ഓഫിസിൽ 10 പൂച്ചകളെ വളര്‍ത്തി ടെക് കമ്പനി; എല്ലാവർക്കും പ്രത്യേക പദവികൾ, കാരണമുണ്ട്!
Mail This Article
ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായുള്ള ക്യുനോട്ടിൽ 10 പൂച്ചകളെ പ്രത്യേക സൗകര്യങ്ങൾ നൽകി വളർത്തുന്നുണ്ട്. എന്തിനാണെന്നല്ലേ? ജീവനക്കാരുടെ ജോലി സമ്മർദം കുറയ്ക്കാൻ. ജോലിക്കിടയിൽ പൂച്ചകളുമായി ഇടപഴകുകയും കളിക്കുകയും ചെയ്യുമ്പോൾ അവരുടെ സർഗാത്മകതയും ഊർജസ്വലതയും വർധിക്കുമെന്ന് കമ്പനി അധികൃതർ പറയുന്നു.
കമ്പനിയിലെ 32 ജീവനക്കാർക്കൊപ്പം കളിക്കുക എന്നതാണ് ഈ പൂച്ചകൾക്ക് നൽകിയിരിക്കുന്ന ജോലി. 2004 ലാണ് ‘ഫതുബ’ എന്ന പൂച്ചക്കുട്ടി കമ്പനിയിൽ എത്തുന്നത്. പിന്നീട് ഒൻപത് പൂച്ചകൾ എത്തുകയായിരുന്നു. കൂട്ടത്തിൽ പ്രായംകൂടിയ പൂച്ചയായ ഫതുബയ്ക്ക് ‘ചെയർകാറ്റ്’ എന്ന പദവിയാണ് നൽകിയിരിക്കുന്നത്. മറ്റ് പൂച്ചകൾക്ക് മാനേജർ, ഗുമസ്തൻ എന്നീ പോസ്റ്റുകളിൽ അറിയപ്പെടുന്നു.
പൂച്ചകൾക്ക് സ്വതന്ത്രമായി വിഹരിക്കാനായി 2020 ൽ കമ്പനി നാല് നിലകളിലുള്ള കെട്ടിടത്തിലേക്ക് മാറ്റി. ഇതിൽ രണ്ട് നിലകൾ പൂച്ചകൾക്ക് മാത്രമായി മാറ്റിവയ്ക്കുകയായിരുന്നു. അവർക്ക് കളിക്കാനും ഉറങ്ങാനും ഭക്ഷണം കഴിക്കാനുമൊക്കെ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തന്റെ ‘പൂച്ച ആശയം’ പുതിയ ജീവനക്കാരെ കമ്പനിയിലേക്ക് ആകർഷിച്ചതായി സിഇഒ നോബുയുകി സുരുട്ട പറയുന്നു.