കോടിക്കണക്കിന് രൂപ വിലയുള്ള പശുക്കൾ! ബ്രസീലിനെ കീഴടക്കിയ ഇന്ത്യൻ നെല്ലൂർ
Mail This Article
ഏകദേശം 40 കോടി രൂപയ്ക്കാണ് ബ്രസീലിൽ കഴിഞ്ഞദിവസം ഒരു പശുക്കച്ചവടം നടന്നത്. നെല്ലൂർ പശുക്കൾ എന്നയിനത്തിൽപെട്ട പശുവായ മാര ഇമോവെസിനെയാണ് വൻതുക മുടക്കി വാങ്ങിയത്. ഇന്ത്യയിൽ നിന്ന് ബ്രസീലിൽ എത്തിയ പശുവിനമാണ് നെല്ലൂർ ബ്രീഡ്. പേരു സൂചിപ്പിക്കുന്നതു പോലെ ആന്ധ്ര പ്രദേശിലെ നെല്ലൂരാണ് ഈ പശുക്കളുടെ ഉദ്ഭവസ്ഥലം. ബോസ് ഇൻഡിക്കസ് എന്നു ശാസ്ത്രീയനാമമുള്ള ഈ പശുക്കൾ ഇന്ത്യയിലെ ഓംഗോൾ കന്നുകാലികളിൽ നിന്ന് രൂപപ്പെട്ടതാണ്. നെല്ലൂർ പശുക്കളും ബ്രസീലും തമ്മിൽ നൂറ്റാണ്ടു പിന്നിട്ട ഒരു ചരിത്രമുണ്ട്.
യുഎസും കാനഡയും ബ്രസീലും അർജന്റീനയുമൊക്കെ ഉൾപ്പെടുന്ന, തെക്കും വടക്കുമായുള്ള അമേരിക്കൻ വൻകരകൾ കന്നുകാലി ഫാമിങ്ങിനു വളരെ പ്രശസ്തമാണ്. എന്നാൽ പശു ഈ മേഖലയിൽ ഉണ്ടായിരുന്ന ഒരു മൃഗമല്ല എന്നതാണു വസ്തുത. വിഖ്യാത യൂറോപ്യൻ സഞ്ചാരിയായ ക്രിസ്റ്റഫർ കൊളംബസ് തന്നെയാണ് മേഖലയിലേക്ക് ആദ്യമായി പശുക്കളെ കൊണ്ടുവന്നത്. 1493 ൽ കരീബിയയിലേക്കായിരുന്നു ഇത്. പിന്നീട് പല കാലങ്ങളിൽ സ്പാനിഷ് കൊളോണിയൽ യാത്രികർ പശുക്കളെ ഇവിടെയെത്തിച്ചു. ബ്രീഡിങ്ങും റാഞ്ചുകളും ഫാമുകളുമൊക്കെ പ്രബലമായി. കൗബോയ് കൾച്ചർ എന്നൊരു ഉപസംസ്കാരം പോലും യുഎസിലും മെക്‌സിക്കോയിലുമൊക്കെ രൂപപ്പെട്ടു.
1868 ലാണ് ബ്രസീലിലേക്ക് ആദ്യമായി ഓംഗോൾ ബ്രീഡിലുള്ള കന്നുകാലികൾ എത്തിയത്. ബ്രസീലിയൻ സാഹചര്യങ്ങൾക്ക് തീർത്തും അനുയോജ്യമായിരുന്നു ഈ പശുക്കൾ. കടുത്ത ചൂടിനെയും രോഗബാധകളെയുമൊക്കെ ചെറുക്കാനുള്ള കഴിവ് ഇവയ്ക്ക് നന്നായുണ്ടായിരുന്നു. അങ്ങനെ നെല്ലൂർ ബ്രീഡ് ബ്രസീലിയൻ കാലിവളർത്തുകാരുടെ ഹൃദയത്തിൽ ഇടം നേടി. പുറത്തുള്ള മുഴയും നീളമുള്ള കാലുകളും ചെറിയ ചെവികളും ഇവയുടെ പ്രത്യേകതയാണ്.
ഇന്ന് ബ്രസീലിലെ പശുക്കളിൽ 80 ശതമാനവും നെല്ലൂർ ബ്രീഡിൽ ഉൾപ്പെട്ടതാണ്. നെല്ലൂർ പശുക്കൾ പ്രചുരപ്രചാരം നേടുന്നതിനു മുൻപ് ബ്രസീലിൽ പ്രശസ്തമായിരുന്ന സെബു വിഭാഗത്തിലുള്ള പശുക്കളും ഇന്ത്യയിൽ നിന്നുള്ളവയായിരുന്നു.