ഇറ്റലിയിൽ മലനിരകൾക്കടിയിൽ 60 ലക്ഷം വർഷം പഴക്കമുള്ള ജലം!

Mail This Article
യൂറോപ്യൻ രാജ്യമായ ഇറ്റലിയുടെ ഭാഗമായ സിസിലിയിൽ സ്ഥിതി ചെയ്യുന്ന ഹൈബ്ലെയ്ൻ പർവതനിരകൾക്കടിയിൽ 60 ലക്ഷം പഴക്കമുള്ള ജലം സ്ഥിതി ചെയ്യുന്നെന്ന് ഗവേഷകർ. മെസീനിയൻ സലൈനിറ്റി ക്രൈസിസ് എന്ന പരിസ്ഥിതി സംഭവവുമായി ബന്ധപ്പെട്ടാണ് ഈ ജലത്തിന്റെ ഉദ്ഭവം. ആ സമയം മെഡിറ്ററേനിയൻ കടൽ തീരഭാഗങ്ങളിൽ വറ്റിവരളുകയും തദ്ഫലമായി കടൽത്തിട്ട ഉയരുകയും ചെയ്തു. ഇതോടെ കടൽത്തിട്ട അന്തരീക്ഷവുമായി ബന്ധത്തിൽ വന്നു. അന്നു പെയ്ത മഴയിലെ ജലം ഊർന്ന് കടൽത്തിട്ടയിൽ നിന്നു താഴോട്ടിറങ്ങിയെന്ന് പഠനം പറയുന്നു.
ഗവേഷണഫലം കമ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയൺമെന്റ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. തെക്കൻ സിസിലിയിലെ ഹൈബ്ലൈയ്ൻ മലനിരകൾക്കടിവശത്തായി രണ്ടര കിലോമീറ്റർ വിസ്തൃതിയിൽ ഈ ജലം വ്യാപിച്ചെന്നും ഗവേഷകർ പറയുന്നു.ഇതിപ്പോഴും ഇവിടെയുണ്ടത്രേ. എന്നാൽ ലോകത്തിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ള ജലം ഇറ്റലിയിലല്ല. മറിച്ച് അത് കാനഡയിലാണ്.
കാനഡയിലെ, ഒൺടാരിയോയിൽ സ്ഥിതി ചെയ്യുന്ന കിഡ് ക്രീക്കിലാണ് ഇതു കണ്ടെത്തിയത്.ചൊവ്വയിലെ ജീവനെക്കുറിച്ച് വിവരങ്ങൾ നൽകുമെന്നു ശാസ്ത്രജ്ഞർ ഇതിൻമേൽ പ്രതീക്ഷ പുലർത്തിയിരുന്നു. 2009ലാണു ബാർബറ ലോളർ എന്ന ടൊറന്റോ സർവകലാശാലയിലെ ഭൗമശാസ്ത്രജ്ഞ ജലം കണ്ടെത്തിയത്. 1992ൽ തന്നെ, ഖനിയായ കിഡ് ക്രീക്കിൽ ഇവർ സന്ദർശനം നടത്തിയെങ്കിലും അന്നിതു കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ 17 വർഷങ്ങൾക്കിപ്പുറം നടത്തിയ സന്ദർശനത്തിൽ ഈ ജലം ലോളറുടെ ശ്രദ്ധയിൽ പെട്ടു. ഖനിയിൽ ഭൗമനിരപ്പിൽ നിന്നു മൂന്നു കിലോമീറ്ററോളം താഴ്ചയിലായിരുന്നു ഇതു സ്ഥിതി ചെയ്തത്.
മൂക്കിനെ എരിച്ചുകളയുന്ന മട്ടിൽ ദുർഗന്ധമുള്ള ജലത്തിന്റെ സാംപിളുകൾ ലാബുകളിലേക്കു പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഇതിന്റെ പ്രായം കണക്കാക്കപ്പെട്ടത്.വെള്ളത്തിൽ നിറയെ രാസവസ്തുക്കൾ അലിഞ്ഞു ചേർന്നിരുന്നു.
കടൽവെള്ളത്തേക്കാൾ പത്തിരട്ടി ലവണങ്ങളുള്ളതാണ് ഈ ആദിമജലം. എന്നാൽ ഈ സാഹചര്യങ്ങളിലും കീമോലിഥോട്രോപിക് ബാക്ടീരിയ എന്ന സൂക്ഷ്മകോശജീവികൾക്ക് ഈ ആദിമജലത്തിൽ ജീവിക്കാൻ കഴിയുന്നുണ്ടെന്ന് പിന്നീട് തെളിഞ്ഞു. ജലത്തിലുള്ള നൈട്രജൻ, സൾഫേറ്റ് രാസസംയുക്തങ്ങൾ ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്.
ഇവിടത്തെ സാഹചര്യങ്ങൾ ചൊവ്വയിലെ ഉപോപരിതല സാഹചര്യങ്ങളുമായി വലിയ സാമ്യം പുലർത്തുന്നു. ഭൂമിയിൽ നിന്നു രണ്ടരക്കിലോമീറ്റർ താഴെ രാസവസ്തുക്കൾ നിറഞ്ഞ വെള്ളത്തിൽ ജീവനു നിലനിൽക്കാമെങ്കിൽ ചുവന്ന ഗ്രഹത്തിന്റെ ഉപോപരിതലത്തിലെ ജലത്തിലും ജീവൻ കാണാമെന്നു ശാസ്ത്രജ്ഞർ അന്നു പ്രതീക്ഷിച്ചിരുന്നു.