ഒരു ഒച്ചിൽ നിന്ന് ഒരു വർഷം 900 കുഞ്ഞുങ്ങൾ; അതിവേഗത്തിൽ വ്യാപിക്കുന്നു, കരുതിയിരിക്കണം!
Mail This Article
കോട്ടയത്ത് ആഫ്രിക്കൻ ഒച്ചിന്റെ ആക്രമണം ജില്ലയിൽ വർധിച്ചു വരുന്നു. ഹൈറേഞ്ച് മേഖലയിലും ലോറേഞ്ച് മേഖലയിലെ റബർ, വാഴ തോട്ടങ്ങളിലും ഇതിന്റെ സാന്നിധ്യം കണ്ടിട്ടുണ്ട്. തൊടുപുഴയ്ക്കടുത്ത് പുറപ്പുഴയിൽ വാഴത്തോട്ടങ്ങളിൽ ഇത്തരം ഒച്ചുകളെ കണ്ടതായി സ്ഥലവാസികൾ പറഞ്ഞു. പച്ചക്കറികൾ, വാഴ, ചേന, പപ്പായ, ഇഞ്ചി, ചേമ്പ് തുടങ്ങി അഞ്ഞൂറിലേറെ സസ്യവർഗങ്ങൾ ഇവ ഭക്ഷണമാക്കും.
പ്രതികൂല സാഹചര്യങ്ങളിൽ പുറത്തുവരാതെ മൂന്നു വർഷത്തോളം മണ്ണിനടിയിൽ ഒരു മീറ്ററോളം ആഴത്തിൽ കഴിയാൻ സാധിക്കും. വിളകൾക്ക് പുറമേ മനുഷ്യരിൽ മെനിഞ്ജൈറ്റിസിന് (മസ്തിഷ്‌ക ജ്വരം) കാരണമാകുന്ന നിമാ വിരകളുടെയും ബാക്ടീരിയകളുടേയും വാഹകരാണ് ആഫ്രിക്കൻ ഒച്ചുകൾ. ഒരു ഒച്ചിൽ നിന്ന് ഒരു വർഷം 900 കുഞ്ഞുങ്ങൾ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉഭയലിംഗ ജീവികളായ ഇവയ്ക്ക് 10 വർഷമാണ് ആയുസ്. മുട്ട വിരിഞ്ഞിറങ്ങി ഒരു വർഷത്തിനുള്ളിൽ പൂർണ വളർച്ചയെത്തുന്നതിനാൽ ഇവയുടെ വ്യാപനം അതിവേഗത്തിലാണ് നടക്കുന്നത്.
എങ്ങനെ തുരത്താം
∙ നനഞ്ഞ ചണച്ചാക്കുകളിൽ നുറുക്കിയ പപ്പായ, കാബേജ്, മുരിങ്ങയില, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവ ഇട്ട് ഒച്ചുകളെ ആകർഷിച്ച് അവ ശേഖരിച്ച് നശിപ്പിക്കുന്ന ഒച്ചു കെണികൾ കൃഷിയിടങ്ങളിൽ സ്ഥാപിക്കാം.
∙ 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി ഒച്ചിന്റെ മേൽ തളിക്കുന്നതും ഫലപ്രദം. ഉപ്പു ലായനിയും പൊടിയുപ്പും ഒച്ചിന്റെ മേൽ വീണാൽ അവ ചത്തുപോകും.
∙ കൃഷിസ്ഥലങ്ങളിൽ കണ്ടു തുടങ്ങുമ്പോൾ പുകയില സത്ത് തുരിശ് ലായനിയുമായി ചേർത്ത് സ്പ്രേ ചെയ്യുക. നെല്ലിലോ വെള്ളരി വർഗങ്ങളിലോ തുരിശുലായനി തളിക്കരുത്.(25 ഗ്രാം പുകയില 1.5 ലീറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലീറ്റർ ആക്കി മാറ്റുക. പുകയില സത്ത് ലായനി തണുപ്പിച്ചതിനുശേഷം ഇതിൽ, 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളവുമായി ലയിപ്പിച്ചത് കൂട്ടിച്ചേർക്കുക. ഈ ലായനി അരിച്ചതിനു ശേഷം മണ്ണിലും ഭിത്തിയിലും സ്പ്രേ ചെയ്യാം)
∙ മെറ്റൽഡിഹൈഡ് എന്ന രാസവസ്തു 5 ഗ്രാം, 100 ഗ്രാം തവിടുമായി കൂട്ടിച്ചേർത്ത് ചെറിയ ഉരുളകളാക്കി കൃഷിയിടങ്ങളിൽ പലയിടത്തായി വിതറിയാൽ തവിട് ഭക്ഷിക്കുന്നതോടൊപ്പം വിഷം ഉള്ളിൽച്ചെന്ന് ശരീര സ്രവം നഷ്ടപ്പെട്ട്, ചലനശേഷിയില്ലാതെ ഒച്ചുകൾ ചത്തൊടുങ്ങും. ഇത് തയാറാക്കുമ്പോൾ ഈർപ്പം കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ വിഷവസ്തുവിന്റെ സാന്നിധ്യം മനസ്സിലാക്കുന്ന ഇവയിൽ ചിലതെങ്കിലും പുറന്തോടിനുള്ളിലേക്ക് വലിഞ്ഞ് രക്ഷപ്പെടുന്നു.
∙അരക്കിലോ ഗോതമ്പുപൊടി, കാൽ കിലോ ശർക്കരപ്പൊടി, 5 ഗ്രാം യീസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ കുറച്ചു വെള്ളം ചേർത്ത് കുഴമ്പു പരുവത്തിലാക്കുക. ഇത് ഒച്ചിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ നനഞ്ഞ ചണച്ചാക്ക് വിരിച്ച് അതിൽ വയ്ക്കുക. പുളിപ്പിനോട് ആകർഷണമുള്ള ഒച്ചുകൾ ഇത് കഴിക്കുന്നതോടെ ചാകും.
∙ഇവയെ കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ് ധരിക്കുന്നത് ഉറപ്പാക്കുക.
∙താറാവ്, ഗിനിക്കോഴി, കോഴി എന്നിവയുടെ ഇഷ്ടഭക്ഷണമാണ് ഒച്ചുകൾ.
∙കാപ്പിപ്പൊടി, വെളുത്തുള്ളി നീര് എന്നിവ ചേർത്തുണ്ടാക്കുന്ന ലായനി തളിച്ച് ഒച്ചുകളെ അകറ്റി നിർത്താം.
വിവരങ്ങൾക്ക് കടപ്പാട്: കെ.പി.സെലീനാമ്മ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫിസർ, ഇടുക്കി