കലിഫോർണിയ കാട്ടുതീയ്ക്ക് പിന്നിൽ ഷെയ്ൽ വ്യവസായങ്ങളെന്ന് ആരോപണം; ഇന്ത്യയിലുമുണ്ട് നിക്ഷേപം!

Mail This Article
യുഎസിൽ അടുത്തിടെ പ്രതിസന്ധി സൃഷ്ടിച്ച കലിഫോർണിയ കാട്ടുതീയുമായി ബന്ധപ്പെട്ട് യുഎസിലെ ഷെയ്ൽ ഗ്യാസ് വ്യവസായങ്ങളുടെ മേലും ആരോപണം. കാട്ടുതീയ്ക്ക് വഴിവയ്ക്കുന്ന ആഗോളതാപനത്തിന് ഷെയ്ൽ ഗ്യാസ് പവർപ്ലാന്റുകളിൽ കത്തിക്കുന്നതും ഒരു കാരണമാകുന്നെന്നാണു ആരോപണം. പതിനായിരക്കണക്കിന് ഷെയ്ൽ വാതകക്കിണറുകളാണു പെൻസിൽവേനിയയിൽ ഉള്ളത്. ഇവ കത്തിക്കുന്നതു മൂലം കാർബൺ വികിരണങ്ങളുണ്ടാകുന്നു. ഇതു താപനം കൂട്ടുന്നുണ്ടെന്നാണ് ആരോപണം. ഇടയ്ക്കിടെ മീഥെയ്ൻ ചോരുന്നതും ആഗോളതാപനത്തിന് വലിയരീതിയിൽ വഴിവയ്ക്കും.
യുഎസിലും കാനഡയിലും മറ്റും പരിമിത തോതിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഇന്ധനമാണ് ഷെയ്ൽ ഗ്യാസ്. ഷെയ്ൽ പാറകളിൽ നിന്നാണ് ഇവ ഉൽപാദിപ്പിക്കുന്നത്. മീഥെയ്ൻ വാതകമാണ് ഇതിനുള്ളിൽ വലിയതോതിൽ അടങ്ങിയിരിക്കുന്നത്. ഡ്രില്ലിങ് നടത്തിയാണ് ഷെയ്ൽ ഗ്യാസ് പുറത്തെത്തിക്കുന്നത്. ഗ്യാസിൽ 70 മുതൽ 90 ശതമാനം വരെ മീഥെയ്‌നാണ്.

പെട്രോളിയം ശുദ്ധീകരണവുമായി താരതമ്യം ചെയ്യുമ്പോൾ ലളിതവും ചെലവ് കുറഞ്ഞതുമായ പ്രക്രിയയാണിത്. ആദ്യഘട്ടത്തിൽ ഗ്യാസിലെ ജലം നീക്കും. അടുത്തഘട്ടത്തിൽ കാർബൺ ഡയോക്‌സൈഡ്, ഹൈഡ്രജൻ സൾഫൈഡ് എന്നിവ നീക്കം ചെയ്യുന്നു. പിന്നീടുള്ള ഘട്ടങ്ങളിൽ 100 ശതമാനം മീഥെയ്‌നായി മാറും. പിന്നീട് ഈ മീഥെയ്‌നെ ദ്രവീകൃത രൂപത്തിലോ, സമ്മർദത്തിലാക്കിയോ അല്ലെങ്കിൽ നേരിട്ടോ ഉപയോഗിക്കാം. എന്നാൽ ഷെയ്ൽ ഗ്യാസ് പരിസ്ഥിതിപരമായി കൂടുതൽ സൗഹാർദപരമാണെന്നും വാദമുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഷെയ്ൽ ഖനനത്തിനു കൂടുതൽ പിന്തുണ നൽകുന്നയാളാണ്.
ഇന്ത്യയിൽ ഗുജറാത്ത്, യുപി, ആന്ധ്ര, ബിഹാർ, അരുണാചൽ പ്രദേശ്, മിസോറം, മേഘാലയ, നാഗാലൻഡ്, ത്രിപുര, അസം തുടങ്ങിയിടങ്ങളിൽ ആഴത്തിൽ ഷെയ്ൽ നിക്ഷേപമുണ്ട്.