ADVERTISEMENT

ഇന്ത്യയിൽ 12 പന്ത്രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്രപ്രദേശങ്ങളിലുമാണ് തീരമേഖലയുള്ളത്. ഇതിൽ തീരദേശ ജല ഗുണനിലവാര സൂചികയിൽ (CWQI) കേരളം ഒന്നാമതാണെന്നാണ് കേന്ദ്രസർക്കാറിന്റെ റിപ്പോർട്ട് പറയുന്നത്. കേന്ദ്ര സ്ഥിതിവിവരകണക്ക് മന്ത്രാലയം പുറത്തിറക്കിയ എൻവിസ്റ്റാറ്റ്സ് 2024 റിപ്പോർട്ടിലാണ് കേരളത്തിന്റെ തീരമേഖലയുടെ ശുചിത്വത്തിന്റെ മേൻമയെക്കുറിച്ച് പ്രതിപാദിക്കുന്നത്. കഴിഞ്ഞ വാരത്തിലാണ് 2024-25 കാലഘട്ടത്തിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് പുറത്തിറക്കിയത്. ഇതിൽ കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട നിലയിലാണ് കേരളത്തിന്റെ തീരദേശ ശുചിത്ത്വമെന്നും റിപ്പോർട്ട് പ്രതിപാദിക്കുന്നു. 

CWQI അഥവാ കനേഡിയൻ വാട്ടർ ക്വാളിറ്റി ഇൻഡക്സിനെ അടിസ്ഥാനമാക്കിയത് തീരമേഖലയിലെ ശുചിത്വം കണക്കാക്കുന്നത്. കേരളത്തിലെ തീരദേശത്ത് നിന്ന് മൂന്ന് വ്യത്യസ്ത അകലങ്ങളിൽ നിന്നുള്ള ജലസാംപിളുകൾ ശേഖരിച്ച് നടത്തിയ പഠനത്തിൽ മൂന്നിടങ്ങളിലെയും ശുചിത്വം വളരെ മികച്ചതാണെന്ന് കണ്ടെത്തി. തീരമേഖലയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വരെയുള്ള മേഖലയിലെ ജലത്തിന്റെ ശുദ്ധി കനേഡയിൻ വാട്ടർ ക്വാളിറ്റി ഇൻഡക്സ് വച്ച് കണക്കാക്കുമ്പോൾ 74 ആണ് കേരളത്തിന് ലഭിച്ച CWQI സ്കോർ. തൊട്ടുപുറകിലുള്ള കർണ്ണാടകത്തിന്റേത് 65 ഉം മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിന്റെ സ്കോർ 60 ഉം ആണ്.

goa-Calangute-Beach
ഗോവയിലെ ബീച്ച്

2 കിലോമീറ്റർ വരെ അകലെയുള്ള മേഖലകളിൽ കേരളത്തിന് ലഭിച്ച സ്കോർ 75 ആണ്. ഇതിൽ രണ്ടാം സ്ഥാനത്തുള്ള കർണ്ണാടകത്തിന്റേത് 65 ഉം അതിന് പിന്നിലുള്ള ഗുജറാത്തിന്റേത് 62 ഉം ആണ്. 5 കിലോമീറ്റർ വരെ അകലെയുള്ള പ്രദേശത്തും കേരളം 79 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഇതിലും 73 പോയിന്റുമായി കർണ്ണാടക രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ മൂന്നാം സ്ഥാനത്ത് തമിഴ്നാടും ഗോവയുമാണ്. 67 വീതമാണ് ഇരു സംസ്ഥാനങ്ങൾക്കും ലഭിച്ച പോയിന്റുകൾ. 

പറവണ്ണ ബദാം ബീച്ചിലെ സായാഹ്നക്കാഴ്ച.
പറവണ്ണ ബദാം ബീച്ചിലെ സായാഹ്നക്കാഴ്ച.

കേരളത്തിന്റെ തീരദേശ ജലം ഇന്ത്യയിലെ മറ്റേത് തീരങ്ങളേക്കാളും മികച്ചതാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മൺസൂൺ കാലത്ത് ശുദ്ധജല ലഭ്യത വർധിക്കുന്നതിനാലാണ് ജലത്തിന്റെ ഗുണനിലവാരം ഈ നിലയിൽ മെച്ചപ്പെടാൻ സഹായിച്ചതെന്നാണ് കരുതുന്നത്. ശുദ്ധജലലഭ്യത വർധിക്കുന്നത് കടൽതീരമേഖലയിലെ മലിന പദാർഥങ്ങളെ നേർപ്പിക്കുന്നുവെന്ന് ജലവിഭവ മേഖലയിലെ ഗവേഷകയായ ഡോ. രശ്മി ടി. ആർ പറയുന്നു. കേന്ദ്ര ജലവിഭവശേഷി വികസന കേന്ദ്രത്തിന് കീഴിലുള്ള പാരിസ്ഥിതിക ഗവേഷണ സംഘത്തിന്റെ ചുമതലയുള്ള ശാസ്ത്രജ്ഞയാണ് ഡോ. രശ്മി ടി. ആർ. ആരോഗ്യകരമായ ഒരു തീരദേശ ആവാസവ്യവസ്ഥയിലേക്കുള്ള മാറ്റത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത് എന്നും ഡോ. രശ്മി അഭിപ്രായപ്പെട്ടു.

CWQI ഗ്രേഡിംഗ് അനുസരിച്ച് വളരെ മോശം (0-20), മോശം (21-40), മോഡറേറ്റ് (41-60), നല്ലത് (61-80), മികച്ചത്  (81-100) എന്നിങ്ങനെയാണ് തീരദേശമേഖലയുടെ പട്ടികയുള്ളത്. 2023-24 കാലഘട്ടത്തിൽ കേരളത്തിലെ മൂന്ന് മേഖലകളുടെ നില മൂന്ന് മേഖലകളിലും  യഥാക്രമം 68 (നല്ലത്), 56 (മിതമായത്), 67 (നല്ലത്) എന്നിങ്ങനെയായിരുന്നു.

കോവളം ബീച്ച്. ചിത്രം: AP/Aijaz Rahi
കോവളം ബീച്ച്. ചിത്രം: AP/Aijaz Rahi

ഭൗതികഘടകങ്ങൾ, ജൈവവസ്തുക്കൾ, രാസവസ്തുക്കൾ സൂക്ഷ്മജീവികൾ എന്നിവയുടെ അളവുകൾ കണക്കാക്കിയാണ് ജലശുചിത്ത്വത്തിന്റെ പട്ടിക തയ്യാറാക്കിയത്. ജലത്തിന്റെ താപനില, ലവണാശം, അംമ്ലാംശം എന്നിവയാണ് ഭൗതികഘടകങ്ങളിൽ ഉൾപ്പെടുന്നത്. വിവിധ മൂലകങ്ങൾ, ജലത്തിന്റെ ക്ഷാരാംശം എന്നിവയാണ് രാസവസ്തുക്കളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളിൽ പെട്ട പ്ലാങ്കത്തോണുകളാണ് ജൈവീകഘടകങ്ങളിൽ ഉള്ളത്. ഈ കോളി ബാക്ടീരിയ, സ്ട്രെറ്റോകോക്കസ് ഫെസാലിസ് തുടങ്ങിയവയാണ് സൂക്ഷ്മജീവികളുടെ വിഭാഗത്തിൽ ഉള്ളത്. ഇതിനൊക്കെ പുറമെ പെട്രോളിയ ഹൈഡ്രോകാർബണിന്റെയും, വിവിധയിനം ലോഹങ്ങളുടെയും സാന്നിധ്യവും പഠനവിധേയമാക്കി. മേൽപ്പറഞ്ഞ ഘടകങ്ങളുടെ അളവിലെ ഏറ്റക്കുറിച്ചിലുകളെ അടിസ്ഥാനമാക്കിയാണ് ജല ശുചിത്ത്വം വിലയിരുത്തിയതും. 

2020 - 21 കാലഘട്ടം മുതൽ കേരളം തീരമേഖലയുടെ ശുചിത്ത്വത്തിന്റെ കാര്യത്തിൽ മികച്ച നിലവാരമാണ് പുലർത്തുന്നതെന്ന് ശാസ്ത്രജ്ഞനായ ഡോ. മഗേഷ് എൻ.എസും വിശദീകരിക്കുന്നു. കേരളത്തിൽ ആശങ്ക നേരിയ തോതിലെങ്കിലും ഉയർത്തുന്നത് തീരദേശ ശോഷണമാണ്. ആകെ 592.96 കിലോമീറ്ററാണ് കേരളത്തിന്റെ തീരദേശത്തിന്റെ നീളം. ഇതിൽ 275.33 കിലോമീറ്റർ മേഖലയും 1990- 2018 കാലയളവിൽ വിലയ തോതിൽ ശോഷണം നേരിട്ടിരുന്നു. ഇതിൽ 134.99 കിലോമീറ്റർ മേഖലയിൽ തീരദേശ ശോഷണം ഇപ്പോഴും ഉയർന്ന തോതിൽ തന്നെ തുടരുകയാണ്. ശേഷിച്ച ഭാഗത്തെ തീരദേശ ശേഷണത്തിന്റെ തോതിൽ വർദ്ധനവ് ഉണ്ടായിട്ടില്ലെങ്കിലും കടൽകയറ്റം ഇപ്പോഴും തുടരുന്നുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 

marina-beach
മറീന ബീച്ച്

തീരപ്രദേശങ്ങൾ മണ്ണൊലിപ്പിലൂടെയും ശേഖരണത്തിലൂടെയും നിരന്തരം മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നവയാണ്. മൺസൂൺ കാലത്ത് തെക്കൻ കേരളത്തിലും മറ്റ് സമയങ്ങളിൽ വടക്കൻ കേരളത്തിലും വൻതോതിലുള്ള വർധനവാണ് തീരശോഷണത്തിൽ അനുഭവപ്പെടുന്നതെന്ന് സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം മേധാവി ഗെരോഷ് കുമാർ വി പറയുന്നു.

English Summary:

Kerala beaches home to least polluted waters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com