ഭൂമിയിലെത്തിയ ഛിന്നഗ്രഹ സാംപിളിലുണ്ടോ അപകട വൈറസുകൾ?: ശ്രദ്ധാകേന്ദ്രമായി ഒസിരിസ് ദൗത്യം

Mail This Article
1971ൽ പുറത്തിറങ്ങിയ ‘ആൻഡ്രോമേഡ സ്ട്രെയിൻ’ എന്ന ചലച്ചിത്രം പ്രമേയം കൊണ്ടു ശ്രദ്ധേയമായിരുന്നു. അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ ഒരു ഉപഗ്രഹം തകർന്നു വീഴുന്നതുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. താമസിയാതെ ഉപഗ്രഹം തകർന്നു വീണ സ്ഥലത്തിനു ചുറ്റുമുള്ള പട്ടണത്തിലെ ആളുകൾ മരിച്ചു വീഴാൻ തുടങ്ങുന്നു. തുടർന്നു നടന്ന അന്വേഷണത്തിൽ ഒരു കാര്യം വെളിപ്പെടുന്നു. പേടകത്തിനൊപ്പം ഭൂമിയിലേക്ക് എത്തിയ ഒരു ഭീകര വൈറസാണ് ആളുകളെ കൊന്നൊടുക്കുന്നത്. ആൻഡ്രോമേഡ.ബഹിരാകാശത്തു നിന്നു വൈറസുകൾ ഭൂമിയിലെത്തിയേക്കാമെന്നു വലിയൊരു വിഭാഗം ആൾക്കാരെ വിശ്വസിപ്പിക്കാൻ ഈ സിനിമയ്ക്കായി.
ഇന്നിതൊരു കൾട്ട് മൂവിയാണ്. ഈ സിനിമാക്കഥയൊക്കെ ആരു വിശ്വസിക്കും എന്നാണു ചോദ്യമെങ്കിൽ തെറ്റി. ബഹിരാകാശത്തും മറ്റു ഗ്രഹങ്ങളിലുമൊക്കെ വൈറസുണ്ടാകാമെന്നു വിശ്വസിക്കുന്നവരുണ്ട്.
ഛിന്നഗ്രഹമായ ബെന്നുവിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് കല്ലും മണ്ണുമടങ്ങിയ സാംപിളുകളുമായി നാസയുടെ ഒസിരിക്സ് റെക്സ് ദൗത്യത്തിന്റെ പേടകം തിരിച്ചെത്തിയിരുന്നു. ഈ സാംപിളുകൾക്കൊപ്പം ഏലിയൻ വൈറസുകളോ മറ്റ് ജൈവവസ്തുക്കളോ സൂക്ഷ്മജീവികളോ ഒക്കെ എത്തിയേക്കാമെന്നും ഇത് ഭൂമിയുടെ പരിസ്ഥിതിയെ തന്നെ ബാധിക്കാമെന്നും മഹാമാരികൾക്ക് വഴിവയ്ക്കാമെന്നുമൊക്കെ ഇടയ്ക്കു പ്രചാരണമുണ്ടായിരുന്നു. എന്നാൽ വളരെ വരണ്ടതും ചൂടേറിയ പ്രതലമുള്ളതുമായ ഒരു ഛിന്നഗ്രഹമാണ് ബെന്നുവെന്നും ഇതിൽ ജീവന് സഹായകമാകുന്ന യാതൊരു സാഹചര്യങ്ങളുമില്ലെന്നും നാസ വ്യക്തമാക്കിയിരുന്നു.

സൗരയൂഥ പ്രദേശങ്ങളിൽ ചിലതിലൊക്കെ ജീവന് സാധ്യതയുണ്ടെന്നു ശാസ്ത്രജ്ഞർക്ക് അഭിപ്രായമുണ്ട്. ചൊവ്വയുടെ ധ്രുവപ്രദേശങ്ങൾ, ജൂപ്പിറ്ററിന്റെ ചന്ദന്മാരായ യൂറോപ്പ, ഗാനീമീഡ്, സാറ്റേണിന്റെ ചന്ദ്രൻമാരായ എൻസെലാദസ്, ടൈറ്റൻ എന്നിവയൊക്കെ ഇക്കൂട്ടത്തിൽ പ്രമുഖരാണ്. ലോകത്തിലെ മറ്റെല്ലാ സൂക്ഷ്മജീവികളേക്കാൾ കൂടുതലാണ് വൈറസുകളുടെ എണ്ണം. ഭൂമിക്കു പുറത്തു മറ്റു ഗ്രഹങ്ങളിലും ഛിന്നഗ്രഹങ്ങളിലുമൊക്കെ വൈറസുകളുണ്ടാകുമോ എന്നറിയാൻ നാസ പുതിയ ദൗത്യവും തുടങ്ങിയിരുന്നു,

പ്രപഞ്ചത്തിലെ ജീവന്റെ ഉദ്ഭവവും മറ്റും പഠിക്കുന്ന ശാസ്ത്രശാഖയാണ് ആസ്ട്രോ ബയോളജി. നാസയുടെ ഇതിനായുള്ള വിഭാഗത്തിന്റെ കീഴിലുള്ള വൈറസ് ഫോക്കസ് ഗ്രൂപ്പാണ് ഇതിനെക്കുറിച്ച് പഠനം തുടങ്ങിയത്.
കോവിഡ് അമേരിക്കയിൽ രൂക്ഷമായിരുന്നു സമയത്ത് എഡ്വേഡ് സ്റ്റീൽ, ചന്ദ്ര വിക്രമസിംഗെ എന്നിങ്ങനെ രണ്ട് ശാസ്ത്രജ്ഞർ ഒരുഗ്രൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു.കോവിഡിനു കാരണമായ കൊറോണ വൈറസ് ശരിക്കും വന്നത് ബഹിരാകാശത്തു നിന്നാണെന്നായിരുന്നു അത്. ചൈനയിലെ സോങ്യാനിൽ പൊട്ടിത്തെറിച്ച ഒരു ഉൽക്കയാണ് ഇതിനു കാരണമെന്ന് ശാസ്ത്രജ്ഞർ വാദിച്ചു. ശാസ്ത്രീയമായ തെളിവുകൾ ഒന്നുമില്ലാത്തതിനാൽ ഈ സിദ്ധാന്തത്തെ ശാസ്ത്രജ്ഞർ അപ്പാടെ തള്ളിക്കളഞ്ഞു. ഭൂമിക്കു പുറത്ത് സൂക്ഷ്മജീവികളുണ്ടെന്നും ഇവ ഭൂമിയിലെത്താറുണ്ടെന്നും ഭൂമിയിലേക്കു ജീവൻ എത്തിയത് ഇങ്ങനെയാണെന്നും വിശ്വസിക്കുന്ന ഒരു ശാസ്ത്ര ശാഖ തന്നെയുണ്ട്. പാൻസ്പെർമിയ എന്നാണ് ഇതു വിളിക്കപ്പെടുന്നത്.
Content Highlights: Nasa | Alien Virus | Earth