മൃഗലോകത്തെ പാചകക്കാർ! മധുരക്കിഴങ്ങ് ഉപ്പിൽ മുക്കി കഴിച്ച ജാപ്പനീസ് മക്കാക്ക്

Mail This Article
ജന്തുലോകത്തെ നിയമം കൈയിൽ കിട്ടിയ ഭക്ഷണം കഴിക്കുക എന്നതാണ്. എന്നാൽ മനുഷ്യരോ ഭക്ഷണം പാകം ചെയ്ത്, അത് അലങ്കരിച്ച് രുചികൂട്ടുന്നതിനുള്ള പൊടിക്കൈകളൊക്കെ പ്രയോഗിച്ച് വളരെ കലാപരമായിട്ടാണ് ഭക്ഷണം കഴിക്കുക. ഒരു ഓംലറ്റ് മുന്നിലെത്തുമ്പോൾ അതിൽ അൽപം ഉപ്പും കുരുമുളകുമിട്ടില്ലെങ്കിൽ എങ്ങനാ? സാൻഡ്‌വിച്ച് കഴിക്കുമ്പോൾ അൽപം കെച്ചപ്പ് ഒഴിക്കണം.
ഭക്ഷണത്തിൽ ഇത്തരം നുറുങ്ങുവിദ്യകൾ പ്രയോഗിക്കുന്നത് ഒരു മനുഷ്യസ്വഭാവമാണ്. എന്നാൽ ഇത്തരം രീതി ആദ്യമായി ഗവേഷകർക്കു മുൻപിൽ കാട്ടിയ മനുഷ്യേതര ജീവികളാണ് ജാപ്പനീസ് മക്കാക്ക്. മഞ്ഞുകുരങ്ങന്മാരെന്നും മക്കാക്കുകൾ അറിയപ്പെടാറുണ്ട്. തികഞ്ഞ പുരുഷാധിപത്യം നിലനിൽക്കുന്ന ജീവിസമൂഹമാണ് മക്കാക്കുകൾക്കുള്ളത്. ശക്തമായ സാമൂഹികക്രമം പാലിക്കുന്നവരാണ് മക്കാക്കുകൾ. ഈ ക്രമത്തിന്റെ ഏറ്റവും മുകളിലുള്ള കുരങ്ങുകൾക്ക് ഭക്ഷണം, ഇണ തുടങ്ങിയവ മറ്റുള്ളവരെ അപേക്ഷിച്ച് വേഗത്തിലും സുലഭമായും ലഭിക്കും.

മക്കാക്കുകളിൽ ശാസ്ത്രജ്ഞർ ഒരിക്കൽ പരീക്ഷണം നടത്തി. മധുരക്കിഴങ്ങുകൾ അവർക്ക് നൽകിയായിരുന്നു പരീക്ഷണം. ശാസ്ത്രജ്ഞർ മധുരക്കിഴങ്ങുകൾ മക്കാക്കുകൾക്ക് നൽകി. ശാസ്ത്രജ്ഞർ കാട്ടിയതനുസരിച്ച് മക്കാക്കുകൾ മധുരക്കിഴങ്ങുകൾ കഴുകി ഉപയോഗിച്ചുതുടങ്ങി. ഈ ശീലം അടുത്ത തലമുറയിലേക്കും പകർത്തപ്പെട്ടു. എന്നാൽ ഇതിനിടെ ഏതോ മക്കാക്കുകൾ മധുരക്കിഴങ്ങ് കടലിലെ ഉപ്പുവെള്ളത്തിൽ കഴുകി ഭക്ഷിച്ചു. ഉപ്പുരസം കലർന്നതിനാൽ ഭക്ഷണം കൂടുതൽ രുചികരമായതായി കുരങ്ങുകൾക്ക് അനുഭവപ്പെട്ടു. നമ്മൾ കെച്ചപ്പും മറ്റും ഉപയോഗിക്കുന്നതുപോലെ ഈ മക്കാക്കുകൾ പിന്നീട് മധുരക്കിഴങ്ങ് കഴുകി ഉപയോഗിച്ചത്രേ.
ഞെട്ടിച്ച യാക്കി
ജപ്പാനിലെ മക്കാക്കുകളെ ലോകപ്രശസ്തമാക്കിയ ഒരു സംഭവമാണ് യാക്കിയുടെ സാഹസികത. 677 അംഗങ്ങളുള്ള കുരങ്ങിൻ കൂട്ടത്തിന്റെ അധികാരം ഒരു പെൺകുരങ്ങു പിടിച്ചെടുത്തതായിരുന്നു ഇതിന്റെ പിന്നിലെ സംഭവം. സ്വന്തം അമ്മയെയും കുരങ്ങിൻ സംഘത്തിലെ തലമുതിർന്ന 4 ആൺകുരങ്ങുകളെയും കായികമായി അടിച്ചൊതുക്കിയാണ് യാക്കിയെന്ന പെൺകുരങ്ങ് കൂട്ടത്തിന്റെ അനിഷേധ്യ നേതാവായി മാറിയത്.
മക്കാക്കുകൾ കൂട്ടമായി അധിവസിക്കുന്ന താകാസാക്കിയാമ നാച്ചുറൽ സൂവോളജിക്കൽ ഗാർഡൻ എന്ന വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് യാക്കിയുടെ താമസം.

മക്കാക്ക് പറ്റത്തിൽ ഉന്നത സ്വാധീനമുള്ള പെൺകുരങ്ങുകളുണ്ടാകുമെങ്കിലും ഇവയും പുരുഷ ഭരണത്തിന്റെ കീഴിലാണ് നിലനിൽക്കുന്നത്. ഇത്തരത്തിൽ കൂട്ടത്തിലെ ഏറ്റവും പ്രബലയായ പെൺകുരങ്ങായിരുന്നു യാക്കിയുടെ അമ്മക്കുരങ്ങ്. സ്വന്തം അമ്മയെത്തന്നെ അടിച്ചൊതുക്കിയ യാക്കി ആ സംഭവത്തോടെ കൂട്ടത്തിലെ ഏറ്റവും കരുത്തയായ പെൺകുരങ്ങായി മാറി.
ഇതിനു ശേഷമാണ് കൂട്ടത്തിന്റെ നേതൃത്വ സ്ഥാനം വഹിച്ച ആൺകുരങ്ങുകളെ ഒന്നൊന്നായി മല്ലയുദ്ധത്തിൽ അടിച്ചൊതുക്കുന്നതിനു യാക്കി തുടക്കമിട്ടത്. യാക്കിയുടെ കരുത്തിനു മുന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞു. ഇതിനുശേഷം കൂട്ടത്തിന്റെ അനിഷേധ്യ നേതാവും തലവനുമായ നാൻചുവെന്ന 31 വയസ്സുള്ള മുതിർന്ന ആൺകുരങ്ങിനെ യാക്കി ലക്ഷ്യമിട്ടു. താമസിയാതെ പോരാട്ടം തുടങ്ങി. നാൻചുവും കീഴടങ്ങിയതോടെ യാക്കി പറ്റത്തിന്റെ ഏകാധിപത്യം പേറുന്ന റാണിയായി ഉയർന്നു. യാക്കിയോട് എതിരിട്ട ആൺകുരങ്ങുകൾക്കെല്ലാം ഗുരുതരമായ നിലയിൽ പരുക്ക് പറ്റി.
ഇന്ന് ജപ്പാനിലെ മക്കാക്കുകളെപ്പറ്റി പല കഥകളുമുണ്ട്. ഇവയ്ക്ക് നാണയമിട്ട് വെൻഡിങ് മെഷീനിൽ നിന്ന് പലഹാരങ്ങളും മറ്റുമെടുക്കാൻ പറ്റുമെന്നൊക്കെ പ്രചാരണമുണ്ട്. എന്നാൽ ഇതിന്റെ സത്യാവസ്ഥ ഇന്നും സ്ഥിരീകരിക്കപ്പെട്ടില്ല.