ദിനോസറുകളെ പോലും അതിജീവിച്ച മുതല മത്സ്യം! സൂചി പോലെ കൂർത്ത പല്ലുകളും കരുത്തുറ്റ കവചവും
Mail This Article
ആദിമകാലഘട്ടം മുതൽ പറയത്തക്ക വലിയ പരിഷ്‌കരണങ്ങളില്ലാതെ ഭൂമിയിൽ തുടരുന്ന ജീവജാലങ്ങളെ ലിവിങ് ഫോസിലുകൾ എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കാറുണ്ട്. ഈ ഗണത്തിൽപെടുത്താവുന്ന വിചിത്രമായ ഒരു മത്സ്യമാണ് അലിഗേറ്റർ ഗാർ. തെക്കുപടിഞ്ഞാറൻ യുഎസ് സംസ്ഥാനങ്ങളിലും മെക്‌സിക്കോയിലും കാണപ്പെടുന്നതാണ് ഈ മത്സ്യം. നീണ്ട മുഖവും കട്ടിയേറിയ പുറംകവചവും സൂചി പോലെ കൂർത്ത തുളച്ചുകയറുന്ന പല്ലുകളുമെല്ലാമുള്ള ഈ മത്സ്യത്തെ കണ്ടാൽ മുതലയാണെന്ന് പെട്ടെന്ന് തെറ്റിദ്ധരിക്കപ്പെടാം. ഇതിനാലാണ് ഇവയ്ക്ക് അലിഗേറ്റർ ഗാർ എന്ന് പേരു കിട്ടിയത്.
ഞണ്ടുകൾ,മീനുകൾ, പക്ഷികൾ, ചില സസ്തനികൾ, ആമകൾ എന്നിവയെയൊക്കെയാണ് ഇവ ഭക്ഷിക്കുന്നത്. ഗാർ മത്സ്യങ്ങളുടെ ഗണത്തിൽ ഏറ്റവും നീളത്തിൽ വളരുന്ന മത്സ്യങ്ങളാണ് ഇവ. 8 അടി വരെ ഇവയ്ക്കു നീളം വയ്ക്കാം. പ്രാചീനകാല ഭീകരൻ എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ഈ മീനുകൾ ദിനോസറുകൾ 10 കോടി വർഷമായി ഭൂമിയിലുണ്ട്. ദിനോസറുകൾ ഭൂമിയിൽ വിഹരിച്ച കാലയളവിലും ഇവ ഇവിടെയുണ്ടായിരുന്നെന്ന് അർഥം.
ഗാനോയിൻ എന്നു പേരുള്ള കട്ടിയേറിയ ഇനാമലിനാൽ നിർമിതമായ കവചമാണ് ഇവയുടെ അതിജീവനത്തെ പ്രധാനമായും സഹായിച്ച സംഗതി. മുതലകൾ മാത്രമാണ് ഇവയെ വേട്ടയാടുന്നത്. ഇവയെ പോലെ തന്നെ ലിവിങ് ഫോസിൽ ഗണത്തിൽ പെടുത്താവുന്ന മറ്റൊരു ഗാർ മത്സ്യമാണ് ലോങ്‌നോസ് ഗാർ. അലിഗേറ്റർ ഗാറും ലോങ്‌നോസ് ഗാറും തമ്മിൽ പ്രജനനം സാധ്യമാണ്.
പെട്ടെന്ന് ആക്രമിച്ച് ഇരപിടിക്കുന്ന ആംബുഷ് പ്രിഡേറ്റർ ഗണത്തിലുള്ള മത്സ്യമാണ് അലിഗേറ്റർ താർ. 1930ൽ ടെക്‌സസ് ഗെയിം ഫിഷ് കമ്മിഷൻ ഈ മീനുകളെ വൈദ്യുതി കടത്തുവിട്ടു കൊല്ലുന്നതിനായി ഗാർ ഡിസ്‌ട്രോയർ എന്ന ഉപകരണം വികസിപ്പിച്ചിരുന്നു. ഇന്ന് ഈ മീനിന് കുറേയേറെ സംരക്ഷണ വ്യവസ്ഥകൾ അധികൃതർ നൽകിയിട്ടുണ്ട്.