കണക്ക് കൂട്ടലുകള്‍ അട്ടിമറിച്ച് ആർട്ടിക്കിലെ മഞ്ഞുരുകൽ; വേഗം പ്രതീക്ഷിച്ചതിലും കൂടുതൽ, മുന്നറിയിപ്പ്

New Ice Discovery Means Glaciers Could Melt Way Faster Than Predicted
Image Credit: Twitter/ USGS/Unsplash
SHARE

വടക്കൻ ധ്രുവമേഖലയിൽ ആർട്ടിക് കഴിഞ്ഞാൽ ഏറ്റവുമധികം മഞ്ഞുപാളികൾ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ഐസ്‌ലൻഡും ഗ്രീൻലൻഡും. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിലും മഞ്ഞുരുകലും, മഞ്ഞുപാളികളുടെ തകർച്ചയും പ്രതീക്ഷിച്ചതിലും കൂടുതലാണ്. ഉദാഹരണത്തിന് ഗവേഷകർ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത് ഗ്രീൻലൻഡിലെ ഏറ്റവും വലിയ മഞ്ഞുപാളികളിൽ ഒന്നായ പീറ്റർമാൻ ഗ്ലേസിയറിലേക്കാണ്. ഈ മഞ്ഞുപാളിയും കടലും തമ്മിൽ ചേരുന്നിടത്തെ മഞ്ഞുപാളിയുടെ ദുർബലമായ അവസ്ഥയാണ് ആർട്ടിക്കിലെ തന്നെ താപനിലാ വർധനവിന്റെയും മഞ്ഞുരുകലിന്റെയും തെളിവെന്ന് ഇവർ പറയുന്നു. 

ഗ്രൗണ്ടിങ് ലൈൻ എന്ന അതിർത്തിരേഖയുടെ പിൻവാങ്ങൽ 

ഗ്രൗണ്ടിങ് ലൈൻ എന്നാണ് ഒരു മഞ്ഞുപാളിയും കടലും തമ്മിൽ ചേരുന്ന അതിർത്തി മേഖലയെ വിളിക്കുന്നത്. സാധാരണഗതിയിൽ ഗ്രൗണ്ടിങ് ലൈനിൽ കാണപ്പെടുന്നത് നൂറ് കണക്കിന് മീറ്ററുകൾ തന്നെ കട്ടിയുള്ള മഞ്ഞുപാളികളുടെ അതിർത്തി ഭാഗമാണ്. എന്നാൽ ആഗോളതാപനം ശക്തമായതോടെ പലയിടങ്ങളിലും സുതാര്യമായി ഇപ്പോൾ ഇടിഞ്ഞു വീഴും എന്ന അവസ്ഥയിലാണ് പല മഞ്ഞുപാളികളുടെയും ഗ്രൗണ്ടിങ് ലൈൻ എന്ന് ഗവേഷകർ പറയുന്നു. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെയോ അതിനും ശേഷമോ മാത്രം സംഭവിച്ചേക്കാം എന്ന് കരുതിയ മാറ്റങ്ങളാണ് ഐസ്‌ലൻഡ് ഗ്രീൻലൻഡ് മേഖലകളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 

മുൻപുള്ള എല്ലാ കണക്ക് കൂട്ടലുകളെയും അട്ടിമറിക്കുന്ന ഇപ്പോഴത്തെ മഞ്ഞുരുകൽ മറ്റ് ബന്ധപ്പെട്ട് കിടക്കുന്ന പ്രതിഭാസങ്ങളിലും സമാനമായ അളവിലുള്ള മാറ്റത്തിന് കാരണമാകുമെന്നാണ് ഗവേഷകർ ഭയപ്പെടുന്നത്. ഉദാഹരണത്തിന് ആഗോളതാപനവും മഞ്ഞുരുകലും മൂലമുള്ള സമുദ്രനിരപ്പിലെ വർധനവിൽ ഇരുന്നൂറ് മടങ്ങ് വരെ വർധനവുണ്ടാകുമെന്നാണ് ഇപ്പോൾ ഇവർ കണക്ക് കൂട്ടുന്നത്. 

സമീപകാലത്ത് പീറ്റർമാൻ ഉൾപ്പടെയുള്ള എല്ലാ മഞ്ഞുപാളികളിലും ഉണ്ടായ മാറ്റങ്ങളാണ് മുകളിൽ പറഞ്ഞ നിഗമനങ്ങളിലേക്കെത്താൻ ഗവേഷകരെ സഹായിച്ചത്. സാധാരണഗതിയിൽ ഗ്രീൻലൻഡും ഐസ്‌ലൻഡും ഉൾപ്പെടയുള്ള ആർട്ടിക് മേഖലയിലെ മഞ്ഞുപാളികളുടെ ഗ്രൗണ്ടിങ് ലൈനിൽ വ്യത്യസ്ത ഋതുക്കളിൽ പോലും വലിയ മാറ്റങ്ങൾ ഉണ്ടാകാറില്ല. എന്നാൽ സമീപകാലത്തായി വേനൽക്കാലമാകുമ്പേഴേക്കും ഈ ഗ്രൗണ്ടിങ് ലൈൻ പിന്നോട്ട് കയറുന്നതായും സമുദ്രഭാഗത്തുള്ള മഞ്ഞുപാളികളിൽ വലിയ തോതിൽ വിള്ളലുണ്ടായി വിഘടിച്ച് പോകുന്നതായും ഗവേഷകർ കണ്ടെത്തിയിരുന്നു.

മുങ്ങുന്ന ഗ്രീൻലൻഡ് 

ഗ്രീൻലൻഡിലെ മഞ്ഞുപാളിയായ പീറ്റർ മാനിന്റെ സാറ്റ്‌ലെറ്റ് രേഖകൾ മാത്രം ഉപയോഗിച്ച് ഈ മേഖലയിൽ സംഭവിക്കുന്ന മാറ്റങ്ങൾ വ്യക്തമായി മനസ്സിലാക്കാനാകും. പീറ്റർമാൻ മഞ്ഞുപാളിയുടെ ഗ്രൗണ്ടിങ് സ്ഥിരമായ ഗ്രൗണ്ടിങ് ലൈനും കടന്ന് കടൽ ജലം ഉള്ളിലേക്ക് കയറിയ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഗ്രൗണ്ടിങ് ലൈൻ മേഖലയിലും അതിനപ്പുറവും ഉണ്ടായിരുന്ന മഞ്ഞുപാളി ഭാഗങ്ങൾ ഇപ്പോൾ കടലിൽ ഒഴുകി ഉരുകി തീർന്നുകൊണ്ടിരിക്കുകയാണ്. കടൽ ജലം ഉള്ളിലേക്ക് കയറുന്നതാകട്ടെ പീറ്റർമാൻ മഞ്ഞുപാളിയുടെ മഞ്ഞുരുകൽ ശക്തമാകാനും കാരണമായിട്ടുണ്ട്.

പീറ്റർ മാൻ മഞ്ഞുപാളിയുടെ മുകൾപ്പരപ്പിൽ താരതമ്യേന പുതിയതായി രൂപപ്പെട്ട മഞ്ഞിന്റെ തട്ട് ഏതാണ്ട് പൂർണമായി ഉരുകി കടലിലേക്ക് ഒഴുകുകയാണ്. ചുരുങ്ങിയത് എഴുപത് കിലോമീറ്ററെങ്കിലും നീളമുള്ള മഞ്ഞുപാളിയിലാണ് ഇത്ര വലിയ മാറ്റങ്ങൾ കടൽജലത്തിന്റെ കയറ്റത്തിലൂടെ സംഭവിക്കുന്നത് എന്നത് മേഖലയിലുണ്ടാകുന്ന മാറ്റങ്ങളുടെ തീവ്രത ഒന്ന് കൂടി വ്യക്തമാക്കുന്നു. പീറ്റർമാൻ മഞ്ഞുപാളി പൂർണമായും ഉരുകി ഒലിച്ചാൽ ഇതിലൂടെ മാത്രം കടൽജലനിരപ്പ് ഏതാണ്ട് 38 സെന്റിമീറ്റർ ഉയരുമെന്നാണ് ഗവേഷകർ പറയുന്നത്.

കിലോമീറ്ററുകൾ ദൂരത്തിൽ നഷ്ടമാകുന്ന മഞ്ഞുപാളികൾ  

അതേസമയം സമാനമായ അവസ്ഥ നേരിടുന്നത് പീറ്റർമാൻ മഞ്ഞുപാളി മാത്രമല്ല മറിച്ച് മേഖലയിലെ മഞ്ഞുപാളികൾ ഒന്നടങ്കമാണ്. പീറ്റർമാൻ മഞ്ഞുപാളിയോട് ചേർന്ന് തന്നെ ഗ്രീൻലൻഡ് മേഖലയിലെ രണ്ട് മഞ്ഞുപാളികളുണ്ട്. ഇവയുടെ പീറ്റർമാന്റെ സമാനമായ വേഗത്തിൽ ഉരുകുകയാണ്. ഈ മൂന്ന് മഞ്ഞ് പാളികൾ പൂർണമായി ഉരുകി ഒലിക്കുന്നത് മാത്രം മതി ഗ്രീൻലൻഡിനെ തന്നെ കടലിന് അടിയിലെത്തിക്കാനെന്നും ഗവേഷകർ പറയുന്നു. സാറ്റ്‌ലെറ്റ് മാപ്പിങ് മുഖേനയുള്ള ചിത്രങ്ങളിലൂടെ കിലോമീറ്ററുകൾ ദൂരത്തിൽ ഗ്രീൻലൻഡിൽ സംഭവിക്കുന്ന ഈ മഞ്ഞുപാളികളുടെ ശോഷണം വ്യക്തമായി കാണാനാകും. പീറ്റർമാന്റെ മാത്രം ഗ്രൗണ്ടിങ് ലൈനിൽ വേലിയേറ്റത്തിനും വേലിയറക്കത്തിനും അനുസരിച്ച് 2 മുതൽ 6 കിലോമീറ്ററിന്റെ പിന്നോട്ട് പോക്കുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 

കടൽ കയറ്റം മൂലമുണ്ടായിട്ടുള്ള ഈ മാറ്റങ്ങൾ മൂലം ഗ്രീൻലൻഡ് മേഖലയിൽ കടൽ തീരത്തായി ശരാശരി 240 മീറ്റർ എന്ന തോതിൽ നീളത്തിൽ മഞ്ഞുപാളികൾ എല്ലാ ദിശയിലും എന്നന്നേക്കുമായി നഷ്ടമായിട്ടുണ്ടെന്നാണ് ഗവേഷകർ കണക്കാക്കുന്നത്. ഉദാഹരണത്തിന് പീറ്റർമാന്റെ മാത്രം ഗ്രൗണ്ടിങ് ലൈൻ 2016 മുതൽ പിന്നോട്ട് പോകാൻ തുടങ്ങിയത്. ആറ് വർഷത്തിനിടെ ഗ്രൗണ്ടിങ് ലൈനിൽ ചുരുങ്ങിയത് നാല് കിലോമീറ്ററിന്റെ എങ്കിലും വ്യത്യാസം വന്നെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഈ മാറ്റങ്ങൾ ദൂരവ്യാപകമായി തന്നെ ഒട്ടേറെ വിനാശകരമായ സ്ഥിതി വിശേഷങ്ങളിലേക്ക് നയിക്കുമെന്ന് നിസ്സംശയം പറയാൻ കഴിയും. ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരിൽ വലിയ വിഭാഗവും കഴിയുന്നത് കടൽ ജലനിരപ്പിൽ നിന്ന് അധികം ഉയരത്തിൽ അല്ലാതെയാണ്. അത് കൊണ്ട് തന്നെ ഗ്രീൻലൻഡിലെ മഞ്ഞുപാളിയുടെ ഈ മാറ്റങ്ങളും അതു കൊണ്ടുണ്ടാകുന്ന കടൽ ജലനിരപ്പിലെ വർധനവും ലോകത്തിലെ പത്തിൽ ഒരാളെ വീതം അപകടത്തിലാക്കാൻ കെൽപ്പുള്ളതാണ്. 

English Summary: New Ice Discovery Means Glaciers Could Melt Way Faster Than Predicted

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS