ADVERTISEMENT

യുകെയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ദിനോസർ കൂട്ടത്തിന്റെ തെളിവുകൾ മധ്യ ഇംഗ്ലണ്ടിൽ നിന്ന് ലഭിച്ചിരിക്കുന്നു. 16.6 കോടി വർഷം പഴക്കമുള്ള 200ൽ പരം ദിനോസർ കാൽപ്പാടുകളാണ് ഇവിടെ നിന്നും ഗവേഷകർ കണ്ടെത്തിയത്. ഓക്‌സ്‌ഫഡ്, ബർമിങ്ങാം സർവകലാശാലകളിലെ ഗവേഷകർക്കാണ് ഓക്‌സ്ഫഡ്ഷയറിലെ ഒരു ഖനിയിൽ നിന്ന് ഇത്രയധികം കാൽപ്പാടുകൾ ലഭിച്ചത്. ഖനിയിൽ ഒരു തൊഴിലാളി മണ്ണ് നീക്കുന്നതിനിടയിൽ അസാധാരണമായ വലുപ്പത്തിലുള്ള ഉറച്ച് പോയ കുഴികൾ കണ്ടെത്തിയതിനെ തുടർന്നാണ് ഗവേഷകർ ഈ മേഖലയിൽ പഠനം നടത്തിയതും, ദിനോസറുകളുടെ കാൽപ്പാടുകളാണെന്ന് സ്ഥിരീകരിച്ചതും.

ദിനോസർ ഹൈവേ

ദിനോസറുകൾ കൂട്ടത്തോടെ നടന്ന് പോയതിന്റെ നീളത്തിലുള്ള വഴികൾ (ദിനോസർ ഹൈവേ) തന്നെ ഈ മേഖലയിൽ നിന്ന് ഗവേഷകർ തിരിച്ചറിഞ്ഞു. 150 മീറ്റർ വരെ നീളമുള്ള വഴികൾ വരെ ഇതിലുണ്ട്. ഇത്തരത്തിൽ അഞ്ച് വ്യത്യസ്ത ദിനോസർ പാതകളാണ് ഈ ഖനന പ്രദേശത്ത് നിന്ന് തിരിച്ചറിഞ്ഞത്. കണ്ടെടുത്ത അഞ്ചിൽ നാല് പാതകളും നീണ്ട കഴുത്തുള്ള സസ്യഭുക്കായ ഒരു ദിനോസർ കൂട്ടം സൃഷ്ടിച്ചതാണ് എന്നാണ് കരുതുന്നത്. കാൽപ്പാടുകളുടെ വലിപ്പവും ആകൃതിയും വച്ച് സെറ്റിയോസോറസ് എന്നയിനം ദിനോസറുകളുടേതാകാനാണ് സാധ്യത. യൂണിവേഴ്സിറ്റി ഓഫ് ബർമിങ്ങാമിന്റെ റിപ്പോര്‍ട്ട് പ്രകാരം, അഞ്ചാമത്തെ പാതകളുടെ ഉടമ 9 മീറ്റർ നീളമുണ്ടായിരുന്ന മാംസഭുക്കായ മെഗലോസോറസ് എന്നയിനം ദിനോസറിന്റേതാണ്. വേട്ടയാടുന്നതിന് സഹായിക്കുന്ന രീതിയിലുള്ള നീണ്ട മൂന്ന് വിരലുകളോട് കൂടിയതായിരുന്നു ഈ കാൽപ്പാടുകൾ.

ഒരേ സ്ഥലത്ത് ഇത്രയും അധികം ദിനോസർ കാൽപ്പാടുകൾ ഒരുമിച്ച് കണ്ടെത്തുന്നത് അപൂർവമാണ് എന്ന് ഗവേഷകർ പറയുന്നു. കൂടാതെ ഇത്രയും നീളത്തിലുള്ള  പാതകൾ കണ്ടെത്തുന്നതും വളരെ വിരളമാണെന്നും ഒക്‌സ്‌ഫഡ് സർവകലാശാല നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷക എമ്മ നിക്കോൾസ് വിവരിക്കുന്നു. ഈ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ ഡൈനോസർ ഹൈവേ സൈറ്റുകളിൽ ഒന്നായി മാറാൻ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കൂടുതൽ ദിനോസർ കാൽപ്പാടുകൾ

ജനുവരി എട്ടിന് ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയിലാണ് ഈ ദിനോസർ പാത കണ്ടെത്തിയതിന്റെ വിശദാംശങ്ങളെ പറ്റി വിവരിക്കുന്നത്. 2024 ജൂൺ മാസത്തിലാണ് ഖനിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗവേഷകർ ഈ മേഖലയിൽ എത്തി പഠനം ആരംഭിച്ചത്. ഓക്‌സ്‌ഫഡ്, ബർമിങ്ങാം സർവകലാശാലകളിലെ നൂറ് ഗവേഷകരാണ് ഈ പഠനത്തിന്റെ ഭാഗമായുള്ള ഒരാഴ്ചയോളം നീണ്ട ഖനനം നടത്തി ഇത്രയധികം ദിനോസർ കാൽപ്പാടുകൾ കണ്ടെത്തിയത്.

1997 ൽ സമാനമായ പ്രദേശത്ത്, ഇപ്പോൾ കാൽപ്പാടുകൾ കണ്ടെത്തിയ ഖനിക്ക് സമീപം ദിനോസറുകളുടെ കാൽപ്പാടുകൾ ലഭിച്ചിരുന്നു. അന്ന് നാൽപത് കാൽപ്പാടുകളാണ് ഗവേഷകർ കണ്ടെത്തിയത്. അന്ന് ചുണ്ണാമ്പ് കല്ല് ക്വാറിയുടെ ഖനനത്തിന് വേണ്ടി കുഴിച്ചപ്പോഴായിരുന്നു ഈ കാൽപ്പാടുകൾ കണ്ടെത്തിയത്. അതേസമയം ഇപ്പോൾ കണ്ടെത്തിയിട്ടുള്ള കാൽപ്പാടുകളുടെ എണ്ണം അന്ന് കണ്ടെത്തിയതിലും അഞ്ചിരട്ടിയോളമാണ്. അതേസമയം അന്ന് കണ്ടെത്തിയ കാൽപ്പാടുകൾ സൃഷ്ടിച്ച നടപ്പാതയുടെ ദൂരം ഏതാണ്ട് 180 മീറ്ററായിരുന്നു. അതായത് ഏറ്റവും ഒടുവിൽ നടത്തിയ പര്യവേഷണത്തിലെ നടപ്പാതയേക്കാൾ 30 മീറ്റർ നീളം കൂടുതൽ.

കാൽപ്പാടുകളെ സംരക്ഷിച്ചത് കാലാവസ്ഥ

നിലവിൽ ഈ പുതിയ പര്യവേഷണ മേഖലയിലെ കാൽപ്പാടുകളുടെ ഇരുപതിനായിരത്തോളം ചിത്രങ്ങൾ ഗവേഷകർ പകർത്തിയിട്ടുണ്ട്. ഈ ചിത്രങ്ങളെ ത്രിമാന രൂപത്തിലേക്ക് മാറ്റാനും കൂടാതെ ഇതോട് ചേർത്ത് മേഖലയുടെ ഡ്രോൺ ചിത്രങ്ങൾ കൂടി പകർത്തി വിശദമായ പഠനം നടത്താനുമാണ് ഗവേഷകർ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഈ രീതിയിലുള്ള പഠനം ദിനോസറുകൾ തമ്മിലുള്ള ഇടപഴകലുകളെക്കുറിച്ചും, അവയുടെ വേഗതയെക്കുറിച്ചും, വലിപ്പത്തെക്കുറിച്ചും എല്ലാം മനസ്സിലാക്കാൻ കഴിയുമന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

(Photo:X/@MarioNawfal)
(Photo:X/@MarioNawfal)

മേഖലയിലെ കാലാവസ്ഥാ സാഹചര്യം ആയിരിക്കാം ഈ ദിനോസർ പാതകൾ ഇത്രയധികം നന്നായി സംരക്ഷിക്കപ്പെട്ടതിനുള്ള കാരണമെന്ന് ബർമിങ്ങാം സർവകലാശാലയിലെ പാളിയോബയോളജിസ്റ്റായ റിച്ചാർഡ് ബട്‌ലർ പറഞ്ഞു. ചതുപ്പ് നിലമായതിനാലാണ് ഇത്ര ആഴത്തിൽ ദിനോസറുകളുടെ കാൽപ്പാടുകൾ പതിയാൻ കാരണം. അതേസമയം ശക്തമായ കാറ്റ് ദിനോസറുകൾ സൃഷ്ടിച്ച കാൽപ്പാടുകൾക്ക് മേലെ ഇവയെ മൂടിക്കളയാത്ത രീതിയിലുള്ള വസ്തുക്കൾ കൊണ്ടുവന്ന് നിക്ഷേപിച്ചിരിക്കാമെന്നും കണക്ക് കൂട്ടുന്നു. ഇതിലൂടെ കാൽപ്പാടുകളെ വേഗത്തിൽ തിരിച്ചറിയാൻ ഇന്ന് ഗവേഷകർക്ക് സാധിച്ചു.

English Summary:

Largest UK Dinosaur Trackway: A 166-Million-Year-Old Mystery Unveiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com