ന്യൂയോർക്ക് താഴ്ന്നുകൊണ്ടിരിക്കുന്നെന്ന് പഠനം; വെള്ളപ്പൊക്ക സാധ്യത നാലുമടങ്ങു വർധിച്ചേക്കും

HIGHLIGHTS
  • എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് കുടിയേറാനും ജോലി ചെയ്യാനും താൽപര്യമുള്ള നഗരം.
  • നഗരത്തിലെ പ്രളയസാധ്യത ഈ നൂറ്റാണ്ടിനവസാനം ഇപ്പോഴുള്ളതിൽ നിന്നു നാലുമടങ്ങാകുമെന്നും പഠനം പറയുന്നു..
152295734
ഫയൽചിത്രം
SHARE

ലോകത്തെ ഏറ്റവും പ്രമുഖ നഗരങ്ങളിലൊന്നാണ് ന്യൂയോർക്ക്. ലോക ജനതയ്ക്ക് ഏറ്റവും പരിചിതമായ നഗരം, ലോകത്തിന്റെ തന്നെ സാമ്പത്തിക തലസ്ഥാനങ്ങളിലൊന്ന്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് കുടിയേറാനും ജോലി ചെയ്യാനും താൽപര്യമുള്ള നഗരം.

എന്നാൽ ഈ മഹാനഗരം ഭാഗികമായി താഴ്ന്നുകൊണ്ടിരിക്കുകയാണെന്നാണ് കഴിഞ്ഞമാസം പുറത്തിറങ്ങിയ പഠനം. നഗരത്തിൽ സ്ഥിതി ചെയ്യുന്ന അംബരചുംബികളുടെ അമിതഭാരം മൂലമാണ് ഈ പ്രതിഭാസം. ന്യൂയോർക്കിൽ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതയെ ഇതു കൂട്ടുന്നെന്നും പഠനം പറയുന്നു. എല്ലാവർഷം 1 മുതൽ 2 മില്ലിമീറ്ററാണ് ബിഗ് ആപ്പിൾ എന്നും പേരുള്ള ന്യൂയോർക്ക് താഴുന്നത്. ലോകമെങ്ങുമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഹിമാനികൾ വൻതോതിൽ ഉരുകുന്നത് കൂടി കണക്കിലെടുക്കുമ്പോൾ നഗരത്തിലെ പ്രളയസാധ്യത ഈ നൂറ്റാണ്ടിനവസാനം ഇപ്പോഴുള്ളതിൽ നിന്നു നാലുമടങ്ങാകുമെന്നും പഠനം പറയുന്നു.

newyork-5
ന്യൂയോർക്ക് നഗരത്തിലെ കാഴ്ച. ചിത്രം: ട്വിറ്റർ

പഠനത്തിന്റെ ഭാഗമായി നഗരത്തിൽ സംഭവിക്കുന്ന പ്രളയജലത്തിന്റെ അളവും ഗവേഷകർ കണക്കാക്കി. ഈ ഫലങ്ങളെല്ലാം എർത്ത്‌സ് ഫ്യൂച്ചർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. 1950ൽ ന്യൂയോർക്കിൽ സംഭവിച്ച പ്രളയജലനിരപ്പിൽ നിന്ന് ഇപ്പോഴത്തേതിലേക്ക് എത്തുമ്പോൾ 22 സെന്‌റിമീറ്ററിന്‌റെ വർധനയുണ്ടെന്നും ഗവേഷകർ കണക്കുകൂട്ടുന്നു.84 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരമാണ് ന്യൂയോർക്ക്. കാലാവസ്ഥാ വ്യതിയാനം കൂടുന്നതിനനുസരിച്ച്, ന്യൂയോർക്കിൽ മാത്രമല്ല, മറിച്ച് പല തീരദേശനഗരങ്ങളിലും ഇതേ സ്ഥിതിവിശേഷം ഉടലെടുത്തേക്കുമെന്ന് ഗവേഷകർ പറയുന്നു.

വൻവികസിത നഗരമായ ന്യൂയോർക്കിലെ കെട്ടിടങ്ങളുടെ അപാരമായ എണ്ണവും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. എംപയർ സ്റ്റേറ്റ് ബിൽഡിങ് ഉൾപ്പെടെ ലോകപ്രശസ്തമായ അംബരചുംബികൾ നിലകൊള്ളുന്ന നഗരമാണ് ന്യൂയോർക്ക്. നഗരത്തിലെ എല്ലാ അംബരചുംബികളുടെ ഭാരവും കണക്കാക്കുമ്പോൾ ഏകദേശം 14 കോടി ആനകളുടെ സംയുക്ത ഭാരത്തിനു സമമാണ്.

newyork-2
ന്യൂയോർക്ക് നഗരത്തിലെ കാഴ്ച. ചിത്രം: ട്വിറ്റർ

മറ്റു പലരാജ്യങ്ങളിലും നഗരങ്ങൾ താഴുന്ന പ്രതിഭാസമുണ്ട്. ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയാണ് ലോകത്തിൽ ഏറ്റവും വേഗത്തിൽ താഴ്ന്നുകൊണ്ടിരിക്കുന്ന നഗരം. 2050 ആകുമ്പോഴേക്കും വടക്കൻ ജക്കാർത്തയുടെ 95 ശതമാനവും താഴ്ന്നുപോകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മഴക്കാലമെത്തുമ്പോൾ ജക്കാർത്തയിൽ വെള്ളപ്പൊക്കം ഉടലെടുക്കുന്നത് ഇടയ്ക്കിടെയുള്ള പ്രതിഭാസമാണ്.

English Summary: Earth future, New York

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS