അർജന്റീനയുടെ തലസ്ഥാനത്ത് വെള്ളി ഒഴുകുന്ന നദി! സഞ്ചാരികളുടെ ഉറക്കം കെടുത്തിയ റിവർപ്ലേറ്റ്
Mail This Article
ലോകത്തു ചില രാജ്യങ്ങൾ നദികളുടെ പേരിലാണ് ആഗോളതലത്തിൽ അറിയപ്പെടുന്നത്. നമ്മുടെ രാജ്യമായ ഇന്ത്യ തന്നെ മികച്ച ഉദാഹരണം. ബെലീസ്, ബോസ്നിയ, കോംഗോ, ജോർദാൻ, മോൾഡോവ, നൈഗർ, പരാഗ്വേ തുടങ്ങി വേറെയും രാജ്യങ്ങളുണ്ട്.
അർജന്റീന എന്ന രാജ്യം ലോകം മുഴുവൻ പ്രശസ്തമാണ്. കാരണം ഫുട്ബോളാണ്. 1986ൽ ഡിയഗോ മറഡോണയെന്ന ഫുട്ബോൾ ഇതിഹാസം ലോകകപ്പുയർത്തിയതോടെ അർജന്റീനയും ലോകമനസ്സുകളിൽ സ്ഥാനം പിടിച്ചു. വെള്ളയിൽ നീലവരകളുള്ള അർജന്റീനയുടെ കുപ്പായം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാം. മറഡോണയ്ക്ക് മുൻപും ശേഷവുമായി ഒട്ടേറെ ഇതിഹാസ താരങ്ങൾ ഈ രാജ്യത്തു ജനിച്ചു. ആൽഫ്രഡോ സ്റ്റെഫാനോ, മരിയോ കെംപസ്, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, ലയണൽ മെസി....പട്ടിക നീളുന്നു.
എങ്ങനെയാണ് അർജന്റീനയ്ക്ക് ആ പേരു കിട്ടിയത്? അതിനു നമുക്ക് ചിരപരിചിതമായ വെള്ളിയുമായി ചെറിയ ബന്ധമുണ്ട്. ലാറ്റിൻ ഭാഷയിൽ വെള്ളിലോഹത്തിനു പറയുന്ന പേര് അർജന്റം എന്നാണ്. അർജന്റം എന്ന വാക്കിൽ നിന്നാണ് ഈ ലാറ്റിൻ അമേരിക്കൻ രാജ്യത്തിനു സ്വന്തം പേരു ലഭിച്ചത്. അർജന്റീനയിലേക്കെത്തിയ സ്പാനിഷ് കൊളോണിയൽ യാത്രികരിൽ നിന്നാണ് ഈ പേര് വന്നത്. അർജന്റീന മുൻപ് സ്പെയിനിന്റെ കോളനിയായിരുന്നു. അവിടത്തെ ദേശീയ ഭാഷ സ്പാനിഷാണ്.
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് സ്പെയിനിൽ ഒരു കഥ പ്രചരിച്ചിരുന്നു. ലാറ്റിൻ അമേരിക്കയിൽ, വെള്ളി കൊണ്ട് സമ്പുഷ്ടമായ ഒരു രാജ്യമുണ്ടെന്നതായിരുന്നു അത്. അക്കാലത്ത് ചില സാഹസികർ അലക്സിയോ ഗാർഷ്യയുടെ നേതൃത്വത്തിൽഈ നാടു തേടി ലാറ്റിൻ അമേരിക്കയുടെ തെക്കുഭാഗത്തേക്ക് എത്തി. വെള്ളിയിൽ നിർമിച്ച അനേകം വസ്തുക്കൾ ഗോത്രവർഗക്കാരിൽ നിന്നു കരസ്ഥമാക്കാൻ ഗാർഷ്യയ്ക്കു സാധിച്ചെങ്കിലും ഗോത്രവിഭാഗക്കാരുടെ അമ്പേറ്റു മരിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി.
Read Also: സുനാമി പോലെ പ്രളയം; കുടിവെള്ളം മുട്ടി, 43000ത്തിലധികം പേരെ മാറ്റിപാർപ്പിച്ചു.
ഗാർഷ്യയുടെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ കൂട്ടാളികൾ വെള്ളിയാഭരണങ്ങളുമായി പോയി. സീയറ ഡെൽ പ്ലാറ്റ എന്ന വെള്ളിനിറഞ്ഞ ഒരു നാടുണ്ടെന്നും അങ്ങോട്ടേക്കു നയിക്കുന്ന വെള്ളി ഒഴുകുന്ന ഒരു നദിയുണ്ടെന്നുമുള്ള കഥ പ്രചരിച്ചു. ആ നദിക്ക് റയോ ഡെലാ പ്ലാറ്റ അല്ലെങ്കിൽ റിവർപ്ലേറ്റ് എന്ന പേരുമിട്ടു. ഇന്നും അർജന്റീനയിലെ പ്രശസ്തമായ ഒരു നദിയാണ് റിവർപ്ലേറ്റ്.
ഇന്ന് റിവർപ്ലേറ്റിനെ ഒരു നദി എന്നതിനപ്പുറം ജലാശയമെന്ന നിലയിലാണ് വിദഗ്ധർ കണക്കാക്കുന്നത്. യുറഗ്വായ്, പരാന നദികളുടെ സംഗമം നടക്കുന്ന ജലാശയം. ഒരു നദിയായി കണക്കാക്കിയാൽ ലോകത്തെ ഏറ്റവും വീതിയിലുള്ള നദിയായിരിക്കും ഇത്.
വലിയ ജൈവവൈവിധ്യം റിവർപ്ലേറ്റിലുണ്ട്. ലോഗർഹെഡ് സീ ടർട്ടിൽ, ഗ്രീൻ സീ ടർട്ടിൽ, ലെതർബാക്ക് സീ ടർട്ടിൽ എന്ന ആമകൾ, ലെ പ്ലാറ്റ ഡോൾഫിനുകൾ, അനേകം വിഭാഗങ്ങളിലായുള്ള മീനുകൾ എന്നിവ ഇവിടെയുണ്ട്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
Content Highlights: Argentina | Riverplate | River