ADVERTISEMENT

പത്തനംതിട്ട ∙ ബലൂചിസ്ഥാനിലേക്കോ അതോ ഒമാനിലോ ? കേരള തീരത്തു തലകാണിക്കാതെ പിണങ്ങിനിൽക്കുന്ന കാലവർഷത്തിന്റെ പോക്ക് ഇക്കുറി എങ്ങോട്ടെന്ന ചോദ്യവുമായി കാലാവസ്ഥാ നിരീക്ഷകർ. ബിപർജോയി എന്ന പേരിൽ രൂപമെടുക്കുന്ന കാറ്റാണ് കേരളത്തിന്റെ ആഹ്ലാദം കെടുത്തുന്നത്.

ഇതിനു മുമ്പ് 1977ലും 79 ലും  ജൂൺ ആദ്യം വന്ന ചുഴലി  കേരളത്തിൽ കാലവർഷത്തിന്റെ മുനയൊടിച്ചിരുന്നു. 2007ലെ ഗോനു ചുഴലിക്കാറ്റും 2010ലെ ഫെറ്റ് ചുഴലിക്കാറ്റും ജൂൺമാസത്തിലായിരുന്നു. ആ വർഷങ്ങളിൽ  ശരാശരി മഴ ലഭിച്ചെങ്കിലും കാലംതെറ്റിയ മഴ കൃഷിക്ക് സഹായകമായില്ല. ഇത്തവണയും വഴിമാറുന്നതു മഴയുടെ  ആകെ ലഭ്യതയെ ബാധിക്കുമോ ? മഴ ഒക്ടോബറിലേക്കും  നീളുമോ തുടങ്ങിയ ചോദ്യങ്ങളാണ് കാർഷിക മേഖലയിലെയും സാമ്പത്തിക– ആസൂത്രണ രംഗത്തെയും വിദഗ്ധർ ഉന്നയിക്കുന്നത്.

പേരിൽ തന്നെ വിപര്യയം

ചുഴലിക്കാറ്റിനു  ബിപർജോയ്  എന്ന പേരു നിർദേശിച്ചത് ബംഗ്ലദേശാണ്. വിപര്യയം, ദുരന്തം എന്നൊക്കെയാണ് ഈ വാക്കിന്  ബംഗ്ലാഭാഷയിൽ അർഥം.ചുഴലി അറബിക്കടലിലൂടെ വടക്കു–പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് പാക്കിസ്ഥാനിലെ കറാച്ചി– ബലൂചിസ്ഥാൻ തീരത്തോ  ഒമാൻ തീരത്തോ ആയിരിക്കും കരയിലേക്ക് ആഞ്ഞടിക്കുക.  മുംബൈ–ഗുജറാത്ത് തീരത്തേക്ക് തിരിയാനുള്ള വിദൂര സാധ്യതയും കാലാവസ്ഥാ മാതൃകകൾ തള്ളിക്കളയുന്നില്ല

മധ്യ അറബിക്കടലിൽ കേരള തീരത്തു നിന്ന് ഏകദേശം 1200– 1500 കിലോമീറ്റർ പടിഞ്ഞാറായി രൂപപ്പെടുന്ന ചുഴലി ശക്തിപ്പെടുന്നതോടെ  ശ്രീലങ്ക കടന്നെത്തുന്ന കാലവർഷ മേഘങ്ങളെയത്രയും അങ്ങോട്ട് വലിച്ചെടുക്കും.ഇതോടെ കേരളം എന്ന തറവാട് മറന്ന് വഴിതെറ്റി മാറാൻ കാലവർഷം നിർബന്ധിതമാകും.  അറബിക്കടലിൽ ഇപ്പോഴത്തെ 32 ഡിഗ്രി സെൽഷ്യസ് എന്ന  അസാധാരണ താപനിലയാണ് ചുഴലിക്കു കരുത്തേകുന്നത്. മാഡൻ ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തിയും ഇപ്പോൾ അനുകൂലമായ നിലയിലാണ്.

അതേ സമയം കേരളത്തിനു മീതേയുള്ള ചൂട് വായുവിന്റെ സാന്നിധ്യം വളരെയേറെ കുറഞ്ഞതായി ഉപഗ്രഹചിത്രങ്ങളിൽ കാണുന്നു. ഇടിയോടു കൂടിയ വേനൽമഴയ്ക്ക് സംസ്ഥാനത്ത് സാധ്യതയുണ്ട്. എന്നാൽ വൻതോതിൽ മേഘങ്ങളെത്തി കേരളം മുഴുവൻ മഴപെയ്യുന്ന കാലവർഷത്തിന്റെ പഴയരീതി വീണ്ടെടുക്കണമെങ്കിൽ കുറഞ്ഞത് ജൂൺ പകുതിവരെയെങ്കിലും കാത്തിരിക്കണം. ജൂൺ 1 മുതൽ ലഭിക്കുന്ന മഴ കാലവർഷത്തിന്റെ പട്ടികയിലാണ് ചേർക്കുക. ഇപ്പോൾ മഴക്കുറവ് 72 ശതമാനത്തോളമാണ്.

അതിവേഗം ചൂടുപിടിച്ച് അറബിക്കടൽ

അതിവേഗം ചൂടുപിടിക്കുന്നതിന്റെ ഫലമായി അറബിക്കടലിൽ കാലംതെറ്റിയുള്ള ചുഴലിക്കാറ്റുകൾ കൂടുതലായി രൂപപ്പെടുമെന്ന പ്രവചനം ശരിവയ്ക്കുന്നു ഇത്തവണ കാലവർഷത്തിന്റെ തുടക്കം. നാലു ദിവസം വൈകി ജൂൺ നാലിനു മഴയെത്തുമെന്ന കാലാവസ്ഥാ വകുപ്പിന്റെയും 7 ന് എത്തുമെന്ന മറ്റ് സ്വകാര്യ ഏജൻസികളുടെയും പ്രവചനങ്ങളെയെല്ലാം കടത്തിവെട്ടി മൺസൂൺ മധ്യഅറബിക്കടലിലൂടെ അയൽ രാജ്യങ്ങളിലേക്ക് വീസയെടുക്കുമ്പോൾ മഴയ്ക്കു കാത്തിരിക്കുന്ന കേരളത്തിലെയും ഇന്ത്യയിലെയും കാർഷിക– വൈദ്യുതി മേഖലയപ്പാടെ വെല്ലുവിളി നേരിടുകയാണ്. ഇനി ജൂൺ 15 നു ശേഷമേ അടുത്തഘട്ടം മേഘങ്ങളെത്തി കാലവർഷം കേരളത്തിൽ സാന്നിധ്യമറിയിക്കൂ.

എന്നാലും വേനൽമഴയുടെ ലഭ്യത കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് മൺസൂൺ തുടങ്ങിയെന്ന് സാങ്കേതികമായി പ്രഖ്യാപിച്ചേക്കും.

English Summary: Monsoon Kerala updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com