പ്രകൃതി നശിക്കുന്നു; വയനാട്ടിലും വാഹനങ്ങൾക്ക് പാസ്സും പ്രവേശനഫീസും വേണമെന്ന് ആവശ്യം

Mail This Article
വയനാടിന്റെ പ്രകൃതിയെയും ജനജീവിതത്തെയും ഗുരുതരമായി ബാധിക്കുന്ന വാഹനപ്പെരുപ്പം കർശനമായി നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. വയനാട്ടിലെ സാധാരണക്കാരുടെ സ്വൈര്യ ജീവിതം താറുമാറാക്കിയിരിക്കുന്നു. വയനാടൻ ചുരങ്ങളിൽ സ്ഥിരമായി ഗതാഗതകുരുക്ക് അനുഭവപ്പെടുന്നു. കൃഷിയെയും ജല ലഭ്യതയെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു.ഊട്ടിക്കും കൊടൈക്കനാലിനും പുറത്തുള്ള വാഹനങ്ങൾക്ക് ഈ-പാസ്സ് നടപ്പാക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് കേരളത്തിന് മാതൃകയാക്കാവുന്നതാണെന്ന് സമിതി പ്രസിഡന്റ് എൻ. ബാദുഷ പറഞ്ഞു.
വയനാട്ടിൽ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അനിയന്ത്രിത ടൂറിസത്തിന്റെ തിക്തഫലങ്ങൾ വയനാട്ടുകാർ അനുഭവിച്ചുകൊണ്ടിരിക്കയാണ്.ടൂറിസം സംരഭകരിൽ 99 ശതമാനവും വയനാടിനു പുറത്തുള്ളവരാണ്. വയനാടിന്റെ പ്രകൃതിസമ്പത്തുകൾ ഊറ്റിക്കുടിച്ച ശേഷം അവർ പുതിയ മേച്ചിൽപ്പുറം തേടിപ്പോകുമെന്ന് സമിതി പറഞ്ഞു. വാഹന നിയന്ത്രണത്തിന് .അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രകൃതിസംരക്ഷണ സമിതി മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും കത്തയച്ചു.