ഇത് കരിയിലയല്ല, പല്ലിയാണ്! ചുവന്ന വായ തുറന്ന് പേടിപ്പിക്കും
Mail This Article
പരിസ്ഥിതി അദ്ഭുതങ്ങളുടെ നാടാണ് ആഫ്രിക്കയിലെ മഡഗാസ്കർ. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന അതിപ്രാചീന മത്സ്യമായ സീലക്കാന്തും ജീവിതത്തിന്റെ മരം എന്നറിയപ്പെടുന്ന ബോവാബ് വൃക്ഷങ്ങളുമൊക്കെ സ്ഥിതി ചെയ്യുന്ന സ്ഥലം. പ്രകൃതി അതിന്റെ മായാജാലം കാട്ടിയ മഡഗാസ്കറിൽ മറ്റെങ്ങുമില്ലാത്ത ജീവി–സസ്യവർഗങ്ങൾ ധാരാളം.
മഡഗാസ്കറിൽ മാത്രം ഇത്തരത്തിൽ കാണപ്പെടുന്ന ഒരു പല്ലിയാണ് ഫന്റാസ്റ്റിക് ലീഫ് ടെയിൽഡ് ഗെക്കോ അഥവാ കരിയിലവാലൻ പല്ലി. യൂറോപ്ലാറ്റസ് ഫന്റാസ്റ്റിക്കസ് എന്നു ശാസ്ത്രനാമമുള്ള ഈ പല്ലിയെ കണ്ടാൽ മരത്തിൽ ഒരു കരിയില ഇരിക്കുന്നതുപോലെയിരിക്കും. കരിയില പോലെ ആകൃതിയുള്ള വാലാണ് ഇതിനു കാരണം. യൂറോപ്ലാസ്റ്റസ് എന്ന വിഭാഗത്തിൽ അനേകം പല്ലികളുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ചെറുതാണ് കരിയിലവാലൻ പല്ലിയെന്നു കരുതപ്പെടുന്നു. 1888ൽ ജോർജ് ആൽബർട് ബൗളിഞ്ജർ എന്ന സസ്യശാസ്ത്രജ്ഞനാണ് ഈ പല്ലികളെപ്പറ്റി ആദ്യം വിശദീകരിച്ചത്.
മഡഗാസ്കറിന്റെ വടക്കും മധ്യത്തിലുമായി സ്ഥിതി ചെയ്യുന്ന ഉഷ്ണവനങ്ങളിലാണ് ഈ പല്ലിയുടെ സാന്നിധ്യമുള്ളത്. 90 മില്ലിമീറ്റർ വരെ നീളമുള്ളവയാണ് ഇവ. തലയിലും ശരീരത്തിലും മുള്ളുകൾ പോലുള്ള ഘടനകളുണ്ട്. കരിയിലകളിലും മറ്റും ചെറിയ സുഷിരങ്ങളുള്ളതുപോലെ ഇതിന്റെ കരിയിലവാലിലും കാണാം.
പകൽ പതുങ്ങിയിരിക്കുന്ന കരിയിലവാലൻ പല്ലികൾ രാത്രിയിലാണ് ഇരതേടി ഇറങ്ങുന്നത്. ഇവയ്ക്ക് കൺപോളകളില്ല. കണ്ണിൽ പറ്റുന്ന പൊടിപടലങ്ങളും കരടുകളുമൊക്കെ തന്റെ നീണ്ട നാക്കുകൊണ്ടാണ് ഇവ മാറ്റി വൃത്തിയാക്കുന്നത്. കീടങ്ങളെയാണ് ഇവ പ്രധാനമായും ഭക്ഷണമാക്കുന്നത്. കരുത്തുറ്റ നഖങ്ങളും പറ്റിച്ചേർന്നു നീങ്ങാനുള്ള കഴിവും മരങ്ങളിലൂടെയുള്ള ഇവയുടെ സഞ്ചാരം സുഗമമാക്കും. പതിവിലുമില്ലാത്ത രീതിയിൽ ചുവന്ന വായയാണ് ഇവയ്ക്ക്. തങ്ങളെ പിടിക്കാൻ വരുന്ന ജീവികളെ ഇവ വായതുറന്ന് പേടിപ്പിക്കാറുണ്ട്.
മറ്റു പല ഉരഗങ്ങളെയും പോലെ ഇവ മുട്ടയിട്ടാണു കുട്ടികളെ ഉത്പാദിപ്പിക്കുന്നത്. 90 മുതൽ 120 ദിവസമെടുത്താണ് മുട്ട വിരിയുന്നത്. യുഎസിൽ 7 മൃഗശാലകളിൽ ഈ പല്ലികളെ വളർത്തുന്നുണ്ട്. വനനശീകരണം ഇവയുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്നത് ഈ പല്ലികൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അരുമജീവികളായി നല്ല വിപണിയുള്ളതിനാൽ ഇവയെ പിടികൂടാൻ അനധികൃത വേട്ടാക്കാരും കാട്ടിലെത്താറുണ്ട്.