ഓസ്ട്രേലിയയിലെ ബീച്ചിൽ അപൂർവപ്രതിഭാസം; ഒഴുകിയെത്തിയത് രണ്ടായിരത്തിലേറെ കറുത്ത ‘പന്തുകൾ’
Mail This Article
ദിവസങ്ങൾക്ക് മുൻപ് ഓസ്ട്രേലിയയിലെ സിഡ്നിയിലെ ബീച്ചുകളിൽ അപൂർവമായൊരു പ്രതിഭാസം ഉണ്ടായി. രണ്ടായിരത്തിലേറെ കറുത്ത പന്തുകൾ ബീച്ചിലേക്ക് ഒഴുകിയെത്തി. ചിലത് ഗോൾഫ് ബോളുകളുടെ വലുപ്പമുള്ളവയായിരുന്നു. ഇതേത്തുടർന്ന് അധികൃതർ ബീച്ചുകളിൽ പ്രവേശനം നിഷേധിക്കുകയും ചെയ്തു. തീരം വൃത്തിയാക്കിയ ശേഷം വീണ്ടും ബീച്ച് സജീവമായി.
കൂഗി, ക്ലോവെല്ലി, ഗോർഡോൻസ്, മറൂബ്ര തുടങ്ങിയ ബീച്ചുകളിലേക്കാണ് കറുത്ത പന്തുകൾ അടിച്ചുകയറിയെത്തിയത്. ഇവ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് റാൻഡ്‌വിക് സിറ്റി കൗൺസിലും എന്‍എസ്ഡബ്ല്യു എൻവയോൺമെന്റ് പ്രൊട്ടക്‌ഷൻ അതോറിറ്റിയും അന്വേഷണം ആരംഭിക്കുകയായിരുന്നു.
കടലിൽ എണ്ണച്ചോർച്ച മൂലമുണ്ടാകുന്ന ടാർബോൾ പ്രതിഭാസമാണ് ഇതെന്നായിരുന്നു പ്രാഥമിക അനുമാനം. ഉൾക്കടലിൽ സംഭവിക്കുന്ന എണ്ണച്ചോർച്ചകളിലെ എണ്ണ സമുദ്രത്തിലൂടെ യാത്ര ചെയ്ത് കടൽജലത്തിലെ മാലിന്യങ്ങളുമായി കൂട്ടിക്കലർന്നാണ് ടാർബോളുകളുണ്ടാകുന്നത്. കാറ്റ്, തിരകള്‍, കാലാവസ്ഥ തുടങ്ങിയവയുടെ പ്രവർത്തനത്താലാണ് ഇവയ്ക്ക് ഗോളാകൃതി സംഭവിക്കുന്നത്.
ടാർബോളുകൾ മണലിൽ കിടക്കുമ്പോൾ പ്രശ്നകരമല്ലെങ്കിലും ഇതു തൊലിയുമായി സ്പർശനത്തിൽ വരുന്നതും ഇവ അറിയാതെ ഭക്ഷിക്കുന്നതുമൊക്കെ അപകടകരമാണ്. ആരെങ്കിലും ഇതു തൊട്ടാൽ കൈ കഴുകണമെന്ന് ഓസ്ട്രേലിയൻ അധികൃതർ നിർദേശവും പുറപ്പെടുവിച്ചു. എന്നാൽ മറ്റു ചില വിദഗ്ധർ ഇവ എണ്ണച്ചോർച്ച മൂലമുണ്ടായതല്ലെന്നും ശുദ്ധീകരണ, കോസ്മെറ്റിക്സ് ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്ന ദ്രാവകങ്ങളിൽ നിന്നുണ്ടായതാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.