ADVERTISEMENT

ഭൂമിയുടെ പ്രകൃതി സമ്പത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെയും മനുഷ്യ ചൂഷണങ്ങളുടെയും മാരകമായ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങുകയാണ്. ജലക്ഷാമം ലോകത്തിന്റെ പല മേഖലകളിലും പിടിമുറുക്കി കഴിഞ്ഞു. ഇപ്പോഴിതാ ഭൂമിയുടെ അവസ്ഥ എത്രത്തോളം ഭയാനകമാണെന്ന് വരച്ചുകാട്ടുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഗവേഷകർ. 1990 മുതൽ ഇങ്ങോട്ട് ലോകത്തിലെ വലിയ തടാകങ്ങളിലും റിസർവോയറുകളിലും പകുതിയിലേറെയും വെള്ളം വറ്റി ചുരുങ്ങിപ്പോയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനുള്ള കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

 

രാജ്യാന്തര തലത്തിലുള്ള ഗവേഷകർ യൂറോപ്പ്, ഏഷ്യ, തെക്കൻ അമേരിക്ക എന്നിവിടങ്ങളിലെയെല്ലാം ശുദ്ധജല തടാകങ്ങളുടെ നിലവിലെ അവസ്ഥ കണക്കിലെടുത്താണ് പഠനം നടത്തിയത്. ഈ തടാകങ്ങളിലെ ഒന്നായുള്ള കണക്കെടുത്താൻ പ്രതിവർഷം ഇരുപത്തിരണ്ട് ജിഗാ ടൺ എന്ന അളവിൽ മൂന്ന് പതിറ്റാണ്ടുകളായി ജലം നഷ്ടപ്പെട്ടു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രകൃതിദത്ത തടാകങ്ങൾ വറ്റി വരളുന്നതിന് ഏറ്റവും പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനം തന്നെയാണെന്ന് വിർജീനിയ സർവ്വകലാശാലയിലെ സർഫസ് ഹൈഡ്രോളജിസ്റ്റായ ഫാങ്ഫാങ് യാവോ പറയുന്നു. മനുഷ്യന്റെ ജല ഉപഭോഗത്തിൽ വന്ന വ്യത്യാസമാണ് രണ്ടാമത്തെ പ്രധാന കാരണം.

 

സാധാരണഗതിയിൽ വരണ്ട പ്രദേശങ്ങളിലെ ജലാശയങ്ങളാണ് കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വേഗതയിൽ വരളുന്നത് എന്നാണ് ഗവേഷകരുടെ പൊതുനിഗമനം.  എന്നാൽ ജലാംശമുള്ള മേഖലകളിൽ പോലും വലിയ അളവിൽ ജലം നഷ്ടപ്പെടുന്നുണ്ടെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. സാറ്റലൈറ്റിന്റെ സഹായത്തോടെ രണ്ടായിരത്തിനടുത്ത് തടാകങ്ങളിലെ ജലത്തിന്റെ അളവെടുത്താണ് പഠനം നടത്തിയത്. 

സുസ്ഥിരമല്ലാത്ത രീതിയിൽ മനുഷ്യർ ജലം ഉപയോഗിക്കുന്നതും മഴയുടെ ലഭ്യതയിലുണ്ടായ ഏറ്റക്കുറച്ചിലുകളുമെല്ലാം മൂലം 1992 മുതൽ 2020 വരെ ലോകത്താകമാനമുള്ള തടാകങ്ങളിൽ 53 ശതമാനത്തിലും വലിയ അളവിൽ ജലനിരപ്പിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. ജലാശയങ്ങളുടെ സമീപപ്രദേശങ്ങളിൽ ജീവിക്കുന്ന രണ്ട് ബില്യൺ ജനങ്ങളാണ് ഇതിന്റെ പ്രത്യാഘാതം ഏറ്റവു കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്. സമീപകാലങ്ങളിലായി ജലക്ഷാമം കൂടുതൽ മേഖലകളിൽ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പഠനത്തിൽ ഗവേഷകർ എടുത്തു പറയുന്നു.

ആഗോളതാപനം പിടിച്ചുനിർത്തുക എന്നത് തന്നെയാണ് ഇതിനുള്ള പ്രധാന പോംവഴി. നിലവിൽ 1.1 ഡിഗ്രി സെല്‍ഷ്യസാണ് ആഗോളതാപനത്തിന്റെ നിരക്ക്. ഇത് 1.5 ഡിഗ്രിയിൽ അധികമാകാതെ തടയിടാൻ കഴിഞ്ഞാൽ മാത്രമേ ഭൂമിയിലെ ജലസ്രോതസ്സുകൾക്ക് പിടിച്ചുനിൽക്കാൻ സാധിക്കൂ. സയൻസ് എന്ന ജേർണലിലാണ് പഠനം സംബന്ധിച്ച വിവരങ്ങൾ ഗവേഷകർ പങ്കുവച്ചിരിക്കുന്നത്.

English Summary: More Than Half Of World's Large Lakes Are Drying Up: Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT