‘മാമ’എന്ന് വിളിച്ച് ചിമ്പാൻസി; അവർക്ക് സംസാരിക്കാൻ കഴിവുണ്ടെന്ന് പുതിയ പഠനം
Mail This Article
മനുഷ്യരുടെ ഏറ്റവുമടുത്ത ബന്ധുക്കൾ എന്നറിയപ്പെടുന്ന ചിമ്പാൻസികൾക്ക് സംസാരിക്കാനുള്ള ശേഷിയുണ്ടെന്ന വാദവുമായി പുതിയൊരു പഠനം. ശാസ്ത്രജ്ഞരുടെ ഒരു രാജ്യാന്തരസംഘമാണ് ഗവേഷണം നടത്തിയത്. ചിമ്പാൻസികളുമായി ബന്ധപ്പെട്ടുള്ള വിഡിയോ ഫൂട്ടേജുകൾ പരതിയാണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്. പ്രതിസന്ധി ഘട്ടത്തിൽ അകപ്പെട്ട ഒരു കൂട്ടം ചിമ്പാൻസികളുടെ വിഡിയോ ശാസ്ത്രജ്ഞർ പരിശോധിച്ചു. ‘മാമ’ എന്ന ശബ്ദമുണ്ടാക്കുന്നതായി ശാസ്ത്രജ്ഞർക്ക് അനുഭവപ്പെട്ടു. ഫ്ളോറിഡയിലെ പാംഹാർബറിൽ ഒരു വന്യജീവിസംരക്ഷണ കേന്ദ്രത്തിൽ താമസിച്ചിരുന്ന ജോണി എന്ന ചിമ്പാൻസി മൃഗശാലയിലെത്തുന്നവരെയെല്ലാം മാമ എന്നായിരുന്നു വിളിച്ചിരുന്നത്. യൂണിവേഴ്‌സൽ സ്റ്റുഡിയോസിന്റെ 1962ലെ ഒരു വിഡിയോ പരിശോധിച്ചപ്പോൾ അതിലും റെനാറ്റ എന്ന ചിമ്പാൻസി മാമ എന്നു വിളിക്കുന്നത് ഗവേഷകരുടെ ശ്രദ്ധയിൽപെട്ടു.
തങ്ങളുടെ പഠനഫലങ്ങൾ ശാസ്ത്രജ്ഞർ സയന്റിഫിക് റിപ്പോർട്ട്‌സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ശുഷ്‌കമെങ്കിലും സംഭാഷണത്തിനുള്ള ഒരു ശേഷി ചിമ്പാൻസികൾ പ്രകടിപ്പിച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചു. 1947ൽ കെയ്ത്, കാതറീൻ ഹെയ്‌സ് എന്നീ ദമ്പതിമാർ വളർത്തിയ വികി എന്ന ചിമ്പാൻസി മാമ, കപ്പ്, അപ്പ്, പാപാ തുടങ്ങിയ വാക്കുകൾ ഉച്ചരിച്ചതായുള്ള വെളിപ്പെടുത്തലുകളും ശാസ്ത്രജ്ഞർ പരിഗണിച്ചു.
ഭൂമിയിൽ മനുഷ്യർ കഴിഞ്ഞാൽ പിന്നീട് ഏറ്റവും ബുദ്ധിയുള്ള ജീവികളായി കണക്കാക്കപ്പെടുന്നത് ആൾക്കുരങ്ങുകളെയാണ്. വാലില്ലാക്കുരങ്ങ് എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും കുരങ്ങുകളിൽ (Monkeys) നിന്നു വലിയ വ്യത്യാസമുണ്ട് ആൾക്കുരങ്ങുകൾക്ക് (Apes). പരിണാമ പ്രക്രിയയിൽ വേർപെട്ട, മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുക്കളാണ് ആൾക്കുരങ്ങുകൾ. ചിമ്പാൻസി, ഗൊറില്ല, ബൊനോബോസ്, ഒറാങ്ഉട്ടാൻ എന്നിവയാണ് ആൾക്കുരങ്ങുകളിലെ പ്രധാനികൾ. ഗ്രേറ്റ് ഏപ്‌സ് എന്ന് ഇവർ അറിയപ്പെടുന്നു. ഇവയ്ക്കു കുരങ്ങുകളെക്കാൾ മനുഷ്യരുമായിട്ടാണു സാമ്യം.
കാട്ടിൽ താമസിക്കുന്ന ചിമ്പാൻസികളുടെ ശരാശരി ജീവിതദൈർഘ്യം 33 വയസ്സാണ്. എന്നാൽ മൃഗശാലകളിലും മറ്റും ഇവ 63 വയസ്സൊക്കെ വരെ ജീവിച്ചിരിക്കാറുണ്ട്. വംശനാശ ഭീഷണി അഭിമുഖീകരിക്കുന്ന ജീവികളായ ചിമ്പാൻസികൾ ആഫ്രിക്കയിൽ നിന്നുള്ളവരാണ്. ഒരു ലക്ഷത്തിലധികം ചിമ്പാൻസികൾ മാത്രമാണ് ഇപ്പോഴുള്ളതെന്നു സാൻ ഫ്രാൻസിസ്‌കോ മൃഗശാല അധികൃതർ പറയുന്നു.
പരിണാമദിശയിൽ മനുഷ്യനോട് ഏറെ അടുത്തു നിൽക്കുന്ന, അതിബുദ്ധിമാൻമാരായ ജീവികളായ ചിമ്പാൻസികളിൽ ക്രൂരതയും ആക്രമണ മനോഭാവവും ഗൊറില്ല പോലുള്ള മറ്റ് ആൾക്കുരങ്ങു വർഗങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.ഒരു തലവൻ ചിമ്പാൻസിക്ക് കീഴിൽ അണിനിരത്തപ്പെട്ട സമൂഹങ്ങളായാണ് ചിമ്പാൻസികൾ കഴിയുന്നത്.