ഇറ്റലിയിലെ സിസിലി ദ്വീപിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മൗണ്ട് എറ്റ്‌ന അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഇറ്റലിയിലെ കറ്റാനിയ വിമാനത്താവളത്തിലെ റൺവേ ചാരത്തിൽ മൂടി. ഇതുമൂലം ഒരു ദിവസത്തെ വിമാനങ്ങളെല്ലാം അധികൃതർ റദ്ദു ചെയ്തു. വിമാനത്താവളത്തിൽ മാത്രമല്ല, കറ്റാനിയ നഗരത്തിലെ മറ്റുപലയിടങ്ങളിലും ചാരം വീണെന്ന് ഇറ്റലിയുടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്‌സ് ആൻഡ് വോൾക്കനോളജി അറിയിച്ചു.
വീടുകളുടെയും കാറുകളുടെയും പുറത്ത് ചാരം മൂടിയ നിലയിലുള്ള ചിത്രങ്ങളും ഇതിനിടെ പ്രചരിച്ചു. അഗ്നിപർവതമേഖലയ്ക്ക് സമീപമുള്ള പട്ടണങ്ങളായ ആഡ്രാനോ, ബയാൻകവില്ല എന്നിവിടങ്ങളിലെ ജനങ്ങൾ ഉയർന്ന തീവ്രതയുള്ള ശബ്ദം കേട്ടതായും അറിയിച്ചു. യൂറോപ്പിലെ ഏറ്റവും പൊക്കമുള്ളതും സജീവമായതുമായ അഗ്നിപർവതമാണ് എറ്റ്‌ന. ഇടയ്ക്കിടെയുണ്ടാകുന്ന വിസ്‌ഫോടനങ്ങളെ സൂചിപ്പിക്കുന്നതു പോലെ 'ഞാൻ കത്തുന്നു' എന്നാണ് എറ്റ്‌ന എന്ന പേരിന്റെ അർഥം. സമുദ്രനിരപ്പിൽ നിന്ന് 10,900 അടിയാണ് എറ്റ്‌നയുടെ ഏറ്റവും ഉയർന്ന പൊക്കം. വിസ്‌ഫോടനങ്ങളും തുടർന്നുള്ള ലാവാപ്രവാഹവും അനുസരിച്ച് ഈ പൊക്കം മാറി മറിയാറുണ്ട്. ഏകദേശം 1600 ചതുരശ്ര കിലോമീറ്ററോളം വിസ്തീർണത്തിലാണ് പർവതം തറനിരപ്പിൽ സ്ഥിതി ചെയ്യുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യം മുതൽ എറ്റ്‌ന പർവതത്തെ സമഗ്രമായി ഗവേഷകർ പഠിക്കുന്നുണ്ട്. കറ്റാനിയ, കാസ എറ്റ്‌നിയ, കന്‌റോനീറ എന്നീ മേഖലകളിലായി 3 നിരീക്ഷണകേന്ദ്രങ്ങൾ അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ 26 ലക്ഷം വർഷങ്ങളായി കൃത്യമായ ഇടവേളകളിൽ എറ്റ്‌ന വിസ്‌ഫോടനങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പല ഗ്രീക്ക് ഐതിഹ്യങ്ങളിലും എറ്റ്‌നയെക്കുറിച്ചുള്ള കഥകളുണ്ട്. ഗ്രീക്ക് കവിയായ ഹെസിയോദ് ഇവയെപ്പറ്റി പറഞ്ഞിട്ടുണ്ട്.
ഗ്രീക്ക് ചരിത്രകാരൻമാരായ പിൻഡാർ തുടങ്ങിയവർ 475 ബിസിയിൽ എറ്റ്‌നയിൽ സംഭവിച്ച വലിയ തോതിലുള്ള ഒരു വിസ്‌ഫോടനത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. 396 ബിസി കാലയളവിൽ ആഫ്രിക്കയിലെ കാർത്തേജിൽ നിന്നുള്ള വമ്പൻ സൈന്യത്തെ കറ്റാനിയയിൽ എത്തുന്നതിൽ നിന്നു തടഞ്ഞത് എറ്റ്‌നയിൽ നിന്നുള്ള വിസ്‌ഫോടനങ്ങളാണ്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഭീകരമായ വിസ്‌ഫോടനം എറ്റ്‌നയിൽ നടന്നത് 1669ലാണ്. നിരവധി ഗ്രാമങ്ങൾ അന്ന് ലാവയുടെ കോപത്തിനിരയായി നശിച്ചു.
English Summary: Italy’s Mount Etna volcano erupts; spews ash, smoke