പുല്ല് മുതൽ ഓർക്കിഡ് വരെ; ഒരു ലക്ഷത്തിലധികം ചെടികളും പൂക്കളുമായി പാലക്കാട്ടെ പുഷ്പമേള

Mail This Article
കുഞ്ഞുങ്ങളും പ്രായമുള്ളവരും ഉൾപ്പെടെ നിരവധിപ്പേരാണ് വ്യത്യസ്തതരം ചെടികളെ കാണാനും വാങ്ങാനുമായി പാലക്കാട് ഇന്ദിരാ ഗാന്ധി മുനിസിപ്പൽ മൈതാനത്ത് നടക്കുന്ന പുഷ്പമേളയിലേക്ക് എത്തുന്നത്. പേൾഗ്രാസ് (വലുപ്പക്കുറവുള്ള പുല്ല്) മുതൽ ഓർക്കിഡ് വരെ ഇവിടെയുണ്ട്. മലയാള മനോരമയും പ്രേംദീപ് ജ്വല്ലറിയും ചേർന്ന് നടത്തുന്ന പുഷ്പമേള കുടുംബമേളയായി മാറിക്കഴിഞ്ഞു.

ഒരു ലക്ഷത്തിലധികം ചെടികളും പൂക്കളുമാണ് മേളയിൽ കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്. പുനെയിൽ നിന്നും തായ്‌ലൻഡിൽ നിന്നുമുള്ള ഓർക്കിഡുകൾ മേളയിൽ ഉണ്ട്. ആഫിക്കൻ ജമന്തി, കശ്മീരി റോസ്, വിവിധയിനം ചെമ്പരത്തി, തെച്ചി, ആന്തൂറിയം തുടങ്ങിയവയും ആകർഷക ഘടകമാണ്. ആലപ്പുഴയിലെ ജനത നഴ്സറിയാണ് പാലക്കാട്ടുകാർക്കായി ഈ ഹരിതദൃശ്യവിരുന്ന് ഒരുക്കിയിരിക്കുന്നത്.

വീട്ടിൽ ഒരു പൂന്തോട്ടം ഒരുക്കാൻ കുറഞ്ഞ വിലയിൽ ചെടികളും വിത്തുകളും ഇവിടെ ലഭ്യമാണ്. പൂക്കളും ഫലവൃക്ഷത്തൈകളും കുറഞ്ഞ നിരക്കിൽ ലഭിക്കും. വ്യത്യസ്ത ഇനം മാവുകളും പ്ലാവുകളും ഫലവർഗ ചെടികളും പൂച്ചെടികളും വിത്തുകളും വിലക്കുറവിൽ വാങ്ങാം. ഗുലാബ് ഖാസ്, രത്നഗിരി, അൽഫോൻസ, കേസർ, ബേദാമി, രാജപുരി തുടങ്ങി മുപ്പതിലേറെ മാവിൻ തൈകളുണ്ട്. 2 വർഷം കൊണ്ടു കായ്ക്കുന്ന തെങ്ങിൻ തൈകളും ആയുർജാക്ക് പ്ലാവുമുണ്ട്.

നവംബർ 19വരെയാണ് പുഷ്പമേള. രാവിലെ 11 മുതൽ രാത്രി 9 വരെയാണ് സമയം.
