ആവശ്യമുളളതിന്‍റെ 40 ഇരട്ടിയിലധികം ഭൂമിയിലുണ്ട്; എന്നിട്ടും വെള്ളം കിട്ടാക്കനി, പിഴയ്ക്കുന്നതെവിടെ?
Mail This Article
ഭൂമിയില്‍ ജീവന്‍റെ സപ്ന്ദനമുണ്ടായത് ജലത്തിന്‍റെ സാമീപ്യം കൂടി കൊണ്ടാണ്. ആദ്യ ജീവന്‍റെ സ്ഫുരണങ്ങളുണ്ടായതും ജലത്തിലാണ്. മാനവരാശിയുള്‍പ്പെടെയുളള സകല ചരാചരങ്ങളുടെ വളര്‍ച്ചയും നിലനില്‍പ്പുമൊക്കെ ജലവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കുടിവെളളം, ഗാര്‍ഹികാവശ്യങ്ങള്‍, കൃഷി, വൈദ്യുതി, വ്യവസായം, ടൂറിസം, ആരോഗ്യം തുടങ്ങി ജീവിതത്തിന്‍റെയും വികസനത്തിന്‍റെയും സമസ്ത മേഖലകള്‍ക്കും ജലം നിര്‍ണeയക ഘടകമാണ്. ഓരോ ആവാസ വ്യവസ്ഥയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനും വർധിച്ച തോതില്‍ ജലമാവശ്യമാണ്.
പ്രകൃതിയുടെ ഭാഗമായിരുന്ന ജലത്തെ കാലാന്തരത്തില്‍ വിഭവമായും സമ്പത്തായും ഒക്കെ മാറ്റി ഇപ്പോള്‍, വിലയിടാവുന്ന സാമ്പത്തിക ഉല്‍പന്നങ്ങളുടെ (Economic Asset) പട്ടികയിലേക്കു മാറ്റുന്ന കാഴ്ചയാണ് മുന്നിലുളളത്. മൂല്യമുളള ഏതൊരു വസ്തുവിനും വിലയിടാമെന്നും അവയെ സാമ്പത്തിക ശാസ്ത്രത്തിന്‍റെ ഗണത്തിലുള്‍പ്പെടുത്താവുന്നതാണെന്നുമുളള വാദം ഏറി വരികയാണ്.
ജീവജാലങ്ങള്‍ക്ക് ആവശ്യമുളളതിന്‍റെ 40 ഇരട്ടിയിലധികം ജലം ഭൂമിയിലുളളപ്പോഴാണ് ലോകജനസംഖ്യയുടെ മൂന്നിലൊന്നിന് കുടിവെളളം കിട്ടാക്കനിയാകുന്നത്. ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലുള്‍പ്പെടെ പ്രതിവര്‍ഷം പത്തുലക്ഷം കുട്ടികളാണ് ശുചിത്വ സൗകര്യങ്ങളും വെളളവുമില്ലാതെ മരിക്കുന്നത്. അവിടെയാണ് മാനവരാശിക്കു പിഴയ്ക്കുന്നത്.
ഭൂമിയില്‍ വെളളത്തിന്‍റെ അളവില്‍ കാര്യമായ വ്യതിയാനമുണ്ടാകുന്നില്ല, അതേസമയം ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യ ഇടപെടലുകള്‍ തുടങ്ങിയ വിവിധ കാരണങ്ങളാല്‍ മഴയുടെ ലഭ്യതയിലും വിതരണത്തിലും കാര്യമായ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നു. കടലിലെ വെളളം നീരാവിയായി മേല്‍പ്പോട്ടുയര്‍ന്ന് തണുത്ത് മഴയായി പെയ്തിറങ്ങി കാടും നാടുമെല്ലാം ജലാര്‍ദ്രമാക്കികൊണ്ട് കടലിലേക്കു തന്നെ തിരികെ പോകുന്നു. കടല്‍, അന്തരീക്ഷം, മേഘം തുടങ്ങിയയിടങ്ങളിലൂടെ സൂര്യന്‍റെ താപവ്യത്യാസമനുസരിച്ച് സഞ്ചരിക്കുന്ന ജലചക്ര (Water Cycle)ത്തിന്‍റെ പ്രത്യേകതകള്‍ നാം അറിയാതെ പോകുന്നുണ്ട്.
ഭൂമിക്കടിയിലെ പെട്രോളിയം കുഴിച്ചെടുത്ത് ഉപയോഗിക്കുമ്പോള്‍ പുറന്തള്ളപ്പെടുന്നതുള്‍പ്പെടെയുളള കാര്‍ബണ്‍ അന്തരീക്ഷ താപനില വർധിപ്പിക്കുന്നു. വ്യാപകമായ വനനശീകരണവും ശാസ്ത്രീയമല്ലാത്ത പ്രകൃതി വിഭവ ചൂഷണവും ജലസ്രോതസ്സുകളുടെ നാശവുമെല്ലാം ജലലഭ്യത ഇല്ലാതാക്കും. മാനവസമൂഹം വിചാരിക്കുന്ന നിലയില്‍ ആവശ്യമുളളിടത്ത് ആവശ്യമുളള സമയത്ത് മതിയായ അളവില്‍ ജലം ലഭിക്കുന്നില്ലയെന്നതാണ് പ്രധാന വെല്ലുവിളി. അതോടൊപ്പം പ്രകൃതിയുടെ താളവും മഴവിതാനവുമൊക്കെ മനസ്സിലാക്കിയുളള വികസന ജീവിത ക്രമത്തിന്‍റെ രൂപപ്പെടുത്തലും പ്രധാന മേഖലയാണ്.
ജലസമൃദ്ധിയും ജലശുദ്ധിയുമാണ് ജലമേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ലോകത്തിലാകെ വരള്‍ച്ചയും വെളളപ്പൊക്കവും ജലക്ഷാമവും അധിക മഴയും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. വ്യവസായ കേന്ദ്രങ്ങൾ, രാസവളങ്ങള്‍, കീടനാശിനികളുടെ പ്രയോഗം, അശാസ്ത്രീയമായ ഖര, ദ്രവ മാലിന്യ സംസ്കരണ രീതികള്‍, ശുചിത്വസൗകര്യങ്ങളില്ലായ്മ തുടങ്ങിയ വിവിധ കാരണങ്ങളാൽ ജലം മലിനീകരിക്കപ്പെടുകയാണ്.
ആഗോളവല്‍ക്കരണ നവസാമ്പത്തിക നയങ്ങളുടെ ഭാഗമായുളള നടപടികളും ജലമേഖലയില്‍ നടക്കുകയാണ്. അമിതമായ ജലചൂഷണവും ജലകച്ചവടവും അരങ്ങേറിക്കഴിഞ്ഞു. ഭാവിയിൽ ലോകത്തിലെ ഏറ്റവും കച്ചവട സാധ്യതയുളള ഘടകം ജലമാണെന്ന് തിരിച്ചറിഞ്ഞുളള പ്രവര്‍ത്തനങ്ങള്‍ വികസിത രാജ്യങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വെളളത്തില്‍നിന്നു ഹൈഡ്രജൻ വേര്‍തിരിച്ചെടുത്ത് ഇന്ധനമായി ഉപയോഗിച്ച് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു പകരമുളള വസ്തുവായി വെളളത്തെ മാറ്റുന്ന പരീക്ഷണങ്ങളില്‍ ജപ്പാനും ചൈനയും വിജയിച്ചു കഴിഞ്ഞു. ജപ്പാനില്‍ വെളളത്തിന്‍റെ സഹായത്താലുളള കാറുകള്‍പ്പെടെയുളള വാഹനങ്ങള്‍ വ്യാപകമായി നിര്‍മിക്കുവാനുളള ശ്രമമാണ് നടക്കുന്നത്. സാങ്കേതിക വിദ്യകളായതിനാല്‍ വേഗത്തില്‍ വ്യാപിക്കുവാനുളള സാധ്യതയാണുളളത്. ഇസ്രയേല്‍ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ കടല്‍വെളളം ശുദ്ധീകരിച്ചുപയോഗിക്കുന്നുണ്ട്. ചെലവ് കൂടുതലായതിനാലാണ് നിലവില്‍ വ്യാപകമാകാത്തത്. നാളെ അതും വ്യാപകമാകും.
ഓരോ ഉല്‍പന്നവും ഉല്‍പാദിപ്പിക്കുമ്പോള്‍ എത്ര വെളളം ഉപയോഗിക്കുന്നുവെന്നു കണക്കാക്കുന്ന രീതി കണ്ടുപിടിച്ചിട്ടുണ്ട്. 2003 - ല്‍ ബ്രിട്ടനിലെ ലണ്ടന്‍ കിങ്സ് കോളജ് പ്രഫസര്‍ ജോണ്‍ ആന്‍റണി അലന്‍ ആണ് കല്‍പിത ജലം (Virtual Water) എന്ന കാഴ്ചപ്പാട് കണ്ടുപിടിക്കുന്നത്. അതനുസരിച്ച്, ഓരോ ഉല്‍പന്നവും രൂപപ്പെടുമ്പോള്‍ എത്ര വെളളം വേണ്ടി വരുമെന്നു കണക്കാക്കാം. ഒരു കിലോ മുട്ടയ്ക്ക് 3000 ലീറ്ററും ഒരു കിലോ അരിയ്ക്ക് 3000 ലീറ്ററും വെളളം വേണമെന്ന് കണക്കാക്കപ്പെടുന്നു.
കല്‍പ്പിതജല കണക്കുവച്ച് ഓരോ രാജ്യവും കല്‍പ്പിത ജല ഇറക്കുമതിയും (Virtual water import) കല്‍പ്പിതജല കയറ്റുമതിയും (Virtual water Export) കണക്കാക്കണമെന്നാണ് പുതിയ സാമ്പത്തിക നയമായി വരാന്‍ പോകുന്നത്. രാജ്യാന്തര നാണ്യനിധിയുടെയും ലോകവ്യാപാര സംഘടനയുടെയും കയറ്റുമതി, ഇറക്കുമതി, വ്യാപാര നയങ്ങളും ഇതിനനുസരിച്ച് രൂപപ്പെടുത്തുവാനുളള ശ്രമങ്ങളുണ്ട്.
ഇസ്രായേലിലെ ജലവിനിയോഗത്തില്‍ കല്‍പ്പിതജല കാഴ്ചപ്പാടിനനുസരിച്ചുളള ജലകാര്‍ഷിക വിനിയോഗ നയം വന്നാല്‍ ഇന്ത്യയെപ്പോലുളള കാര്‍ഷിക രാജ്യങ്ങളില്‍ ഏറെ പ്രതിസന്ധിയുണ്ടാകും. കൃഷിക്കും കാലിസമ്പത്തിന്‍റെ വളര്‍ച്ചയ്ക്കും പ്രാധാന്യമുളള ഇന്ത്യയില്‍ ഈ മേഖലകളില്‍ വലിയ തിരിച്ചടിയുണ്ടാകാം.
ജലചൂഷണവും ഈ മേഖലയിലെ പ്രധാന പ്രശ്നമാണ്. ജലകച്ചവടം ആഗോളാടിസ്ഥാനത്തില്‍ത്തന്നെ വലിയ സാധ്യതയാണ് തുറന്നിരിക്കുന്നത്. കുപ്പിവെളളമുള്‍പ്പെടെയുളള രംഗങ്ങളില്‍ ലോകത്തില്‍ വലുതും ചെറുതുമായ നിരവധി സ്ഥാപനങ്ങളും ഏജന്‍സികളുമാണുളളത്.
ജലത്തിന്‍റെ അവകാശം സംബന്ധിച്ചു നിരവധി തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും നിലവിലുണ്ട്. യുഫ്രട്ടീസ്, ടൈഗ്രീസ് നദികളിലെ ജലം തിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ കൂടി പേരിലാണ് സദ്ദാംഹുസൈന്‍ വധിക്കപ്പെടുന്നതെന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. നദീജല തര്‍ക്കങ്ങളും വെളളം പങ്കിടുവാനുളള അവകാശങ്ങളുമെല്ലാം ലോകത്തിലാകെ സംഘര്‍ഷ മേഖലകളാണ്. കാവേരിയും മുല്ലപ്പെരിയാറുമൊക്കെ വര്‍ഷങ്ങളായി തുടരുന്ന പ്രതിസന്ധിയായി നമ്മുടെ മുന്നിലുണ്ട്. ഇന്ന് ലോകത്തിലാകെ ജലത്തിന്‍റെ അവകാശത്തെ ചൊല്ലിയുളള സംഘര്‍ഷങ്ങള്‍ വ്യാപകമാണ്.
ഇന്ത്യയില്‍ കുടിവെളളം നല്‍കുവാന്‍ സര്‍ക്കാരുകള്‍ക്ക് ഭരണഘടനാപ്രകാരം തന്നെ ഉത്തരവാദിത്തമുണ്ട്. അതോടൊപ്പം ജനങ്ങളുടെ അവകാശമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. അതേസമയം ആഗോളാടിസ്ഥാനത്തില്‍ത്തന്നെ മൂലധനത്തിന്‍റെയും പാഴ്ചെലവുകളുടെയും കാര്യക്ഷമതയില്ലായ്മയുടെയും പരിപാലന ചെലവിന്‍റെയും ഒക്കെ പ്രശ്നങ്ങള്‍ പറഞ്ഞു കൊണ്ട് ജലവിതരണ മേഖലയിലെ സര്‍ക്കാര്‍ പങ്കാളിത്തവും ഇടപെടലുകളും ക്രമാനുഗതമായി കുറച്ചു കൊണ്ടുവരണമെന്ന നിലയിലുളള നിര്‍ദ്ദേശങ്ങളും നടപ്പിലാക്കി വരുന്നുണ്ട്. ജല വിതരണത്തിലെ അസമത്വവും ചര്‍ച്ച ചെയ്യേണ്ട മേഖലയാണ്.
ജലത്തിന്‍റെ സംരക്ഷണത്തിലെ കുറവ്, ജനസംഖ്യാ വർധനവ്, ജലസ്രോതസ്സുകളുടെ നാശം, മറ്റു മനുഷ്യ ഇടപെടലുകള്‍ തുടങ്ങിയ കാരണങ്ങളാല്‍ ജലസുരക്ഷ വലിയ പ്രതിസന്ധികളെ നേരിടുന്നു. അതോടൊപ്പം ജലത്തിന്‍റെ കച്ചവട സാധ്യത മനസ്സിലാക്കി ധാരാളം സ്വകാര്യ മൂലധനവും ജലവിതരണ രംഗത്തേയ്ക്കു വരുന്നുണ്ട്.
മനുഷ്യരുള്‍പ്പെടെയുളള ജീവജാലങ്ങളുടെ ജീവന്‍ നിലനിർത്താനാവശ്യമുളള പ്രകൃതി ഘടകമെന്ന നിലയില്‍നിന്ന് ജലമേഖല വളരെയേറെ മാറിക്കഴിഞ്ഞു. ജലത്തിന്‍റെ കച്ചവട സാധ്യതയും ജലത്തിനുണ്ടാകുന്ന പ്രതിസന്ധിയും മനസ്സിലാക്കിയുളള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ലഭ്യമാവുന്ന ശുദ്ധജലത്തെ പരമാവധി സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിന് പ്രയോജനപ്പെടുത്തുവാനുളള ശ്രമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.വെളളത്തില്‍ ഹൈഡ്രജനും ഓക്സിജനുമുണ്ടെങ്കിലും ലാബിലിരിക്കുന്ന ഹൈഡ്രജനും ഓക്സിജനും കൂട്ടി യോജിപ്പിച്ച് ജലമാക്കി നാടിന്‍റെയും നാട്ടാരുടെയും ദാഹനീരാക്കുവാന്‍ കഴിയില്ല. പ്രകൃതിയുടെ തനതായ താളക്രമത്തില്‍ നിരവധി പ്രകൃതിഘടകങ്ങളുടെ പ്രവര്‍ത്തന, പ്രതിപ്രവര്‍ത്തന ഫലമായുണ്ടാകുന്നതാണ്. അവയുടെ വിതാനവും വിതരണവും ലഭ്യതയുമൊക്കെ മനസിലാക്കിയുളള ജീവിത രീതിയും നയങ്ങളും നടപടികളും വികസന തന്ത്രങ്ങളും ശാസ്ത്രസാങ്കേതിക വിദ്യകളും വികസിപ്പിക്കുകയെന്നതാണ് മാനവരാശി ഇന്നു നേരിടുന്ന വെല്ലുവിളി. ജലം താരമാകാനുളള സാധ്യതയേറെയാണ്. നാളത്തെ ലോകം ജലം തീരുമാനിച്ചാലും അല്‍ത്ഭുതപ്പെടാനില്ല. വാട്ടര്‍ എടിഎമ്മുകളും ജലകാറുകളും വാട്ടര്‍ പാര്‍ക്കുകളും വ്യാപകമാവുകയാണ്. ഏതു പ്രതിസന്ധിയും കച്ചവട സാധ്യതയാക്കുന്ന ശ്രമങ്ങളും വ്യാപകമായി നടക്കുന്നുണ്ട്.
സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും മേഖലകള്‍ക്കപ്പുറം സംഘര്‍ഷ ഭൂമികയായി ജലരംഗം മാറുന്നതും ബോധപൂര്‍വമായി മാറ്റാവുന്നതുമുള്‍പ്പെടെ ചര്‍ച്ച ചെയ്തും പരിഹാരങ്ങള്‍ തേടിയും മാത്രമേ ഭുമിയില്‍ ജീവജാലങ്ങള്‍ക്ക് നിലനില്‍പ്പുളളൂ. ജലത്തിനുപകരം ജലം മാത്രം കരുതുക; കരുതലോടെ.