ത്തോളം വരുന്ന അഗ്നിപർവതങ്ങളെയാണ്. കൂടാതെ മറ്റ് സമുദ്രാന്തർ ഭൂവിഭാഗങ്ങളും. സാങ്കേതിക വിദ്യ കൂടുതൽ മെച്ചപ്പെടുത്തോടെ പഠനം കൂടുതൽ വ്യാപിക്കാനാകും. ഇതോട പുതിയ കാഴ്ചകളിലേക്ക് നമുക്ക് കടന്നുചെല്ലാനാകുമെന്നും ഗവേഷകർ പറയുന്നു. 

English Summary: Almost 20,000 Ancient Volcanoes Discovered at The Bottom of The Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com