ധൈര്യമുണ്ടെങ്കിൽ മാത്രം പ്രവേശിക്കൂ! അഗ്നിപർവതം വാപിളർന്നു കിടക്കുന്ന ദുരൂഹദ്വീപിന്റെ ചിത്രവുമായി നാസ
Mail This Article
ഭൂമിയുടെ ചിത്രങ്ങളെടുക്കാൻ ഏറ്റവും നല്ല സ്ഥലം എവിടെയാണ്. തീർച്ചയായും അതു ബഹിരാകാശമാണ്. ബഹിരാകാശത്തു നിന്നുള്ള കമനീയ ചിത്രങ്ങൾ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. നാസയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് ഇത്തരം ചിത്രങ്ങൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ളത്.
കഴിഞ്ഞ ഞായറാഴ്ച ഒരു ദ്വീപിന്റെ ഉപഗ്രഹചിത്രം നാസ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു, അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ഡിസപ്ഷൻ ഐലൻഡ് എന്ന ദ്വീപാണ് ഇത്. ഒരു അഗ്നിപർവതത്തിന്‌റെ കേന്ദ്രഭാഗത്തേക്കു കപ്പലുകൾക്ക് നേരിട്ടു തുഴഞ്ഞുചെല്ലാൻ പറ്റുന്ന ലോകത്തെ ഏക ദ്വീപാണ് ഇത്. ഇന്നും സജീവമായ അഗ്നിപർവതത്തിന്റെ പോർട് ഫോസ്റ്റർ എന്ന അഗ്നിമുഖമാണ് വെള്ളം കയറിയ അവസ്ഥയിൽ ഇവിടെ മറഞ്ഞുകിടക്കുന്നത്.
2018 മാർച്ചിൽ നാസയുടെ ലാൻഡ്‌സാറ്റ് 8 എന്ന ഉപഗ്രഹം പകർത്തിയതാണ് ഈ കൗതുകചിത്രം. അന്റാർട്ടിക്കയിലെ രണ്ട് സജീവ അഗ്നിപർവതങ്ങളിൽ ഒന്നാണ് ഡിസപ്ഷൻ ഐലൻഡ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇരുപതിലധികം തവണ ഇതു പൊട്ടിത്തെറിച്ചിട്ടുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും വിദൂരമായ സ്ഥലങ്ങളിലൊന്നാണെങ്കിലും വലിയ വിനോദസഞ്ചാര ശ്രദ്ധ ഈ ദ്വീപ് നേടുന്നുണ്ട്. പതിനയ്യായിരത്തിലധികം ആളുകൾ വർഷം തോറും ഇവിടെ സന്ദർശനത്തിനായി എത്താറുണ്ട്. പല രാജ്യങ്ങളും ഡിസപ്ഷൻ പോയിന്റ് തങ്ങളുടെ സ്വന്തമാണെന്ന് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും നിലവിൽ ഇതിന്റെ നിയന്ത്രണം അന്റാർട്ടിക് ട്രീറ്റി സിസ്റ്റത്തിനു കീഴിലാണ്.
1906 മുതൽ 1931 വരെയുള്ള കാലയളവിൽ തിമിംഗല, സീൽ വേട്ടയ്ക്കുള്ള ഒരു കേന്ദ്രമായി ഈ ദ്വീപ് നിലകൊണ്ടിരുന്നു. രണ്ടാം ലോകയുദ്ധ സമയത്ത് ഒരു ബ്രിട്ടിഷ് മിലിട്ടറി ബേസായും ഇതു സ്ഥിതി ചെയ്തു. ധാരാളം ശാസ്ത്ര ഗവേഷണ സ്‌റ്റേഷനുകളും ഈ ദ്വീപിലുണ്ട്. എന്നാൽ ഇവയിൽ ചിലതൊക്കെ മുൻകാലത്ത് അഗ്നിപർവത പ്രവർത്തനങ്ങളിൽ നശിച്ചുപോയിരുന്നു.
മൗണ്ട് പോണ്ടാണ് ഇവിടത്തെ ഏറ്റവും ഉയരമുള്ള പർവതം. അരക്കിലോമീറ്ററിലധികം പൊക്കമുണ്ട് ഇതിന്. ചിൻസ്ട്രാപ് എന്ന വിഭാഗത്തിലുള്ള പെൻഗ്വിനുകൾ ധാരാളമായി ഈ ദ്വീപിൽ അധിവസിക്കാറുണ്ട്.