കാലുതെറ്റി പിടിയാന 70 അടി താഴ്ചയിലേക്ക്; പലവട്ടം പാറയിൽ തലയിടിച്ച് മറിഞ്ഞു: ദാരുണകാഴ്ച
![elephant ചരിഞ്ഞ പിടിയാന](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2025/1/10/elephant.jpg?w=1120&h=583)
Mail This Article
കോയമ്പത്തൂർ, നീലഗിരി മേഖലകളിൽ വന്യജീവികളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. ഭക്ഷണത്തിനും വെള്ളത്തിനുമായി ആനകൾ ജനവാസമേഖലയിലേക്ക് കടക്കുന്നത് പതിവുകാഴ്ചയാണ്. വെള്ളിയാഴ്ച രാവിലെ, നീലഗിരി ജില്ലയിലെ കുനൂർ–മേട്ടുപാളയം മലയോര പാതയിൽ സഞ്ചരിക്കുകയായിരുന്ന ആന 70 അടി താഴ്ചയിൽ വീണു. പാറകളിൽ തലയിടിച്ച 15 വയസ്സുള്ള പിടിയാനയെ രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. മറ്റ് രണ്ട് ആനകൾക്കൊപ്പമാണ് മലമുകളിലേക്ക് പിടിയാന എത്തിയത്. ഇടയ്ക്ക് പാറയിൽ കാൽതെറ്റി 20 അടി താഴ്ചയിലേക്ക് പിടിയാന വീണു. ഗുരുതരമായി പരുക്കേറ്റ ആനയ്ക്ക് എഴുന്നേൽക്കാൻ കഴിയാതെയായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുനൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
![elephant-tamilnadu ചരിഞ്ഞ പിടിയാന](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
കൊക്കയിലേക്ക് വീഴുമെന്ന തരത്തിൽ പാറയിൽ കിടക്കുകയായിരുന്ന ആനയെ ഉദ്യോഗസ്ഥർ സുരക്ഷിതമായ ഭാഗത്തേക്ക് മാറ്റാൻ ശ്രമങ്ങൾ തുടങ്ങി. അതിനിടെ ആന എഴുന്നേൽക്കാൻ ശ്രമിച്ചതോടെ വീണ്ടും 50 അടി താഴ്ചയിലേക്ക് ആന വീഴുകയായിരുന്നു. പാറകളിൽ പലവട്ടം തലയിടിച്ച് മറിഞ്ഞുവീഴുകയായിരുന്നു.
ആനയുടെ ശരീരം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ചരിഞ്ഞ പിടിയാനയ്ക്കൊപ്പം ഉണ്ടായിരുന്ന ആനകൾ പരിസരത്ത് തന്നെ തമ്പടിച്ചിട്ടുണ്ട്. അതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
പിടിയാന മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദാരുണ കാഴ്ച കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ തലയിൽ കൈവച്ച് നിലവിളിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.