വിലയേറിയ ‘ബ്ലബർ’ എന്ന ശരീരഭാഗം; മനുഷ്യർ കാരണം അപ്രത്യക്ഷമായ ഒരേയൊരു കടൽനായ!

Mail This Article
സമുദ്രത്തിലെ ആകർഷകമായ ജീവികളാണു സീലുകൾ അഥവാ കടൽനായകൾ. അനേകം വിഭാഗത്തിലുള്ള കടൽനായകൾ സമുദ്രങ്ങളിലുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഒരു കടൽനായ മനുഷ്യരുടെ വേട്ടയാടൽ കാരണം പൂർണമായും അപ്രത്യക്ഷമായി. ആ കടൽനായയാണു കരീബിയൻ മോങ്ക് സീൽ. മൗറീഷ്യസിൽ നിന്ന് അപ്രത്യക്ഷമായ ഡോഡോ പക്ഷിയെപ്പോലെ പ്രകൃതി സ്നേഹികൾക്കിടയിൽ വേദന ഉയർത്തുന്നതാണു കരീബിയൻ മോങ്ക് സീലുകളുടെ ദുർവിധി.
ഗവേഷണത്തിനായും ഭക്ഷണത്തിനായും ശരീരഭാഗങ്ങൾക്കായും മനുഷ്യർ അമിതമായി വേട്ടയാടിയതാണ് ഈ ജീവികളെ അപ്രത്യക്ഷരാക്കിയത്. 1952ൽ ജമൈക്കയ്ക്കും മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയ്ക്കും ഇടയ്ക്കുള്ള കടൽമേഖലയിലാണു കരീബിയൻ മോങ്ക് സീലുകളെ അവസാനമായി കണ്ടത്. എന്നാൽ 2008ൽ ആണ് നാഷനൽ ഓഷ്യാനിക് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷൻ അധികൃതർ ഈ ജീവികൾ പൂർണമായും വംശനാശം വന്നു പോയെന്നു സ്ഥിരീകരിച്ചത്.

ചരിത്രവുമായി ഏറെ ബന്ധപ്പെട്ടിട്ടുള്ള ജീവികളാണു കരീബിയൻ മോങ്ക് സീൽ. 1494ൽ ക്രിസ്റ്റഫർ കൊളംബസ് നടത്തിയ രണ്ടാം കപ്പൽ യാത്രയിലാണ് ഇവയെ ആദ്യമായി കണ്ടെത്തിയത്. ഒരുകാലത്ത് ഇവയുടെ ജനസംഖ്യ രണ്ടര ലക്ഷം കടന്നിരുന്നു. എന്നാൽ മനുഷ്യപ്രവർത്തനങ്ങളാൽ ഇവയുടെ എണ്ണം കുറഞ്ഞുതുടങ്ങി. തീരങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ ഇവയെ വേട്ടയാടാൻ എളുപ്പമായിരുന്നു.
17 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിൽ ഇവയുടെ ബ്ലബർ എന്ന ശരീരഭാഗത്തിനായി വൻതോതിൽ വേട്ട നടന്നു. ഈ ഭാഗം എണ്ണയാക്കി മാറ്റി കപ്പലുകളുടെയും ബോട്ടിന്റെയും അടിഭാഗത്തെ കോട്ടിങ്ങായി ഉപയോഗിച്ചിരുന്നു. ഹവായിയൻ മോങ്ക് സീലുകൾ പോലെയുള്ള മറ്റു ചില കടൽനായ വിഭാഗങ്ങളും ഇന്നു കടുത്ത വംശനാശ ഭീഷണി നേരിടുകയാണ്. ഇവയെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.