അമ്മ ചിംപാൻസിക്കും കുഞ്ഞിനും സ്വന്തമായൊരു ആംഗ്യഭാഷ! മറ്റ് ചിംപാൻസികൾക്കിടയിലില്ല

Mail This Article
മൃഗങ്ങള്‍ വിവിധ രീതികളിൽ ആശയവിനിമയം നടത്താറുണ്ട്. ഇക്കൂട്ടത്തിൽ പരിണാമവഴിയിൽ മനുഷ്യരോട് ഏറെ അടുത്തുനിൽക്കുന്ന ആൾക്കുരങ്ങുകളാണ് മുൻപന്തിയിൽ. യുഗാണ്ടയിലെ കിബാലെ ദേശീയ പാർക്കിൽ ബെറിൽ എന്ന അമ്മ ചിംപാൻസി മകൾ ലിൻഡ്സെയുമായി ആശയവിനിമയം നടത്തുന്നത് പ്രത്യേക ആംഗ്യഭാഷയിലാണത്രേ.
അമ്മയുടെ പുറത്തുകയറി ഒരു സവാരി പോകേണ്ടപ്പോൾ ബെറിലിന്റെ കണ്ണിനു മുകളിൽ കൈവയ്ക്കുകയാണ് അവൾ ചെയ്യുക. എന്നാൽ ഇത്തരമൊരു രീതി മറ്റു ചിംപാൻസികൾ തമ്മിലില്ല. അമ്മയും മകളും തമ്മിൽ ഉടലെടുത്ത ഊഷ്മള ബന്ധത്തിന്റെ ഫലമായിട്ടുള്ളതാണ് ഈ ആംഗ്യഭാഷയെന്ന് ഗവേഷകർ പറയുന്നു.

ചിംപാൻസികളെപ്പറ്റി ധാരാളം പഠനങ്ങളുണ്ട്. ചിംപാൻസികൾക്കും മനുഷ്യരെ പോലെ പോരാട്ട അടവുകളും പദ്ധതികളുമൊക്കെയുണ്ടെന്ന് ഗവേഷകരുടെ പഠനം പറയുന്നുണ്ട്. തെക്കുപടിഞ്ഞാറൻ ഐവറി കോസ്റ്റിലെ ടായ് ദേശീയോദ്യാനത്തിലെ ചിംപാൻസികളെ നിരീക്ഷിച്ച ശാസ്ത്രജ്ഞരാണ് ഈ നിഗമനത്തിൽ എത്തിചേർന്നത്. ഐവറി കോസ്റ്റിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ് ടായ്. രണ്ടു ചിംപാൻസി സംഘങ്ങളുടെ രീതികളാണ് ഗവേഷകർ തുടർച്ചയായി നിരീക്ഷിച്ചത്. ഈ സംഘങ്ങൾ തമ്മിൽ ശത്രുതയിലാണ്, നിരന്തരമായി ഇവർ തമ്മിൽ യുദ്ധവുമുണ്ട്.
മനുഷ്യർ ചെയ്യുന്നത് പോലെയുള്ള പോരാട്ട രീതികൾ ഇവർക്കുമുണ്ടെന്ന് ഗവേഷകർ പറയുന്നു. ശത്രുവിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനായി ചെറു പട്രോൾ ഗ്രൂപ്പുകളെ ഈ സംഘങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉയരമുള്ള സ്ഥലത്തുനിന്നാണ് നിരീക്ഷണം. മനുഷ്യരുടേത് പോലെ കൂട്ടായുള്ള പോരാട്ട പദ്ധതികളും ആസൂത്രണങ്ങളും ചിംപാൻസികൾക്കുണ്ടെന്നും ഗവേഷകർ പറയുന്നു.

പരിണാമ പ്രക്രിയയിൽ വേർപെട്ട, മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുക്കളാണ് ആൾക്കുരങ്ങുകൾ. ചിംപാൻസി, ഗൊറില്ല, ബൊനോബോസ്, ഒറാങ്ഉട്ടാൻ എന്നിവയാണ് ആൾക്കുരങ്ങുകളിലെ പ്രധാനികൾ. ഗ്രേറ്റ് ഏപ്‌സ് എന്ന് ഇവർ അറിയപ്പെടുന്നു. ഇവയ്ക്കു കുരങ്ങുകളെക്കാൾ മനുഷ്യരുമായിട്ടാണു സാമ്യം. കാട്ടിൽ താമസിക്കുന്ന ചിംപാൻസികളുടെ ശരാശരി ജീവിതദൈർഘ്യം 33 വയസ്സാണ്. എന്നാൽ മൃഗശാലകളിലും മറ്റും ഇവ 63 വയസ്സൊക്കെ വരെ ജീവിച്ചിരിക്കാറുണ്ട്. വംശനാശ ഭീഷണി അഭിമുഖീകരിക്കുന്ന ജീവികളായ ചിംപാൻസികൾ ആഫ്രിക്കയിൽ നിന്നുള്ളവരാണ്. ഒരു ലക്ഷത്തിലധികം ചിംപാൻസികൾ മാത്രമാണ് ഇപ്പോഴുള്ളതെന്നു സാൻ ഫ്രാൻസിസ്‌കോ മൃഗശാല അധികൃതർ പറയുന്നു.
ക്രൂരതയും ആക്രമണ മനോഭാവവും ഗൊറില്ലകളെ അപേക്ഷിച്ച് ചിംപാൻകളിൽ കൂടുതലാണ്. ഒരു തലവൻ ചിംപാൻസിക്ക് കീഴിൽ സമൂഹങ്ങളായാണ് ചിംപാൻസികൾ കഴിയുന്നത്.