ADVERTISEMENT

ഒരു മാസത്തിനിടയിൽ രണ്ടു കാട്ടാനകൾ ട്രെയിനിടിച്ചു ചരിഞ്ഞ പാലക്കാട് കേ‌ാട്ടേക്കാട് ഭാഗത്ത് അപകടങ്ങൾ തടയാൻ നിർമിതബുദ്ധി (എഐ)യിൽ പ്രവർത്തിക്കുന്ന ഗജരാജ സംവിധാനം റെയിൽവേ നേരിട്ടു സ്ഥാപിക്കും. മധുക്കര സെക്‌ഷനിൽ തമിഴ്നാട് വനംവകുപ്പ് എഐ അടിസ്ഥാനമാക്കി വിപുലമായ ക്യാമറ പദ്ധതി നടപ്പാക്കി. അവിടെ നിന്നു കേ‍ാട്ടേക്കാടു വരെ തുടർച്ചയായി നിരീക്ഷണം സാധ്യമാകുന്ന വിധം 32 കിലേ‍ാമീറ്റർ ദൂരത്താണ് ഗജരാജ് എന്നറിയപ്പെടുന്ന ഇഐഡിഎസ്( എലിഫന്റ് ഇൻക്ലൂഷൻ ഡിറ്റക്‌ഷൻ സിസ്റ്റം) ആരംഭിക്കുക. 15.42 കേ‍ാടി രൂപയാണ് ചെലവ്. 

ആനകൾ കെ‍ാല്ലപ്പെട്ടതിനെ തുടർന്ന് വനം– റെയിൽവേ അധികൃതർ സംയുക്തമായി പരിഹാര നടപടി ചർച്ചചെയ്തിരുന്നു. ബിഎസ്എൻഎൽ സഹായത്തേ‍ാടെ എഐ ക്യാമറ സ്ഥാപിക്കൽ വനംവകുപ്പ് പരിഗണിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി തടസ്സമാണ്. ഇതിനിടയിലാണു നേരിട്ടു നടപടിക്ക് ദക്ഷിണ റെയിൽവേ ജനറൽമാനേജർ അനുമതി നൽകിയത്. ഡിവിഷനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 

ആന ചരിഞ്ഞ നിലയിൽ. ചിത്രം: ഗിബി സാം ∙ മനോരമ
ആന ചരിഞ്ഞ നിലയിൽ. ചിത്രം: ഗിബി സാം ∙ മനോരമ

വനത്തിനുളളിലുടെയുളള ബി, എ ട്രാക്കിന് 40 മീറ്റർ പരിസരത്ത് എത്തുന്ന ആനകളുടെ സാന്നിധ്യം ലേസർ സെൻസർ വഴി സ്റ്റേഷൻ മാസ്റ്റർക്കും ലേ‍ാക്കേ‍ാ പൈലറ്റിനും ഉടൻ അറിയാൻ കഴിയുന്ന പദ്ധതിയിൽ അപകടം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. ആന്ധ്രയിലെ അലിപ്പൂർദ്വാർ ഡിവിഷനിൽ തുടങ്ങിയ സംവിധാനം മറ്റുചില കിഴക്കൻ സംസ്ഥാനങ്ങളിലും വിജയമാണെന്നു അധികൃതർ പറഞ്ഞു.

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ഭൂമിക്കടിയിൽ കുഴിച്ചിട്ട ഒപ്റ്റിക്കൽ ഫൈബർ കേബിളിന്റെ സഹായത്തോടെ ആനയുടെയും മറ്റ് വന്യ മൃഗങ്ങളുടെയും മനുഷ്യവാസ സ്ഥലലങ്ങളിൽ പ്രവേശിക്കുന്നതിനു മുൻപ് തന്നെ അറിയിപ്പുകൾ ലഭിക്കുന്നു. നിർമിത ബുദ്ധി അധിഷ്ഠിത സോഫ്റ്റ്‌വെയറില്‍ വിശകലനം ചെയ്ത് വേഗത്തില്‍ ആര്‍ആര്‍ടി സംഘത്തിനെ അറിയിക്കാന്‍ കഴിയുമെന്ന് സാങ്കേതികവിദഗ്ധന്‍ ആര്‍.അഭിലാഷ് വ്യക്തമാക്കി.

കുങ്കിയാന അഗസ്ത്യനെ വനമേഖലയിലെത്തിച്ചപ്പോൾ. ചിത്രം: ഗിബി സാം ∙ മനോരമ
കുങ്കിയാന അഗസ്ത്യനെ വനമേഖലയിലെത്തിച്ചപ്പോൾ. ചിത്രം: ഗിബി സാം ∙ മനോരമ

തെര്‍മല്‍ക്യാമറ സംവിധാനത്തിലൂടെ മൃഗങ്ങളുടെ ഫോട്ടോ ഉള്‍പ്പെടെ പതിഞ്ഞുള്ള സന്ദേശമായതിനാല്‍ വേഗത്തില്‍ ആര്‍ആര്‍ടി സംഘത്തിന് പ്രതികരിക്കാന്‍ കഴിയും. വനം വകുപ്പുമായി ചേർന്ന് സഹകരണ സ്ഥാപനമായ കേരള ദിനേശ് ഐ.ടി സിസ്റ്റമാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ലെ‍ാക്കേഷൻ സർവേ, പ്രേ‍ാജക്ട് തയാറാക്കൽ, ടെൻഡർ നടപടികൾ റെയിൽവേ ഏജൻസി നടത്തും. ഒരു വർഷത്തിനുള്ളിൽ സംവിധാനം പൂർത്തിയാക്കാനാണു ശ്രമം. 

ആനകൾ കെ‍ാല്ലപ്പെട്ടതിനെ തുടർന്ന് ബി ട്രാക്കിൽ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 35 കിലേ‍ാമീറ്ററും എ ട്രാക്കിൽ 65 കിലേ‍ാമീറ്ററുമാക്കി കുറച്ചു. 4.60 കേ‍ാടി രൂപ ചെലവിൽ പ്രദേശത്ത് കൂടുതൽ സേ‍ാളർ ലൈറ്റുകൾ സ്ഥാപിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

English Summary:

Revolutionary AI System Gajraj to Safeguard Elephants on Palakkad Tracks: Preventing Wildlife Casualties at Rs 15.42 Crore Investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com