ADVERTISEMENT

മുണ്ടക്കൈ–ചൂരൽമല പ്രദേശം ഉരുളെടുത്തപ്പോൾ ആ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ പുത്തുമലവാസികൾക്ക് സാധിക്കും. കാരണം അഞ്ചുവർഷം മുൻപ് അവരും ഇതേ മാനസികാവസ്ഥയിലൂടെ കടന്നുപോയവരാണ്. 2019 ഓഗസ്റ്റ് 8ന് വൈകിട്ടോടെ കനത്ത മഴയിൽ പുത്തുമലയ്ക്കു സമീപത്തെ പച്ചക്കാട് മലയുടെ ഒരുഭാഗം കുത്തിയൊലിച്ച് താഴേക്കു പതിച്ചപ്പോൾ നഷ്ടമായത് 17 ജീവനുകളായിരുന്നു. കൂറ്റൻപാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും പുത്തുമല ഗ്രാമത്തെ തുടച്ചുമാറ്റി. കുതിച്ചെത്തിയ ചെളിമണ്ണിൽ തിരിച്ചെടുക്കാനാകാത്ത വിധം 5 പേർ പുതഞ്ഞുപോയി.

'ഭീമാകാരങ്ങളായ കറുത്ത മേഘങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്നാണ് ഉരുള്‍പൊട്ടിയതെന്ന് പുത്തുമലയിലെ ദൃക്സാക്ഷികള്‍' പറഞ്ഞതായി ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മറ്റിയും ചേർന്ന് നടത്തിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2020ലാണ് റിപ്പോർട്ട് പുറത്തിറക്കിയത്.

മേഘസ്ഫോടനം അതിശക്തമായ മഴയാണ് ഉരുള്‍പൊട്ടലിന്‍റെ പ്രധാന കാരണം. സമുദ്രനിരപ്പില്‍ നിന്നും 2300 മീറ്റര്‍ വരെ ഉയരമുള്ള വാവൂള്‍മലയുൾപ്പെടുന്ന പര്‍വത മേഖലയില്‍ ഒരു മേഘസ്ഫോടനം എന്നു വിളിക്കാവുന്നത്ര തീവ്രമഴയാണ് 2019ല്‍ ഉണ്ടായത്. മേഘസ്ഫോടനം എന്ന വാക്ക് തെറ്റിധരിപ്പിക്കുന്ന ഒന്നാണ്. പടക്കം പൊട്ടിത്തെറിക്കുന്ന പോലെ മേഘങ്ങള്‍ പൊട്ടിത്തെറിച്ചു എന്നുവരെ ഇതിനു വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുറഞ്ഞസമയത്തില്‍ അതിതീവ്ര മഴ പെയ്യുന്നതിനെയാണ് മേഘസ്ഫോടനം അഥവാ cloudburst എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. മേഘസ്ഫോടനം അപൂര്‍വമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. ഭൗമോപരിതലത്തില്‍ ചൂടുകൂടിയ വായു ഉയര്‍ന്നുപോയി തണുത്ത് പെട്ടെന്ന് ഘനീഭവിച്ചു മഴയായി പെയ്യുന്നതാണ് മേഘസ്ഫോടനം എന്ന പ്രതിഭാസം. ഇത് സാധാരണയായി സംഭവിക്കുന്നത് മരുപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും ആണ്. ഒരു മണിക്കൂറില്‍ 100 മില്ലിമീറ്ററിലധികം മഴ ലഭിക്കുമ്പോഴാണ് മേഘസ്ഫോടനം നടന്നു എന്ന് പറയുന്നത്.

പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ (ഫയൽചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ
പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ (ഫയൽചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ

മണ്‍സൂണ്‍ കാറ്റിന്‍റെ ഗതിക്കനുസരിച്ചു കോഴിക്കോട് മലയടിവാരത്തില്‍ നിന്നും കിഴക്കോട്ടു സഞ്ചരിക്കുന്ന വായു, ചെങ്കുത്തായ വെള്ളരിമലനിരകള്‍ക്കു മുകളിക്കെത്തുമ്പോള്‍ (100 മീറ്ററില്‍ നിന്നും 2300 മീറ്ററിലേക്കു ഉയര്‍ത്തപ്പെടുന്ന) ദ്രുതഗതിയില്‍ തണുക്കുകയും കൂടുതല്‍ മഴമേഘങ്ങളെ സൃഷ്ടിക്കുകയും ശക്തമായ മഴയ്ക്കുകാരണമാവുകയും ചെയ്യും. മണ്‍സൂണ്‍ മഴമേഘങ്ങളുടെ വ്യാപ്തിക്കനുസരിച്ചു അതിതീവ്രമഴയ്ക്ക് കാരണമാവുകയും ചെയ്യും. കാലാവസ്ഥാ ശാസ്ത്രത്തില്‍ ഇതിനെ ഒറോഗ്രാഫിക് ലിഫ്റ്റ് (Orographic Lift) എന്നാണ് വിളിക്കുന്നത്. ഭൗതികശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന അടിയബറ്റിക് പ്രക്രിയയാണ് (Adiabetic Process) ഇത്തരത്തില്‍ വായു ഘനീഭവിക്കാനും മഴയായി ത്തീരാനും കാരണമാകുന്നത്. 

പുത്തുമല ദുരന്തത്തിന് ഇന്നു 3 വർഷം. 17 പേരാണ് ദുരന്തത്തിൽ മരിച്ചത്. പുത്തുമലയിലെ ദുരന്തഭൂമിയുടെ ഇപ്പോഴത്തെ കാഴ്ച.
പുത്തുമല ദുരന്തത്തിന് ഇന്നു 3 വർഷം. 17 പേരാണ് ദുരന്തത്തിൽ മരിച്ചത്. പുത്തുമലയിലെ ദുരന്തഭൂമിയുടെ ഇപ്പോഴത്തെ കാഴ്ച.

ഓഗസ്റ്റ് 8 ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറില്‍ 550 മില്ലിമീറ്റര്‍ മഴ അളന്നിട്ടുണ്ട്. അതിനുശേഷവും അതിശക്തമായ മഴ തുടരുകയും മൂന്ന് മണിയോടുകൂടി കനത്ത മഴ പെയ്തുവെന്നുമാണ് പ്രദേശവാസികളുടെ അനുഭവം. പുത്തുമലയോടു ചേര്‍ന്നുകിടക്കുന്ന വെള്ളരിമല ഭാഗത്തു ഏകദേശം 25 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തു ഈ മേഘസ്ഫോടനത്തിന്‍റെ ആഘാതം ഉണ്ടായിട്ടുണ്ട്. ഒരു ചതുരശ്രകിലോമീറ്ററില്‍ 100 മില്ലിമീറ്റര്‍ മഴപെയ്യുമ്പോൾ 1 ലക്ഷം മെട്രിക് ടണ്‍ ഭാരമാണ് അവിടെ ഉണ്ടാകുന്നത്. 

പുത്തുമലയിലെ ദുരന്തഭൂമിയിൽ ഒരുക്കിയ മൈതാനത്തു ഫുട്ബോൾ കളിക്കുന്ന കുട്ടികൾ. 
							            ചിത്രം: മനോരമ.
പുത്തുമലയിലെ ദുരന്തഭൂമിയിൽ ഒരുക്കിയ മൈതാനത്തു ഫുട്ബോൾ കളിക്കുന്ന കുട്ടികൾ. ചിത്രം: മനോരമ.

ഒറോഗ്രാഫിക് ലിഫ്റ്റ് വഴി മേഘസ്ഫോടനം നടക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യങ്ങളുള്ള കേരളത്തിലെ ഒരു പ്രദേശമാണ് വയനാടിന്‍റെ തെക്കു പടിഞ്ഞാറൻ മലനിരകള്‍. ഇവിടങ്ങളില്‍ സ്വാഭാവിക വന ആവാസവ്യവസ്ഥകളെ മാറ്റിമറിക്കുമ്പോൾ ചെരിവുകൂടിയ പ്രദേശങ്ങള്‍ക്കു വലിയഭാരം താങ്ങാൻ കഴിയാതെ ഉരുള്‍പൊട്ടലുകളായും മലയിടിച്ചിലുകളായും മാറുന്നുവെന്ന് പഠനത്തിൽ പറയുന്നു.

ഉരുൾപൊട്ടൽ സാധ്യതകൾ

പഠന ഫലങ്ങള്‍ വിശകലം ചെയ്തതിന്‍റെ അടിസ്ഥാന ത്തില്‍ വയനാട് ജില്ലയെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയനുസരിച്ച് മൂന്ന് മേഖലകളാക്കിതിരിച്ചിട്ടുണ്ട്. തീവ്രസാധ്യതാ പ്രശേങ്ങള്‍, മിതസാധ്യതാ പ്രദേശങ്ങള്‍, കുറമ സാധ്യതാപ്രദേശങ്ങള്‍ എന്നിങ്ങനെ. വടക്കു മുതല്‍ പടിഞ്ഞാറ്, തെക്കു ഭാഗത്തുള്ള പശ്ചിമഘട്ട മലമ്പ്രദേശങ്ങള്‍ ഉള്‍െപ്പടുന്ന എല്ലാ ഭാഗങ്ങളും ഒരു അതിതീവ്ര മഴയുണ്ടായാല്‍ വലിയ തോതിലുള്ള ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളാണ്. കൂടാതെ ഭൂവിനിയോഗ ത്തിലുണ്ടായ മാറ്റങ്ങള്‍ മൂലം കൂടുതല്‍ പ്രദേശങ്ങള്‍ ദുരന്തസാധ്യതാ പ്രദേശങ്ങള്‍ ആയി മാറിയിട്ടുണ്ട്.

മഹാദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്കിടയിലും ജീവിതം തിരികെ പിടിക്കാനുള്ള തത്രപ്പാടിലാണു പുത്തുമല നിവാസികൾ. തോട്ടം തൊഴിലാളികളും അവരുടെ ബന്ധുക്കളുമാണ് ദുരന്തത്തിനിരയായവരിൽ ഏറെയും. പുത്തുമല ദുരന്തഭൂമിയിലൂടെ ദുരന്തത്തിന്റെ അടയാളമെന്നോണം ഒഴുകുന്ന അരുവിയിൽ ചെളി നിറഞ്ഞ പണിയായുധങ്ങൾ കഴുകി വൃത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്ന പുത്തുമല നിവാസികൾ.
മഹാദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്കിടയിലും ജീവിതം തിരികെ പിടിക്കാനുള്ള തത്രപ്പാടിലാണു പുത്തുമല നിവാസികൾ. തോട്ടം തൊഴിലാളികളും അവരുടെ ബന്ധുക്കളുമാണ് ദുരന്തത്തിനിരയായവരിൽ ഏറെയും. പുത്തുമല ദുരന്തഭൂമിയിലൂടെ ദുരന്തത്തിന്റെ അടയാളമെന്നോണം ഒഴുകുന്ന അരുവിയിൽ ചെളി നിറഞ്ഞ പണിയായുധങ്ങൾ കഴുകി വൃത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്ന പുത്തുമല നിവാസികൾ.

വയനാടിന്‍റെ ഭൂവിസ്തീര്‍ണ്ണത്തിന്‍റെ 21 ശതമാനവും (449 ച .കീ) അതിതീവ്ര മേഖലയില്‍പ്പെടുമ്പോൾ, 49 ശതമാനം പ്രദേശങ്ങളും (1043ച.കി) മിതസാധ്യതാ മേഖലയിലും, 30 ശതമാനം പ്രദേശങ്ങള്‍ (640 ച .കീ) കുറഞ്ഞ സാധ്യതാമേഖലയിലും ആണുള്ളത്.

English Summary:

Remembering the Tragedy: How a 2019 Cloudburst Devastated Puthumala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com