ADVERTISEMENT

വഴിയിൽ ഒറ്റപ്പെട്ടു പോയ ഒരു വിചിത്രജീവിയെ രക്ഷിക്കാൻ ശ്രമിച്ചതാണ് ഓസ്ട്രേലിയക്കാരിയായ ജെന്നി ഫോർവാഡ്. എന്നാൽ ഫോർവാഡ് ഉദ്ദേശിക്കാത്ത കാര്യമാണ് നടന്നത്. ആ ജീവി തന്റെ നഖം ജെന്നിയുടെ കയ്യിലേക്ക് ആഴത്തിൽ കുത്തിയിറക്കി. നഖം ഊരിയെടുക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെട്ടു. പ്രസവവേദനയെക്കാൾ കടുത്തതായിരുന്നു അപ്പോൾ താനനുഭവിച്ച വേദനയെന്ന് ജെന്നി പറയുന്നു. 

ഓസ്ട്രേലിയയിൽ കാണപ്പെടുന്ന അപൂർവജീവിയായ പ്ലാറ്റിപ്പസാണ് ജെന്നിയെ ആക്രമിച്ചത്. പക്ഷേ തനിക്ക് ഈ ജീവിയോട് വെറുപ്പില്ലെന്നും പ്ലാറ്റിപ്പസുകളുടെ സംരക്ഷണത്തിനായി താൻ പ്രവർത്തിക്കുമെന്നും ജെന്നി വ്യക്തമാക്കിയിട്ടുണ്ട്.

കാര്യം വല്ലാത്ത ലുക്കൊക്കെയുണ്ടെങ്കിലും അത്ര പ്രശ്നക്കാരനല്ല പ്ലാറ്റിപ്പസ്. മനുഷ്യരെ ഉപദ്രവിക്കാനും താൽപര്യമില്ല. എന്നാൽ തീരെ പാവവുമല്ല. പ്ലാറ്റിപ്പസിന്റെ കാലിൽ ഒരു ചെറിയ മുള്ളുണ്ട്. ഇതിലൂടെ ഒന്നാന്തരം വിഷം ആളുകളുടെ ശരീരത്തിലേക്കു പ്രവഹിപ്പിക്കാൻ ഇവയ്ക്കു കഴിയും. മനുഷ്യരെ കൊല്ലാനൊന്നും ഇതു കൊണ്ടു കഴിയില്ലെങ്കിലും അതികഠിനമായ വേദനയുണ്ടാവും. അതു മാസങ്ങളോളം നീണ്ടു നിൽക്കുകയും ചെയ്യും.

പ്ലാറ്റിപ്പസിനെ ആദ്യമായി  ഓസ്ട്രേലിയയിൽ കണ്ടെത്തിയ കാലത്ത് ഇതു  പക്ഷിയാണോ,മൃഗമാണോ, ഉരഗമാണോ മീനാണോ എന്നു പോലും തീർച്ചയാക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു ഗവേഷകർക്ക്. ‘താറാവിനു സമമായ കൊക്കുകൾ, നീർനായയുടേതു പോലുള്ള ശരീരം, നായ്ക്കളുടേതു പോലെ നാലു കാലുകൾ, അതിൽ കോഴിയുടേത് പോലെ ചേർന്നിരിക്കുന്ന തോൽക്കാലുകൾ... ’ –1799 ൽ തന്റെ പരീക്ഷണശാലയിൽ സ്പിരിറ്റ് കുപ്പിയിലടച്ചെത്തിയ ജീവിയെ കണ്ടു ഞെട്ടിയ ജീവശാസ്ത്ര വിദഗ്ധൻ ജോർജ് ഷായുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു. ബ്രിട്ടിഷ് കോളനിയായിരുന്ന ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ നിന്നായിരുന്നു ഈ ജീവി എത്തിയത്.  പറ്റിക്കാനായി ആരോ താറാവിന്റെയും മറ്റു ജീവികളുടെയും തലയും ശരീരവുമൊക്കെ തുന്നിച്ചേർത്ത് ഒരു ജീവിയെ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ജോർജ് ഷാ ആദ്യം സംശയിച്ചു. അദ്ദേഹം ആ ജീവിയുടെ ശരീരത്തിന്റെ ഓരോ ഇഞ്ചും പരിശോധിച്ചു. ഒടുവിൽ ഇതു ശരിക്കും ഒരു ജീവി തന്നെയാണെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. താമസിയാതെ പ്ലാറ്റിപ്പസ് അക്കാലത്തെ യൂറോപ്യൻ ശാസ്ത്രചർച്ചകളിലെ സ്ഥിരം വിഷയമായി മാറി.‌ 

ജെന്നി ഫോർവാർഡ് (Photo credit: X/ABC News), പ്ലാറ്റിപസ് ( Photo: X/)
ജെന്നി ഫോർവാർഡ് (Photo credit: X/ABC News), പ്ലാറ്റിപസ് ( Photo: X/)

വിചിത്രമായ ജന്തുവിഭാഗങ്ങൾ സ്ഥിരം കാഴ്ചയായ ഓസ്ട്രേലിയയാണ് പ്ലാറ്റിപ്പസിന്റെ ജന്മദേശം. ഇവിടെ മാത്രമേ ഈ ജീവികളെ കാണാൻ സാധിക്കുകയുള്ളൂ. വെള്ളത്തിലാണ് ഇവയുടെ തീറ്റതേടൽ. വെള്ളത്തിന്റെ അടിത്തട്ടിലെ പ്രാണികളെയും പുഴുക്കളെയും കൊഞ്ചിനെയും വാൽമാക്രികളെയുമൊക്കെ അകത്താക്കും. ഒപ്പം കുറച്ച് കല്ലുകളും. 

പല്ലില്ലാത്ത ജീവിയായതിനാൽ ഭക്ഷണം അരച്ചെടുക്കാനാണ് കല്ലുകൾ. ഒറ്റത്തവണ തന്റെ ശരീരഭാരത്തിന്റെ പകുതിയോളം തീറ്റ ഈ വിദ്വാൻ അകത്താക്കുമെന്നാണ് പറയപ്പെടുന്നത്. വളരെ മിടുമിടുക്കനും ചുറുചുറുക്കുള്ളവനും ആയതിനാൽ പ്ലാറ്റിപ്പസിന് ധാരാളം ഭക്ഷണം വേണം. മുട്ടയിടുമെങ്കിലും സസ്തനി വിഭാഗത്തിൽ പെട്ട ജീവികളാണ് പ്ലാറ്റിപ്പസ്. മുട്ടയിടുന്ന ഒരേയൊരു സസ്തനികുടുംബമായ മോണോട്രീമിലെ അംഗമാണ്. സ്രാവുകളെ പോലെ ഇലക്ട്രിക് സിഗ്നലുകൾ ഉപയോഗിച്ചാണ് പ്ലാറ്റിപ്പസ് ഇര തേടുന്നത്. ദിവസത്തിൽ 12 മണിക്കൂറോളം പ്ലാറ്റിപ്പസ് വെള്ളത്തിലായിരിക്കുമെന്ന് ഗവേഷകർ പറയുന്നു.

Read Also: മരപ്പട്ടിയുടെ വിസർജ്യത്തിൽ നിന്നുള്ള കാപ്പിക്കുരു! കോപ്പി ലുവാക്, ലോകത്തെ വിലയേറിയ കാപ്പി

ദിനോസറുകൾ ഭൂമിയിൽ വിഹരിച്ചു നടന്ന കാലം മുതൽ പ്ലാറ്റിപ്പസ് ഭൂമിയിൽ ജീവിക്കുന്നുണ്ടത്രേ; ഏതാണ്ട് 12 കോടി വർഷങ്ങളായി. മാമൽസ് അഥവാ സസ്തനികൾ ഇന്നു ഭൂമിയിലെ ഏറ്റവും ആധിപത്യം പുലർത്തുന്ന ജീവിവർഗമാണ്. എന്നാൽ ദിനോസറുകളുടെ കാലഘട്ടത്തിൽ ഭൂമി ഭരിച്ചിരുന്നത്, അവ കൂടി ഉൾപ്പെട്ട ഉരഗജീവി വർഗമാണ് (റെപ്റ്റീലിയൻസ്). അന്ന് സസ്തനികൾ നാമമാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ പ്രാചീന സസ്തനി കുടുംബത്തിൽ പെട്ട ജീവിയാണ് പ്ലാറ്റിപ്പസ്.

കടുത്ത ബ്രൗൺനിറമുള്ള പ്ലാറ്റിപ്പസ് ജീവികളെ അൾട്രാവയലറ്റ് രശ്മികൾക്കു കീഴിൽ വയ്ക്കുമ്പോൾ ഇവയുടെ ശരീരത്തിൽ പച്ചകലർന്ന നീല നിറത്തിൽ ഒരു തിളക്കം ഉണ്ടാകാറുണ്ട്. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പഗിൾ എന്നാണ് പ്ലാറ്റിപ്പസിന്റെ കുട്ടികൾ അറിയപ്പെടുന്നത്. നീണ്ടുനിൽക്കുന്ന വരൾച്ച, ഓസ്ട്രേലിയയിലെ കാട്ടുതീ ബാധകളായ ബുഷ്ഫയറുകൾ, കാലാവസ്ഥാ വ്യതിയാനം, വന നശീകരണം എന്നിവ പ്ലാറ്റിപ്പസുകളുടെ ആവാസവ്യവസ്ഥയെ പരുങ്ങലിലാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com