ADVERTISEMENT

മഞ്ഞുമ്മൽ ബോയ്‌സ് എന്ന സമീപകാല ഹിറ്റ് ചിത്രത്തിലൂടെ, മലയാളികളുടെ പ്രിയ ഒഴിവുകാല വിനോദസഞ്ചാര കേന്ദ്രവും ഹിൽ സ്റ്റേഷനുമായ കൊടൈക്കനാലിലെ ഗുണ കേവ്‌സ് വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തി. ചെകുത്താന്റെ അടുക്കള എന്നറിയപ്പെടുന്ന ഈ അപകടകാരിയായ ഗുഹയെപ്പറ്റി തദ്ദേശീയർക്കു ഭയാശങ്കകളുമുണ്ട്. ഇത്തരത്തിൽ പല കെട്ടുകഥകളും വിശ്വാസങ്ങളും കൊടൈക്കനാലിലെ ചില സ്ഥലങ്ങളുമായി ബന്ധപ്പെട്ടുണ്ട്.

അതിലൊരു സ്ഥലമാണ് മതികെട്ടാൻ ചോല. കൊടൈക്കനാലിൽനിന്നു ബെരിജാം തടാകത്തിലേക്കു പോകുന്ന വഴിയാണ് ഈ കാട്. ഇതിൽ കയറുന്നവർക്കു ചിത്തഭ്രമം പിടിപെട്ട് തിരിച്ചുകയറാനൊക്കാത്ത സ്ഥിതി വരുമെന്നാണ് തലമുറകളായി നാട്ടുകാർക്കിടയിലുള്ള വിശ്വാസം. തമിഴ്നാട്ടിലും കേരളത്തിലുമായി സ്ഥിതി ചെയ്യുന്ന മതികെട്ടാൻ വനോദ്യാനത്തിന്റെ ഭാഗമാണ് ഇതും. ഈ കാട്ടിൽ എന്തോ വിചിത്ര സസ്യമുണ്ടെന്നും അതിൽ നിന്നുയരുന്ന ഗന്ധമാണ് ആളുകളെ വഴിതെറ്റിക്കുന്നതെന്നുമൊക്കെ ആളുകൾ വിശ്വസിക്കുന്നു. ഇതിനൊന്നും തെളിവുകളോ സ്ഥിരീകരണമോ ഇല്ല.

mathikettan-sholai
മതികെട്ടാൻ ചോല (Photo: X/@LotusEater_2)

എന്നാൽ ജപ്പാനിൽ ഒരു കാടു തന്നെ ആത്മഹത്യാ സങ്കേതമായി കണക്കാക്കപ്പെടുന്നു. ജപ്പാനിലെ ആവോകിഗഹര വനമാണ് ഇത്. ആത്മഹത്യാവനം എന്നാണ് ഇതറിയപ്പെടുന്നത്. ആത്മഹത്യയ്‌ക്കെതിരെയുള്ള അവബോധങ്ങൾ ഉൾപ്പെടുന്ന ബോർഡുകളും പോസ്റ്ററുകളുമൊക്കെ ഈ വനത്തിനു പുറത്ത് ജാപ്പനീസ് അധികൃതർ സ്ഥാപിച്ചിട്ടുണ്ട്.

Read Also: രണ്ടെണ്ണം മുങ്ങി, 2050ഓടെ ബാക്കി ദ്വീപുകളും കടലെടുക്കും; തകരുന്ന മഡഗാസ്കറും കിരിബാത്തിയും

ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്യാനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ രണ്ടാം സ്ഥാനമായിരുന്നു ഈ വനത്തിന്. ആദ്യ സ്ഥാനം യുഎസിലെ ഗോൾഡൻ ഗേറ്റ് പാലത്തിനായിരുന്നു. ഈ പാലത്തിൽ ഇപ്പോൾ ആത്മഹത്യാശ്രമങ്ങൾ തടയാനായി വലകൾ സ്ഥാപിച്ചിട്ടുണ്ട്. ജപ്പാനിലെ അതിപ്രശസ്ത അഗ്നിപർവതമായ ഫുജി പർവതത്തിന്റെ വടക്കുകിഴക്കായാണ് 35 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ ആവോകിഗഹര വ്യാപിച്ചുകിടക്കുന്നത്. തലസ്ഥാന നഗരമായ ടോക്യോയിൽനിന്ന് രണ്ടു മണിക്കൂർ യാത്രയിൽ ഈ കാട്ടിലെത്താം.

Aokigahara Forest (Photo: X/@KkHimalaya)
Aokigahara Forest (Photo: X/@KkHimalaya)

ഇടതൂർന്ന് വൃക്ഷങ്ങൾ നിൽക്കുന്നതിനാൽ ഈ കാട് മരങ്ങളുടെ സമുദ്രം എന്നുമറിയപ്പെടാറുണ്ട്. ഇവിടെ വലിയ തോതിൽ കാന്തിക മൂലകങ്ങളുടെ നിക്ഷേപമുണ്ട്. അഗ്നിപർവത പ്രവർത്തനങ്ങളാൽ ഉണ്ടായതാണ് ഇത്. ഇതു കാരണം വടക്കുനോക്കി യന്ത്രങ്ങളും മറ്റുപകരണങ്ങളും ഇവിടെയെത്തിയാൽ പ്രവർത്തിക്കില്ല. മൊബൈൽ ഫോണുകളിൽ സിഗ്നലും കിട്ടില്ല. ഇടതൂർന്ന മരങ്ങളൊരുക്കുന്ന കെണിയിൽ, വന്നവഴി കണ്ടുപിടിക്കുക പ്രയാസമായിരിക്കും. ചുരുക്കത്തിൽ, ഇതിനുള്ളിൽ ഇറങ്ങുന്നവർ അവിടെ പെട്ടുപോകാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ഈ കാട്ടിൽ യൂറെയ് എന്ന പ്രേതാത്മാക്കളുണ്ടെന്നും ഇവയാണ് ആളുകളെ വഴിതെറ്റിക്കുന്നതെന്നുമൊക്കെ ചില നാട്ടുകാർ വിശ്വസിക്കുന്നു. ഈ കാട് ഹൊറർ സാഹിത്യത്തിലും മറ്റുമൊക്കെ ഇടംനേടിയിട്ടുണ്ട്.

Read Also: രണ്ടെണ്ണം മുങ്ങി, 2050ഓടെ ബാക്കി ദ്വീപുകളും കടലെടുക്കും; തകരുന്ന മഡഗാസ്കറും കിരിബാത്തിയും

നിബിഡവനത്തിൽപെട്ട് വഴിതെറ്റുക എന്ന സ്വാഭാവികമായ കാര്യം മാത്രമാണ് ഈ കാട്ടിൽ നടക്കുന്നത്. എന്നാൽ സാഹസികരായ വിനോദസഞ്ചാരികൾ ഈ കാട്ടിൽ കയറി തിരിച്ചിറങ്ങിയിട്ടുമുണ്ട്. പ്ലാസ്റ്റിക് കയറുകളും ടേപ്പുകളുമൊക്കെ ഉപയോഗിച്ച് വഴി അടയാളപ്പെടുത്തിയാണ് ഇവർ കയറുന്നത്. തിരിച്ച് ഇറങ്ങുമ്പോൾ ഇവ ദിശാസൂചികളായി പ്രവർത്തിക്കും. വഴിതെറ്റാതെ തിരിച്ചിറങ്ങാനും സാധിക്കും.

Aokigahara Forest, Japan  (Photo: X/@WokeVirtueSignl)
Aokigahara Forest, Japan (Photo: X/@WokeVirtueSignl)

ഈ വനം പാരിസ്ഥിതികമായി വളരെ പ്രധാനപ്പെട്ടതാണെന്ന് വിദഗ്ധർ പറയുന്നു. അനേകതരം ജന്തുക്കളും മറ്റും ഇവിടെയുണ്ട്. ഇവിടെയുള്ള മരങ്ങളിൽ പലതും 300 വർഷത്തിനുമേൽ പ്രായമുള്ളവയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com