ADVERTISEMENT

നിസാരന്മാർ എന്ന് കരുതുന്ന ഉറുമ്പുകളെ ഭയന്ന് കഴിയുകയാണ് ഓസ്ട്രേലിയയിലെ ജനങ്ങൾ. കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടർന്ന് വെള്ളത്തിലൂടെ വലിയ ചങ്ങാടങ്ങൾ പോലെ തീ ഉറുമ്പുകൾ കൂട്ടമായി എത്തി പല പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നത് ഗുരുതര ഭീഷണി ഉയർത്തുന്നുണ്ടെന്ന് പരിസ്ഥിതി സംഘടനകൾ തന്നെ മുന്നറിയിപ്പ് നൽകുന്നു. മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ജീവഹാനി വരെ സംഭവിക്കത്തക്ക വിഷമുള്ളവയാണ് ഈ ഉറുമ്പുകൾ. 

ആക്രമണകാരികളായ തീ ഉറുമ്പുകൾ അഥവാ ഫയർ ആന്റ്സ് തെക്കൻ മേഖലകളിലേയ്ക്ക് വ്യാപിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ന്യൂ സൗത്ത് വെയ്ൽസിലെ ബലീനയിൽ ഇവയുടെ കൂട് കണ്ടെത്തിയതിനെത്തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപ് തീ ഉറുമ്പുകളുടെ കടിയേറ്റ തൊഴിലാളിയുടെ ചിത്രം പുറത്തുവന്നിരുന്നു. തുടർന്ന് ആ സ്ഥലത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയായിരുന്നു. ഈ മേഖലയിൽ നിന്നുള്ള മണ്ണോ കമ്പോസ്റ്റോ കൃഷി ഉപകരണങ്ങളോ പുറത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തി.

(Photo: X/ @WDBONews)
(Photo: X/ @WDBONews)

തീ ഉറുമ്പുകളെ കണ്ടെത്തുന്ന പ്രദേശങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഈ മേഖലകൾക്ക് പുറത്തേക്കും ഇവ വ്യാപിക്കാനാണ് സാധ്യതയെന്ന് ഇൻവാസിവ് സ്പീഷിസ് കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവയുടെ സാന്നിധ്യം കണ്ടെത്തുന്ന മേഖലകളിലെ പാർക്ക്, സ്കൂൾ പ്ലേഗ്രൗണ്ടുകൾ, ബീച്ചുകൾ എന്നിവയും അടച്ചിടും. കഴിഞ്ഞ നവംബർ  മുതൽ തീ ഉറുമ്പുകൾ പല പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇവയെ ഉന്മൂലനം ചെയ്യുന്നതിനായി നാഷനൽ ഫയർ ആന്റ് ഇറാഡിക്കേഷൻ പദ്ധതിക്കു രൂപം നൽകിയിട്ടുണ്ട്. 

 (Photo: X/ @saveayear)
(Photo: X/ @saveayear)

ഇവയുടെ കടിയേറ്റാൽ ശരീരം തിണിർത്തു വരികയും തീപ്പൊള്ളലേറ്റതുപോലെ തോന്നിക്കുകയും ചെയ്യും. മനുഷ്യർക്ക് മാത്രമല്ല സസ്യങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും തീ ഉറുമ്പുകൾ ഗുരുതര ഭീഷണിയാണ് . ഓസ്ട്രേലിയയുടെ അമൂല്യമായ ജന്തു സസ്യ വർഗ്ഗങ്ങളുടെ നിലനിൽപ്പു തന്നെ അപകടത്തിലാകും. പക്ഷികളെ പോലും വെറുതെ വിടാറില്ല. മനുഷ്യർക്ക് ഇവയുടെ കടിയേറ്റാൽ ഒരു മണിക്കൂറോളം അസഹനീയമായ വേദന അനുഭവപ്പെടും. അപൂർവ്വം ചില അവസരങ്ങളിൽ മരണങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.

 (Photo: X/ @saveayear)
(Photo: X/ @saveayear)

ഒരു സെന്റിമീറ്ററിൽ താഴെ മാത്രം നീളമുള്ള തീ ഉറുമ്പുകൾക്ക് ചുവപ്പു കലർന്ന തവിട്ടുനിറമാണ്. ഏതെങ്കിലും തരത്തിൽ ഇവയുടെ കൂട്ടത്തിന് ശല്യം ഉണ്ടാക്കിയാൽ ഉറുമ്പുകൾ ആക്രമണകാരികളാവും. ഒന്നിലധികം തവണ കടിക്കുന്നതും ഇവയുടെ രീതിയാണ്. തെക്കേ അമേരിക്കയാണ് തീ ഉറുമ്പുകളുടെ ജന്മദേശം. ഓസ്ട്രേലിയയിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തുന്നത് 2001 ലാണ്. ഷിപ്പിങ് കണ്ടെയ്നറുകൾ വഴിയാകാം ഇവ രാജ്യത്തെത്തിയത് എന്നാണ് അനുമാനം. അന്നുമുതല്‍ ഇവയെ ഓസ്ട്രേലിയയിൽ നിന്നും തുരത്താനുള്ള നിരവധി ശ്രമങ്ങൾ ഭരണകൂടങ്ങൾ നടത്തിയെങ്കിലും  ഇതുവരെ പൂർണ ഫലപ്രാപ്തി കണ്ടെത്താനായിട്ടില്ല.

തീ ഉറുമ്പ് (Photo: X/ @saveayear)
തീ ഉറുമ്പ് (Photo: X/ @saveayear)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com