സാധാരണ പൂച്ചകളുടെ ഇരട്ടിപ്പൊക്കം! ‘ഫെൻറീർ’ കണ്ടാല് ഒരു പുലിക്കുട്ടി
Mail This Article
ഇന്ന് രാജ്യാന്തര പൂച്ചദിനം. കാലമേറെയായി സിംഹത്തിന്റെയും പുലിയുടെയും കടുവയുടെയുമൊക്കെ കുടുംബത്തിൽപ്പെട്ട ഈ കുഞ്ഞൻമാർ നമുക്കൊപ്പം കൂടിയിട്ട്. പല തരത്തിലും വലുപ്പത്തിലുമുള്ള പൂച്ചകൾ ഭൂമിയിലുണ്ട്. ലോകത്തിലെ ഏറ്റവും ഉയരവും വലുപ്പവുമുള്ള പൂച്ചയെ കണ്ടാൽ അതൊരു പുലിയുടെയോ ചീറ്റയുടേയോ കുഞ്ഞാണെന്നു ചിലപ്പോൾ തോന്നിയേക്കും.
സാവന്ന ക്യാറ്റ് വിഭാഗത്തിൽപെടുന്ന ഫെൻറീർ എന്ന പൂച്ചയെയാണ് ലോകത്തിലെ ഏറ്റവും പൊക്കമുള്ള പൂച്ചയായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് തിരഞ്ഞെടുത്തിരിക്കുന്നത്. 18.83 ആണ് ഈ പൂച്ചയുടെ പൊക്കം. സാധാരണ നമ്മൾ കാണുന്ന നാട്ടുപൂച്ചകളുടെ ഇരട്ടിപ്പൊക്കം. അമേരിക്കയിലെ മിഷിഗനിലെ ഫാർമിങ്ടൻ ഹിൽസിലുള്ള ഡോ. വില്യം ജോൺ പവേഴ്സിന്റെ ഉടമസ്ഥതയിലാണ് ഈ പൂച്ച.
ഇന്റർനാഷനൽ ക്യാറ്റ് അസോസിയേഷൻ അംഗീകരിച്ചിട്ടുള്ള വളർത്തുപൂച്ചയിനമാണ് സാവന്ന ക്യാറ്റ്. സാധാരണ നാട്ടുപൂച്ചകളും ആഫ്രിക്കയിലെ കാട്ടുപൂച്ചയായ സെർവാലും തമ്മിലുള്ള ക്രോസ് ബ്രീഡുകളാണ് സാവന്ന ക്യാറ്റ് ഇനത്തിൽ ഉൾപ്പെടുന്നത്. വലിയ ചെവികളും ശരാശരി ശരീരവുമുള്ള ആഫ്രിക്കൻ കാട്ടുപൂച്ചയാണു സെർവാൽ. ഫെൻറീറിന്റെ മുത്തശ്ശൻ പൂച്ച ആഫ്രിക്കയിലെ കോംഗോയിൽ നിന്നുള്ള പൊക്കമുള്ള ഒരു സെർവാലായിരുന്നു.
സാധാരണ ഗതിയിൽ കണ്ടുവരുന്ന സാവന്ന ഇനത്തിലുള്ള പൂച്ചകളേക്കാളും പൊക്കമുള്ളതാണ് ഫെൻറീർ. സാധാരണ സാവന്ന പൂച്ചകൾക്ക് 14 മുതൽ 17 ഇഞ്ചുകൾ വരെയാണു പൊക്കം. വീട്ടിൽ ഒട്ടേറെ പൂച്ചകളെ വളർത്തുന്നയാളാണ് ഫെൻറീറിന്റെ ഉടമയായ ഡോ. വില്യം ജോൺ പവേഴ്സ്. 12 ആഴ്ച പ്രായമുള്ളപ്പോഴാണ് അദ്ദേഹം ഫെൻറീറിനെ കൂട്ടത്തിൽ കൂട്ടിയത്. പലപ്പോഴും ഫെൻറീറിനെ കാണുന്നവർ അതൊരു പുലിക്കുട്ടിയോ, പ്യൂമയോ, ഓസിലോട്ടോ ആണെന്നു കരുതാറുണ്ടെന്നും ഡോ.വില്യം പറയുന്നു.
ലോകത്തെ ഏറ്റവും ശക്തമായ ജീവികുടുംബമായ ഫെലിഡെയിൽ പെട്ടതാണ് പൂച്ചകൾ. ലെപ്പേഡ്, മേഘപ്പുലി, മഞ്ഞുപുലി, ജാഗ്വർ, പ്യൂമ, ചീറ്റ, ഓസിലോട്ട്, ലിങ്ക്സ് തുടങ്ങിയവയൊക്കെ ഈ കുടുംബത്തിലാണ്.വീട്ടുപൂച്ചകൾ ഉത്ഭവിച്ചത് നാലു കോടി വർഷം മുൻപ് വടക്കേ അമേരിക്കയിൽ അധിവാസമുറപ്പിച്ച അതീവ ആക്രമണകാരികളായ ജീവികളിൽ നിന്നാണ്. ഡീഗോലുറസ് എന്നറിയപ്പെട്ടിരുന്നു ഇവ. കോമ്പല്ലുകൾ വെളിയിലേക്കിറങ്ങിയിരിക്കുന്ന പൂച്ചകളിൽ ഏറ്റവും പ്രശസ്തമാണ് സ്മൈലോഡോൺ എന്ന വൻപൂച്ചകൾ. പതിനായിരം വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായ ഈ ഭീമൻപൂച്ചകളുടെയും പൂർവികനാണ് ഡീഗോലുറസ്.