ADVERTISEMENT

ചിത്താരി (കാഞ്ഞങ്ങാട്) ∙ വടക്കേ അമേരിക്കയിൽ നിന്നു ടേക്ക് ഓഫ്, ഇന്ത്യയിലെ ലാൻഡിങ് കാസർകോട് ജില്ലയിലെ ചിത്താരി കടപ്പുറത്ത്. ഇന്ത്യയിലാദ്യമായി ‘ലാഫിങ് ഗൾ’ പക്ഷിയെ കാസർകോട് ജില്ലയിലെ ചിത്താരി കടപ്പുറത്തു കണ്ടെത്തി. ഗവ.എച്ച്എസ്എസ് കമ്പല്ലൂരിൽ ഹയർ സെക്കൻഡറി വിഭാഗം  അധ്യാപകനായ പെരുമ്പാവൂർ വളയൻ ചിറങ്ങര സ്വദേശി സി.ശ്രീകാന്താണ് ചിത്താരി അഴിമുഖത്തു നിന്ന് കഴിഞ്ഞ ദിവസം ദേശാടനപ്പക്ഷിയുടെ ചിത്രം പകർത്തിയത്. വടക്കേ അമേരിക്കയിൽ നിന്ന് പതിനായിരക്കണക്കിനു കിലോമീറ്റർ പിന്നിട്ടാണ് ലാഫിങ് ഗൾ പക്ഷി കേരള തീരത്തെത്തിയത്. ഏഷ്യയിൽ മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ മാത്രമാണ് ഇവ എത്തിയതായി റിപ്പോർട്ടുള്ളത്.

പക്ഷികളെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങൾ ശേഖരിക്കുന്ന ഇ–ബേഡ് ആപ്ലിക്കേഷനിൽ പുതിയ കണ്ടെത്തലിന്റെ വിവരങ്ങൾ പങ്കുവച്ചു. ഇതോടെ ഇന്ത്യയിൽ കണ്ടെത്തുന്ന പക്ഷിയിനങ്ങളുടെ എണ്ണം 1367 ആയി. ഇന്ത്യൻ ബേഡ്സ് ജേണൽ ചീഫ് എഡിറ്റർ ജെ.പ്രവീൺ, ജിനു ജോർജ്, ജോൺ ഗാരറ്റ്, എയ്ഡൻ കെയ്‌ലി, ഹാൻസ് ലാർസൻ തുടങ്ങിയവർ പരിശോധിച്ചാണ് ‘ലാഫിങ് ഗൾ’ പക്ഷിയുടെ കണ്ടെത്തൽ സ്ഥിരീകരിച്ചത്. സംസ്ഥാനത്തു കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം 554, കാസർകോട് ജില്ലയിൽ കണ്ടെത്തിയ പക്ഷിയിനങ്ങൾ 400ലുമെത്തി. ചിത്താരി അഴിമുഖത്തു മാത്രം 155 പക്ഷിയിനങ്ങളെ കണ്ടെത്തി. ചിത്താരിപ്പുഴയുടെ അഴിമുഖത്തിന്റെ വൈവിധ്യമാണ് പ്രധാനമായും ദേശാടനപ്പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നത്. 

ചിത്രം: സി.ശ്രീകാന്ത്
ചിത്രം: സി.ശ്രീകാന്ത്

കടൽകാക്കയിനത്തിൽ പെടുന്ന‌‌ ഈ ദേശാടനപ്പക്ഷികളുടെ സ്വദേശം വടക്കേ അമേരിക്കയും, തെക്കേ അമേരിക്കയുടെ വടക്കൻ മേഖലകളുമാണ്. മനുഷ്യർ ചിരിക്കുന്നതുമായി സാമ്യമുള്ള ശബ്ദമുണ്ടാക്കുന്നതിനാലാണ് ഇവയ്ക്ക് ‘ലാഫിങ് ഗൾ’ എന്ന പേരു വന്നത്. സാധാരണ കടൽകാക്കകളേക്കാൾ വലിപ്പം കുറവാണിവയ്ക്ക്. കൊക്കിനും കാലുകൾക്കും കറുത്ത നിറമാണ്. ചിറകിന്റെ ഇരുണ്ട നിറവും ഇവയെ മറ്റു കടൽകാക്കകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ശൈത്യകാലത്ത് ദീർഘ ദൂരം സഞ്ചരിക്കുന്ന ഇവ ആഫ്രിക്കയുടെ തെക്കൻ തീരത്ത് അപൂർവമായി എത്താറുണ്ട്. അത്‌ലാന്റിക് സമുദ്രം കടന്ന് ആഫ്രിക്ക വഴിയോ അല്ലെങ്കിൽ പസിഫിക് കടന്ന തെക്കൻ ഏഷ്യ വഴിയോ ആകാം ലാഫിങ് ഗൾ ഇവിടെയെത്തെിയത്. തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഏതാനും തവണ ഇവയെ കണ്ടെത്തിയിരുന്നു. 

എസ്. ശ്രീകാന്ത്, ലാഫിങ് ഗൾ
എസ്. ശ്രീകാന്ത്, ലാഫിങ് ഗൾ

ഇതിനു മുൻപ് ഇന്ത്യയിൽ പുതുതായി കണ്ടെത്തിയ പക്ഷിയായ ലവന്റ് പ്രാപ്പിടിയനെ കണ്ടെത്തിയത് തൃശൂർ ചാവക്കാട് പുത്തൻ കടപ്പുറത്തു നിന്നായിരുന്നു. കേരളത്തിലെ പക്ഷി നിരീക്ഷകരുടെ കൂട്ടായ്മകൾ സജീവമായതോടെ കൂടുതലാളുകൾ വിവിധ പ്രദേശങ്ങളിൽ പക്ഷി നിരീക്ഷണത്തിൽ സജീവമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com