ADVERTISEMENT

സംഖ്യകളുടെ പേരുകൾ പറയുമ്പോൾ അപൂർവമായി മാത്രം പറഞ്ഞ് കേൾക്കുന്ന ഒന്നാണ് ക്വാഡ്രില്യൺ എന്നത്. ആയിരം ട്രില്യണ്‍ ആണ് ഒരു ക്വാഡ്രില്യൺ. ഒരു ട്രില്യൺ എന്നാൽ നൂറ് കോടി എന്ന് അർഥം. ഇത്തരത്തിലുള്ളർ ഒന്നര ക്വാഡ്രില്യൺ ഡോളർ വിലമതിപ്പുള്ള സ്വർണമാണ് കടൽജലത്തിലുള്ളത്. അതായത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണനിക്ഷേപം എവിടെയും മറഞ്ഞ് കിടക്കുകയല്ല മറിച്ച് കൺമുന്നിൽ തിരയടിച്ച് നിൽക്കുകയാണെന്നതാണ് സത്യം. എന്നാൽ നാളെ തന്നെ തൊട്ടടുത്ത ബീച്ചിലേക്കു പോയി കുറച്ച് കടൽജലം എടുത്ത് സ്വർണമാക്കാമെന്ന് കരുതേണ്ട. കാരണം ഒരിക്കലും വേർതിരിച്ചെടുക്കാൻ കഴിയില്ലെന്ന് ഗവേഷകർ വിശ്വസിക്കുന്ന അപൂർവം വസ്തുക്കളിൽ ഒന്നാണ് കടൽജലത്തിലെ സ്വർണം.

 

ഒരു ഗ്രാം സ്വർണത്തിന്റെ മൂല്യം

ഇതിന് വ്യക്തമായ കാരണവും ഗവേഷകർക്ക് പറയാനുണ്ട്. ഒരു ഗ്രാം സ്വർണം നിങ്ങൾക്ക് ലഭിക്കണമങ്കിൽ അതിനായി ഏതാണ്ട് 100 മെട്രിക് ടൺ സമുദ്രജലമെങ്കിലും വേണ്ടി വരും.  അറ്റ്ലാന്റിക്കിലെയും പസിഫിക്കിലെയു സ്വർണത്തിന്റെ അളവിന്റെ കണക്കാണിത്. മെഡിറ്ററേനിയനിൽ മറ്റ് സമുദ്രങ്ങളേക്കാൾ അൽപം കൂടി സ്വർണത്തിന്റെ അളവ് കൂടുതൽ കാണുമെന്നും ഗവേഷകർ പറയുന്നു. ഇത് കേൾക്കുമ്പോൾ തന്നെ സമുദ്രത്തിന്റെ സ്വർണം എത്രയധികം ജലത്തിലായാണ് ലയിച്ചു കിടക്കുന്നത് എന്ന് ഊഹിക്കാൻ കഴിയും. എങ്കിലും ആകെ സ്വർണത്തിന്റെ കണക്കെടുത്താൽ ലോകസമുദ്രത്തിൽ അപ്പാടെയുള്ള സ്വർണത്തിന്റെ അളവ് അത്ര ചെറുതല്ല. ഏകദേശ ഇരുപത് മില്യൺ ടൺ സ്വർണമാണ് ലോകസമുദ്രങ്ങളിൽ ആകമാനം ഉണ്ടാകുക.

 

മേൽപ്പറഞ്ഞ ഇരുപത് മില്യൺ ടൺ സ്വർണത്തിന്റെ ഇന്നത്തെ മാർക്കറ്റ് വിലയെ അടിസ്ഥാനമാക്കിയാണ് ആദ്യം പറഞ്ഞ് ഒന്നര ക്വാഡ്രില്യൺ ഡോളറിന്റെ കണക്കിലേക്ക് ഗവേഷകർ എത്തിയത്. ഇത് വരെ പറഞ്ഞ കണക്കുകളിൽ നിന്ന് തന്നെ സ്വർണം കടൽജലത്തിൽ നിന്ന് വേർതിരിക്കുക ഏറെക്കുറെ അസാധ്യമാണെന്ന ആദ്യ പ്രസ്താവനയുടെ കാരണം എല്ലാവർക്കും മനസ്സിലാകും. കാരണം ഇങ്ങനെ സ്വർണം വേർതിരിച്ചെടുക്കുന്നത് ഒട്ടും പ്രായോഗികമല്ലെന്ന് മാത്രമല്ല നിലവിലെ വിപണിവിലയ്ക്കനുസരിച്ച് ലാഭവകരവുമല്ല.

 

ലാഭകരമല്ലാത്ത സാങ്കേതിക വിദ്യ

നിലവിൽ കടൽവെള്ളത്തിൽ നിന്ന് കുടിവെള്ളം ശുദ്ധീകരിക്കുന്നത് തന്നെ വലിയ ചെലവേറിയ പ്രക്രിയയാണ്. ഇതിലും പലമടങ്ങ് ചെലവേറിയ ഒന്നാകും സ്വർണം വേർതിരിക്കലെന്ന് ഗവേഷകർ പറയുന്നു. കൂടാതെ ഇതുവരെ ഇങ്ങനെ കടലിൽ നിന്ന്  സ്വർണം വേർതിരിക്കാൻ കഴിയുന്ന ലാഭകരമായ ഒരു മാർഗം ശാസ്ത്രലോകം കണ്ടെത്തിയിട്ടുമില്ല. 1941 ലാണ് ആദ്യമായി കടൽ ജലത്തിൽ നിന്ന് സ്വർണം വേർതിരിക്കുന്നതിനായുള്ള ഒരു മാർഗം കണ്ടെത്തിയത്. ഇലക്ട്രോകെമിക്കൽ മെതേഡ് എന്നറിയപ്പെടുന്ന ഈ രീതി ഉപയോഗിച്ച് സ്വർണം വേർതിരിച്ചെടുക്കാൻ അന്നത്തെ സ്വർണത്തിന്റെ മാർക്കറ്റ് വിലയുടെ അഞ്ചിരട്ടി ചെലവാണ് വേണ്ടിവന്നത്. അത് കൊണ്ട് തന്നെ ഈ പ്രകിയ ലാഭകരമല്ലെന്ന് കണ്ടെത്തി.

 

ഏറ്റവും ഒടുവിൽ സമാനമായ മേഖലയിൽ പഠനം നടന്നത് 2018 ലാണ്. ജേർണൽ ഓഫ് അമേരിക്കൻ കെമിക്കൽ സൊസൈറ്റി എന്ന മാസികയിൽ വന്ന പഠനത്തിലാണ് ഇത്തരം ഒരു മാർഗത്തെ കുറിച്ച് പ്രതിപാദിച്ചത്. കടൽ ജലത്തിൽ നിന്ന് സ്വർണം വേർതിരിക്കാൻ കഴിയുന്ന സ്പോഞ്ച് പോലുള്ള വസ്തുവിനെ കുറിച്ചാണ് ഈ പഠനത്തിൽ വിശദീകരിച്ചിരുന്നത്. കടൽ ജലത്തിൽ നിന്ന് മാത്രമല്ല ശുദ്ധജലത്തിൽ നിന്നും മലിനജലത്തിൽ നിന്നു വരെ സ്വർണത്തിന്റെ അംശം വേർതിരിക്കാൻ കഴിയുമെന്നാണ് ഈ പഠനത്തിൽ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ രീതിയും സാമ്പത്തികരമായി ലാഭകരമല്ലെന്ന് പഠനത്തിൽ വ്യക്തമായി പറയുന്നുണ്ട്.

 

പാരിസ്ഥിതിക പ്രശ്നങ്ങൾ

ഇനി സാമ്പത്തികമായി ലാഭകരമായ രീതി കണ്ടെത്തിയാൽ തന്നെയും ഇത്തരം ഒരു ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെടും മുൻപ് പല കുറി ചിന്തിക്കേണ്ടതുണ്ട്. സമുദ്രം പോലെ ഇത്ര ജൈവവൈവിധ്യമുള്ളതും, ഭൂമിയുടെ നിലനിൽപിനെ തന്നെ നിയന്ത്രിക്കുന്നതുമായി ഒരു മേഖലയിൽ സാരമായ മാറ്റമുണ്ടാക്കാൻ ഒരു പക്ഷേ സ്വർണം വേർതിരിക്കാനുള്ള ശ്രമം കാരണമായേക്കാം. അതുകൊണ്ട് തന്നെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉൾപ്പെടെ പരിഗണിക്കുമ്പോഴും കടലിലെ സ്വർണം അവിടെ തന്നെ തുടരുന്നതാകും മനുഷ്യരാശിക്കും ഭൂമിയുടെ നിലനിൽപിനും നല്ലത്.

 

English Summary: Over $1.14 Quadrillion Of Gold Is In Earth's Seawater, But It Won't Make You Rich

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com