ADVERTISEMENT

200 ഏക്കർ മുഴുവൻ കൈയടക്കി ഭരിക്കുന്ന കുരങ്ങന്മാർ. വനമേഖലയിലെ ഏതെങ്കിലും ഒരു പ്രദേശത്തിന്റെ കാര്യമല്ലിത്. അമേരിക്കയിലെ ജോർജിയയിൽ കുരങ്ങന്മാർക്ക് ഒരുങ്ങുന്ന ഒരു നഗരത്തെക്കുറിച്ചാണ്. മുപ്പതിനായിരം കുരങ്ങന്മാരെ താമസിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ കുരങ്ങന്മാരുടെ നഗരത്തിന് രൂപം നൽകുന്നത്. ഈ തീരുമാനത്തിന് പിന്നിൽ കൃത്യമായ ലക്ഷ്യവുമുണ്ട്. മെഡിക്കൽ റിസർച്ചുകൾക്കായി സർവകലാശാലകളിലേക്കും ഫാർമസ്യൂട്ടിക്കൽ കമ്പനികളിലേക്കും അയയ്ക്കാനുള്ള കുരങ്ങന്മാരെയാണ് ഈ നഗരത്തിൽ പാർപ്പിക്കുന്നത്. 

സെയ്ഫർ ഹ്യൂമൻ മെഡിസിൻ എന്ന കമ്പനിയാണ് ഏഷ്യൻ കുരങ്ങുകളുടെ വർഗത്തിൽപ്പെട്ട മകാക്കുകൾക്കായി ഒരു നഗരം ഒരുക്കാൻ പദ്ധതിയിടുന്നത്. ഇതിനായി ഏകദേശം 396 മില്യൺ ഡോളർ ചെലവാകുമെന്ന് കരുതുന്നു.  ബെയിൻബ്രിഡ്ജ് എന്ന പ്രദേശത്താണ് കുരങ്ങുകളുടെ നഗരം ഒരുങ്ങുന്നത്. നിലവിൽ ഇവിടെ 14,000 മാത്രമാണ് ജനസംഖ്യ. 20 വർഷങ്ങൾകൊണ്ട് ഇവിടെ കുരങ്ങന്മാരുടെ എണ്ണം മുപ്പതിനായിരം കടക്കുമെന്ന പ്രതീക്ഷയിലാണ്. ഇതോടെ നിലവിലുള്ള ജനസംഖ്യയുടെ ഇരട്ടിയിലധികം കുരങ്ങന്മാർ എത്തുന്നത് വലിയ ആശങ്കയോടെയാണ് പ്രദേശവാസികൾ കാണുന്നത്. 

പ്രതീകാത്മക ചിത്രം (SIphotography/Jevtic/iStock)
കുരങ്ങൻ (SIphotography/Jevtic/iStock)

ബെയിൻബ്രിഡ്ജിലെ ജനങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തുന്നുണ്ട്. മനുഷ്യരേക്കാളേറെ കുരങ്ങന്മാർ ഈ മേഖലയിൽ അധിവസിക്കുന്നതിലെ ഭീകരതയാണ് ഇവർ ചുണ്ടിക്കാട്ടുന്നത്. കുരങ്ങുകൾ പൊതുവേ വേഗത്തിൽ പ്രകോപിതരാവുകയും ആക്രമകാരികളാവുകയും ചെയ്യുന്നതിനാൽ ഇവിടെ എങ്ങനെ ജീവിക്കാനാവും എന്നതാണ് ജനങ്ങളുടെ ആശങ്ക. തീരുമാനമെടുത്ത അധികാരികൾക്കെതിരെയും നഗരം ആരംഭിക്കാനുള്ള ധാരണയിൽ ഒപ്പുവച്ച ഉദ്യോഗസ്ഥർക്കെതിരെയും പ്രദേശവാസികൾ ലോ സ്യൂട്ട് ഫയൽ ചെയ്തു. അതേസമയം നമ്മുടെയും നമുക്ക് വേണ്ടപ്പെട്ടവരുടെയും ജീവൻ രക്ഷിക്കുന്നതിൽ ഈ കുരങ്ങന്മാരുടെ പങ്ക് നിർണായകമാണ് എന്നാണ് കമ്പനിയുടെ വിശദീകരണം. 

നഗരത്തിൽ പാർപ്പിക്കുന്ന കുരങ്ങന്മാർക്കായി പ്രത്യേകം തയ്യാറാക്കിയ വെയർഹൗസുകൾ ഉണ്ടാകുമെന്നും പൂട്ടിയിടപ്പെടാതെ സ്വതന്ത്രവിഹാരം നടത്താൻ അവയ്ക്ക് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. സുരക്ഷിതമായ സാഹചര്യങ്ങളിലാവും അവയെ വളർത്തുക. അതിനാൽ കുരങ്ങന്മാരിൽ നിന്നും പ്രദേശത്ത് രോഗബാധ ഉണ്ടാവില്ലെന്നും കമ്പനി ഉറപ്പുനൽകുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി ലോക്കൽ ഡെവലപ്പ്മെന്റ് അതോറിറ്റിക്കെതിരെ കമ്പനി പരാതിയും സമർപ്പിച്ചു.

പ്രതീകാത്മക ചിത്രം (SIphotography/myshkovsky/iStock)
(SIphotography/myshkovsky/iStock)

എന്നാൽ പ്രദേശവാസികൾ മാത്രല്ല മൃഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളും തീരുമാനത്തിനെതിരെ ശബ്ദമുയർത്തുന്നുണ്ട്. മെഡിക്കൽ പരീക്ഷണങ്ങൾക്കായി കുരങ്ങന്മാരെ വളർത്തുന്നത് ക്രൂരതയാണെന്ന് സംഘടനകൾ അഭിപ്രായപ്പെടുന്നു. വനങ്ങളിൽ അവയുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകും എന്നതാണ് മറ്റൊരു കാരണമായി ഇവർ പറയുന്നത്. ഒരു ജീവിവർഗത്തെ ദ്രോഹിച്ചുകൊണ്ട് ഗവേഷണങ്ങളും മരുന്നു നിർമാണവും നടത്താതെ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ സുരക്ഷയും സംരക്ഷണവും രോഗമുക്തിയും നൽകുന്ന ചുവടുവയ്പ്പുകളാണ് ശാസ്ത്ര മേഖലയിൽ ഉണ്ടാകേണ്ടതെന്ന് ഹ്യുമെൻ സൊസൈറ്റിയുടെ ആനിമൽ റിസർച്ച് ഇഷ്യൂസ് വിഭാഗത്തിന്റെ വൈസ് പ്രസിഡണ്ടായ കാത്‌ലിൻ കോൺലി പറയുന്നു.

പ്രതീകാത്മക ചിത്രം (SIphotography/sporritt/iStock)
(SIphotography/myshkovsky/iStock)
English Summary:

US Firm Plans City Of 30,000 Monkeys For Medical Research, Locals Outraged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com