ആഫ്രിക്കൻ നായ്ക്കുട്ടിയെ വേട്ടയാടി പുള്ളിപ്പുലി; പ്രതികാരം ചെയ്ത് നായ്ക്കൂട്ടം: ത്രില്ലടിപ്പിക്കും കാഴ്ച

Mail This Article
ബോട്സ്വാനയിലെ ഷോബേ ദേശീയോദ്യാനത്തിൽ ഒരുകൂട്ടം കാട്ടുനായകൾ ചേർന്ന് പുള്ളിപ്പുലിയെ ആക്രമിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വനത്തിനുള്ളിലൂടെ സഫാരി നടത്തുന്നതിനിടെ സ്ടു പോർട്ടർ എന്ന വ്യക്തിയാണ് താൻ കണ്ട കൗതുകകരമായ കാഴ്ച ക്യാമറയിൽ പകർത്തിയിരിക്കുന്നത്. കാട്ടുനായകൾ അധിവസിക്കുന്ന ഒരു മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു സ്ടുവും സംഘവും. അവിടെ എത്തിയപ്പോഴാകട്ടെ നായകൾ കൂട്ടമായി വിശ്രമിക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ കൂട്ടത്തിൽ ഒന്നുമാത്രം സമീപത്തുള്ള ഒരു മരത്തിലേക്ക് സസൂക്ഷ്മം നോക്കി നിൽക്കുന്നു. മരത്തിന് മുകളിലാകട്ടെ പുള്ളിപ്പുലിയും.
കൂട്ടത്തിലുണ്ടായ നായ്ക്കുട്ടിയെ ആക്രമിച്ചു കൊന്ന പുള്ളിപ്പുലിയോട് പ്രതികാരം ചെയ്യാനായി കാത്തു കിടക്കുകയായിരുന്നു നായ്ക്കൂട്ടം. ഇരതേടാൻ പോയ സമയം കുഞ്ഞിനെ പുള്ളിപ്പുലി കൊലപ്പെടുത്തുകയായിരുന്നു. പ്രത്യാക്രമണം ഭയന്ന് മരത്തിൽ കയറിയ പുലി പതുക്കെ താഴെയിറങ്ങി രക്ഷപ്പെടാൻ നോക്കിയെങ്കിലും നായ്ക്കൂട്ടം വളഞ്ഞു. നാലുപാടുനിന്നും നായകൾ ആക്രമിച്ചതോടെ ഗത്യന്തരമില്ലാതെ വീണ്ടും പുലി മരത്തിനു മുകളിൽ തന്നെ അഭയം പ്രാപിച്ചു.
ഒടുവിൽ തനിച്ച് പ്രതിരോധിക്കാനാകില്ലെന്ന് മനസ്സിലാക്കിയ പുലി തോൽവി സമ്മതിച്ച് തറയിൽ കിടന്നു. മുൻപ് ഉണ്ടായത്ര ആക്രമണം ഇത്തവണ നായ്‌ക്കളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. അവർ പിന്തിരിഞ്ഞതോടെ പുലി ഓടിരക്ഷപ്പെടുകയായിരുന്നു.