ADVERTISEMENT

ഇത്തവണത്തെ ലോക പരിസ്ഥിതിദിനത്തിന്റെ പ്രധാന ക്യാംപെയ്ൻ പ്ലാസ്റ്റിക്കിനെതിരെയാണ്. ലോകമെങ്ങും കരയിലും കടലിലും കുന്നുകൂടുകയാണ് പ്ലാസ്റ്റിക്. ലോകത്ത് പരിസ്ഥിതിയെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളെടുത്താൽ അതിൽ പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മാലിന്യങ്ങൾക്ക് ഉയർന്ന സ്ഥാനമുണ്ടാകും. മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ പ്ലാസ്റ്റിക്കിനെ പൂർണമായി ഒഴിവാക്കാൻ സാധിക്കുകയില്ല. എന്നാൽ പ്രകൃതിദത്തമായ നശീകരണത്തിനു പ്ലാസ്റ്റിക് വിധേയമാകാത്തതു വലിയ പ്രതിസന്ധിയാണ് ലോകത്തിനു മുന്നിൽ വയ്ക്കുന്നത്.

പ്ലാസ്റ്റിക് പ്രശ്നത്തെ എന്നെന്നേക്കുമായി പരിഹരിക്കാൻ സഹായിക്കുന്ന ഒരു സാങ്കേതികവിദ്യ ലോകത്തുടലെടുക്കുമോ? ഈ പ്രതീക്ഷ സൂപ്പർ എൻസൈമുകളുടെ ഗവേഷണത്തിലേക്ക് നീളുന്നു.

2016ൽ ജപ്പാനിൽ നടന്ന ഒരു കണ്ടുപിടുത്തത്തിന്റെ തുടർച്ചയാണ് സൂപ്പർ എൻസൈമിന്റെ ഗവേഷണം. ഇഡിയോനെല്ല സകൈനസ് എന്ന ഒരു പ്രത്യേകതരം ബാക്ടീരിയ പ്ലാസ്റ്റിക്കിനെ അതിവേഗത്തിൽ തിന്നു നശിപ്പിക്കുന്നുണ്ടെന്ന് ജപ്പാനിലെ ഏതാനും ഗവേഷകർ കണ്ടെത്തി.സൂക്ഷ്മകോശ ജീവികളെക്കുറിച്ചു പഠനം നടത്തുന്നവർക്കിടയിൽ വലിയ ചലനം സൃഷ്ടിച്ച കണ്ടുപിടുത്തമായിരുന്നു അത്. പക്ഷേ ബാക്ടീരിയ ഒരു മെല്ലെപ്പോക്കുകാരനായിരുന്നു. പ്ലാസ്റ്റിക് നശിപ്പിക്കാൻ ഒരുപാടു സമയമെടുത്തു.

തുടർന്നാണ് ഗവേഷകർ കൂടുതൽ പഠനം നടത്തിയത്.പിന്നീട് പ്ലാസ്റ്റിക്കിനെ നശിപ്പിക്കുന്ന ഒരു സൂപ്പർ എൻസൈമുമായി ഇംഗ്ലണ്ടിലെ പോർട്സ്മൗത്ത് സർവകലാശാലയിലെ ഗവേഷകർ രംഗത്തു വന്നു.പീറ്റേസ് (PETase) എന്ന എൻസൈമിനെ നവീകരിച്ചാണ് ഇവർ സൂപ്പർ എൻസൈം സൃഷ്ടിച്ചത്.പീറ്റേസിലേക്ക് മെറ്റേസ് (MHETase) എന്ന മറ്റൊരു എൻസൈമിനെ യോജിപ്പിച്ചാണു നവീകരണം സാധ്യമാക്കിയത്. ദിവസങ്ങൾക്കുള്ളിൽ വലിയ അളവിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ നശിപ്പിക്കാൻ ഇവയ്ക്കു പറ്റും.സാധാരണ രീതിയിലുള്ള പ്ലാസ്റ്റിക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളാണ് ഇതിൽ നിന്നു ലഭിക്കുന്നത്. അതു മൂലം പ്ലാസ്റ്റിക്കിനെ നശിപ്പിച്ച് വീണ്ടും ഉപയോഗപ്രദമായ രീതിയിൽ സൃഷ്ടിക്കാൻ സാധിക്കും.നിലവിൽ പോളി എത്തിലീൻ ടെറാഫ്താലേറ്റ് (പിഇടി) എന്ന വിഭാഗത്തിലുള്ള പ്ലാസ്റ്റിക്കിനെ മാത്രമേ ഇതുപയോഗിച്ച് നശിപ്പിക്കാൻ പറ്റൂ. ബാഗുകൾ, കവറുകൾ, കുപ്പികൾ മറ്റു പാക്കേജിങ് സാമഗ്രികൾ തുടങ്ങി വിവിധ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് ഈ പ്ലാസ്റ്റിക്.ലോകത്തിലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ആറിലൊന്നും ഈ പ്ലാസ്റ്റിക്കാണ്.

2016ൽ ജപ്പാനിൽ നടന്ന ഗവേഷണത്തിന്റെ ആറുമടങ്ങ് വേഗത്തിൽ സൂപ്പർ എൻസൈമുകൾക്ക് പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാൻ കഴിഞ്ഞിരുന്നു. പിന്നീട് വിവിധ പരിഷ്കാരങ്ങൾ ഈ ഗവേഷണത്തിൽ നടത്തിവരുന്നു. കണ്ടുപിടിത്തം ഒരു തുടക്കമാണെന്നും വിവിധ തരം പ്ലാസ്റ്റിക്കിനെ നശിപ്പിക്കാൻ കഴിവുള്ള സൂക്ഷ്മകോശജീവികളെ കണ്ടെത്താനുള്ള ശാസ്ത്രശാഖയ്ക്ക് ഇതു നാന്ദി കുറിക്കുമെന്നുമാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

∙ ഉത്തരമില്ലാ ചോദ്യം

പ്ലാസ്റ്റിക്കിന്റെ ഏറ്റവും വലിയ ദുരന്തഫലം അനുഭവിക്കുന്നത് സമുദ്രജീവികളാണ്. എൺപതു ദശലക്ഷം ടൺ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ സമുദ്രത്തിൽ പ്രതിവർഷം എത്തുന്നുണ്ടെന്നാണു കണക്ക്.ലോകത്ത് ഓരോ മിനിറ്റിലും 10 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ ആളുകൾ വാങ്ങുന്നുണ്ട്.ചൈനയാണ് ഇത്തരം കുപ്പികളുടെ നിർമാണത്തിനും ഉപഭോഗത്തിലും മുന്നിട്ടു നിൽക്കുന്നത്. ലോകമെമ്പാടും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ പകുതിയും ഒറ്റത്തവണ ഉപയോഗത്തിനുള്ളതാണ്. ഇവ ഉപയോഗശേഷം ആളുകൾ വലിച്ചെറിയും.നശീകരണമില്ലാതെ ഇവ കെട്ടിക്കിടക്കുന്നത് വരും കാലങ്ങളിൽ വൻ പ്രതിസന്ധിക്കാണു വഴിവയ്ക്കാൻ പോകുന്നത്.

നിലവിലെ പ്ലാസ്റ്റിക് പ്രതിസന്ധിയുടെ മൂന്നു മടങ്ങാകും വരുംകാലങ്ങളിൽ പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ തോത്.

Content Highlights: Super enzyme, Plastic pollution, Environment day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com