ലോകം ആഘോഷമാക്കിയ സ്വവർഗാനുരാഗികളായ പെൻഗ്വിന് കമിതാക്കൾ; ‘മാജിക്’ ഇനി ഒറ്റയ്ക്ക്

Mail This Article
ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രണയമായിരുന്നു സീ ലൈഫ് സിഡ്നി അക്വേറിയത്തിലെ സ്വവർഗാനുരാഗികളായ സ്പെൻ–മാജിക് എന്നീ പെൻഗ്വിനുകളുടേത്. ആറ് വർഷത്തെ സന്തോഷകരമായ ജീവിതം അവസാനിപ്പിച്ച് സ്പെൻ ലോകത്തോട് വിടവാങ്ങിയിരിക്കുകയാണ്. ജെൻടൂ ഇനത്തിൽപ്പെട്ട പെൻഗ്വിനുകളാണ് ഇരുവരും. 12 മുതൽ 13 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്. 12 വയസ് തികയാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സ്പെൻ ലോകത്തോട് വിട പറഞ്ഞത്.
2018ലാണ് സ്പെന്നും മാജിക്കും പ്രണയത്തിലാണെന്ന് അക്വേറിയം ജോലിക്കാർക്ക് മനസ്സിലായത്. ഇണകളെ കാണുമ്പോൾ ചെയ്യുന്നതുപോലെയാണ് ഇരുവരും അഭിസംബോധന ചെയ്യുന്നത്. പരസ്പരം താൽപര്യമുണ്ടെന്ന് അറിയിക്കുന്ന രീതിയിൽ തലകുനിച്ച് നിൽക്കാറുണ്ടായിരുന്നു. ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെയാണ് ഇവരെ ലോകം അറിഞ്ഞുതുടങ്ങിയത്.

ഈ കാലയളവിൽ അവർ രണ്ട് കുഞ്ഞുങ്ങളെ ദത്തെടുത്ത് വളർത്തി. 2018 ൽ സ്ഫെൻജിക്കും (ലാറ) 2020 ൽ ക്ലാൻസിയും. മാറിമാറിയാണ് ഇരുവരും മുട്ടയ്ക്ക് അടയിരുന്നത്. ഒരാൾ അടയിരിക്കുമ്പോൾ മറ്റേയാൾ കല്ലുകളും മറ്റും ശേഖരിച്ചുകൊണ്ടുവരും. പ്രണയകാലത്തു തന്നെ മറ്റ് ഇണകളെ തേടിപ്പോകുന്നവരാണ് ജെൻടൂ പെൻഗ്വിനുകൾ. എന്നാൽ സ്പെന്നും മാജിക്കും എപ്പോഴും ഒരുമിച്ചുതന്നെയായിരുന്നു. സീ ലൈഫിലെ പെൻഗ്വിൻ കോളനിക്കാകെ മാതൃകയായിരുന്നു ഇവർ. എൽജിബിടിക്യു അവകാശത്തിനായി പോരാടുന്നവർ അവരുടെ ചർച്ചയിൽ പലപ്പോഴും ഇവരെ ഉൾപ്പെടുത്താറുണ്ടായിരുന്നു.
സ്പെന്നിനെ യാത്രയാക്കാനായി മൃതശരീരത്തിനരികിൽ മാജിക്കിനെ എത്തിച്ചിരുന്നു. കോളനിയിലെ എല്ലാവരും അന്ത്യയാത്രയിൽ പങ്കെടുത്തു. കഴുത്ത് മുകളിലേക്കുയർത്തി മാജിക് വിലപിച്ചത് ഏറെ വേദനാജനകമായിരുന്നുവെന്ന് അക്വേറിയം അധികൃതർ വ്യക്തമാക്കി. സ്പെന്നിന്റെ നഷ്ടം മാജിക്കിനെ എങ്ങനെ ബാധിക്കുമെന്ന് ഓർത്ത് ആശങ്കയുണ്ടെന്ന് അവർ വ്യക്തമാക്കി. ന്യൂ സൗത്ത് വെയിൽസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് എജ്യുക്കേഷനിൽ ഇവരെക്കുറിച്ച് പഠിക്കാനുണ്ട്. കൂടാതെ, എടിപിക്കൽ എന്ന നെറ്റ്ഫ്ലിക്സ് സീരീസിലും അവരുടെ ജീവിതം ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളും സ്പെൻ–മാജിക്കിനെക്കുറിച്ച് വന്നിട്ടുണ്ട്.