ADVERTISEMENT

മൃഗങ്ങൾ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ഭക്ഷണം കണ്ടെത്തുന്നത് ഓരോ സാഹചര്യത്തിനൊത്തായിരിക്കും. പുലികളും കടുവകളും ഒക്കെ സാധാരണഗതിയിൽ ഇരയെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയാൽ മറ്റാർക്കും വിട്ടുകൊടുക്കാതെ ഭക്ഷിക്കുന്നതാണ് പതിവ്. എന്നാൽ മറ്റു മൃഗങ്ങൾക്കൊപ്പം ശക്തിയില്ലെങ്കിൽ എത്ര വലിയ ഇരപിടുത്തക്കാരനായാലും ഇരയെ വിട്ടുകൊടുക്കേണ്ടി വരും. അത്തരം ഒരു കാഴ്ചയാണ് സാംബിയയിലെ ലുവാംഗ്വ ദേശീയോദ്യാനത്തിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്.  ഭക്ഷണത്തിൻ്റെ പങ്കുതേടി ഒരു കൂട്ടം മുതലകൾക്ക് നടുവിലെത്തിയ കാഴ്ചശക്തിയില്ലാത്ത ഒരു പുള്ളി പുലിയാണ് ദൃശ്യത്തിലുള്ളത്.

ദേശീയോദ്യാനത്തിൽ സഫാരിക്കെത്തിയ വന്യജീവി ഫോട്ടോഗ്രാഫർ സ്റ്റീഫൻ ക്രൈസ്ബർഗ്സാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. വനത്തിനുള്ളിലെ നദിയുടെ കരയിലായി പത്തിൽ അധികം മുതലകൾ കൂട്ടം ചേർന്നിരിക്കുന്നത് വിഡിയോയിൽ കാണാം. മാൻവർഗത്തിൽ പെട്ട ഒരു മൃഗത്തിന്റെ ജഡം പങ്കിട്ടു ഭക്ഷിക്കുകയായിരുന്നു മുതലകൾ. ഇതിനിടയിലേക്കാണ് തൊട്ടടുത്ത കുറ്റിക്കാട്ടിൽ നിന്നും ഒരു പുള്ളിപ്പുലിയുടെ രംഗപ്രവേശം. യഥാർഥത്തിൽ ഈ പുള്ളിപ്പുലിയാവാം  മാനിനെ പിടികൂടിയത് എന്നാണ് അനുമാനം. കാഴ്ചശക്തി കൃത്യമായി ഇല്ലാത്ത രീതിയിലായിരുന്നു പുലിയുടെ പെരുമാറ്റം. ഇതുമൂലം താൻ പിടികൂടിയ ഇരയെ മുതലകൾ തട്ടിയെടുത്തപ്പോഴും പ്രതികരിക്കാനാവാതെ ഒഴിഞ്ഞുമാറാൻ മാത്രമേ പുലിക്കു സാധിക്കുമായിരുന്നുള്ളൂ.

എങ്കിലും വിശപ്പ് ശമിപ്പിക്കാൻ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ മുതലക്കൂട്ടത്തിന് നടുവിലേക്ക് എത്തിയതാണ് അത്. മുതലകൾക്ക് നടുവിൽ ലഭിച്ച ഇത്തിരി ഇടയിലിരുന്ന് മാംസം ഭക്ഷിക്കാൻ പുലി ശ്രമിച്ചെങ്കിലും അത് അത്ര എളുപ്പമായിരുന്നില്ല. മറ്റേതെങ്കിലും ഭാഗത്തേയ്ക്ക് നീങ്ങിയാൽ ഭക്ഷണം കിട്ടുമെന്ന് കരുതി പുലി പല ശ്രമങ്ങളും നടത്തി. മാനിന്റെ ജഡത്തിന് തൊട്ടരികിൽ എത്തിയെങ്കിലും അപ്പോഴാണ് കൂട്ടത്തിലൊരു മുതല പുലിയെ വിരട്ടിയത്. മറ്റൊരു മാർഗവുമില്ലാതെ തിരികെ പഴയ സ്ഥാനത്തേക്ക് തന്നെ പുലിക്കു മടങ്ങേണ്ടി വന്നു.

ഇത്തവണ മാനിന്റെ ജഡത്തെ വലിച്ച് മുതലക്കൂട്ടത്തിന് നടുവിൽ നിന്നും പുറത്തേയ്ക്ക് എത്തിക്കാനായിരുന്നു പുലിയുടെ ശ്രമം. ഇടയ്ക്ക് മുതലകളിൽ ഒന്നിനെ ആക്രമിക്കാനും ശ്രമിച്ചു. ഇത്രയധികം കഷ്ടപ്പെട്ടെങ്കിലും ഒടുവിൽ ഒന്നോ രണ്ടോ വായ മാംസം മാത്രമാണ് പുലിക്ക് ലഭിച്ചത്. ഇതിനിടെ ഭക്ഷണത്തിന്റെ പങ്കുപറ്റാനായി മറ്റു ജീവികളും മുതലക്കൂട്ടത്തിന് അരികിലേക്ക് എത്തുന്നത് വിഡിയോയിൽ കാണാം.  ഒരു മുതലയ്ക്കുപോലും ഭക്ഷിക്കാൻ വേണ്ടത്ര മാംസം ഉണ്ടായിരുന്നില്ല എന്നതാണ് കൗതുകകരമായ കാര്യം. വേണ്ടത്ര ശക്തിയില്ലാതെ മുതലക്കൂട്ടത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവില്ല എന്ന് മനസ്സിലാക്കിയ പുലി ഒടുവിൽ തൃപ്തി വരാതെ അവിടെനിന്നും മടങ്ങി പോവുകയും ചെയ്തു.  

വിഡിയോ യൂട്യൂബിൽ എത്തിയതോടെ ദശലക്ഷത്തിനു മുകളിൽ ആളുകളാണ് അത് കണ്ടത്. തീരെ ചെറുതായിരുന്നപ്പോൾ തന്നെ അമ്മയുടെ കയ്യിൽ നിന്നും പ്രഹരമേറ്റ് പുലിയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടതാണെന്ന് മുൻപ് വനം സന്ദർശിച്ചിട്ടുള്ളവർ പറയുന്നു. ഒറ്റക്കണ്ണ് മാത്രം ഉപയോഗിച്ചാണ് പുലി ഇത്രയും കാലം ഇര തേടിയിരുന്നത്. ഇത്രയും കഷ്ടപ്പെട്ട് ഇരയെ പിടികൂടിയിട്ടും ന്യായമായ പങ്ക് പോലും ഭക്ഷിക്കാൻ ലഭിക്കാത്ത പുലിയുടെ അവസ്ഥയോർത്ത് സങ്കടം തോന്നുന്നു എന്ന് ആളുകൾ കമന്റ് ബോക്സിൽ പ്രതികരിക്കുന്നുണ്ട്.

English Summary:

Blind Leopard's Heartbreaking Battle Against Crocodiles for Food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com