കഴിഞ്ഞവർഷം പാമ്പുകടിയേറ്റും കടന്നൽക്കുത്തേറ്റും മരിച്ചത് 45 പേർ; തിരക്കുള്ള ചുരത്തിലും കടുവ, കാട്ടിലെത്ര?

Mail This Article
സംസ്ഥാനത്ത് 10 വർഷത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 9 പേർ. ഇതിൽ എട്ടും വയനാട്ടിലാണ്. 2016 മുതൽ ഇന്നലെ വരെ ആകെ 914 പേരാണ് വന്യമൃഗ ആക്രമണത്തിൽ മരിച്ചത്. കഴിഞ്ഞ വർഷം മരണനിരക്ക് വളരെയേറെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പ് നിലപാട്. 67 മരണങ്ങളാണ് 2024–25 ൽ ഇതേവരെ ഉണ്ടായത്. ഇതിൽ 45 എണ്ണം പാമ്പുകടിയേറ്റും കടന്നൽക്കുത്തേറ്റുമാണ്.
ജനവാസകേന്ദ്രങ്ങളിൽ ഉൾപ്പെടെ ജില്ലയിൽ എല്ലായിടത്തും കടുവകൾ വിലസുമ്പോഴും വയനാട്ടിൽ കടുവകൾ കുറയുന്നുവെന്ന നിലപാടിലാണു വനംവകുപ്പ്. കൃത്യമായ കണക്കെടുപ്പു നടത്തി വനത്തിന്റെ വാഹകശേഷി നിർണയിച്ച്, കൂടുതലുള്ള കടുവകളെ പുനരധിവസിപ്പിക്കുകയോ കാടിറങ്ങാതിരിക്കാൻ ഊർജിത നടപടിയെടുക്കുകയോ വേണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോഴും അധികൃതർക്കു കേട്ട മട്ടില്ല. കേന്ദ്ര വനനിയമത്തിൽ മാറ്റം വരുത്തണമെന്നും മനുഷ്യജീവനു ഭീഷണിയായ മൃഗങ്ങളെ വകവരുത്താനുള്ള അധികാരം ജില്ലാ ഭരണകൂടം ഉപയോഗിക്കണമെന്നും കർഷകസംഘടനകൾ ആവശ്യപ്പെട്ടു തുടങ്ങിയിട്ടു കാലങ്ങളായി.

കടുവ സംരക്ഷണത്തിന്റെ പേരിൽ കോടികൾ വാങ്ങുമ്പോഴും കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന വൈരുധ്യമാണു കടുവ സെൻസസുകളിലൂടെ തെളിയുന്നത്. 1993 ൽ 76, 97 ൽ 73, 2002 ൽ 71, 2006 ൽ 46, 2010 ൽ 71, 2014 ൽ 136, 2018 ൽ 190 എന്നിങ്ങനെയാണ് കേരളത്തിലാകെ കടുവകളുടെ എണ്ണത്തിലുണ്ടായ വർധന. രാജ്യത്തെ കടുവകളുടെ എണ്ണത്തിൽ പ്രതിവർഷം 6% വർധനയുണ്ടെന്നാണു കടുവ സംരക്ഷണ അതോറിറ്റി കണക്കാക്കുന്നത്. 2022 ലെ കണക്കെടുപ്പിൽ വയനാട്ടിലെ കടുവകളുടെ എണ്ണം 157 ആണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിച്ചിരുന്നതാണ്. എന്നാൽ, ഈ കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടില്ലെന്നു മാത്രമല്ല, 2023 ലെ കണക്കെടുപ്പിൽ വയനാട് മേഖലയിലെ കടുവകൾ വെറും 84 ആയി കുറയുകയും ചെയ്തു.
തിരക്കുള്ള വയനാട് ചുരത്തിൽപോലും കടുവയെ കാണുന്ന കാലമാണിത്. ആനപ്പാറയിൽ 4 കടുവകൾ ജനവാസകേന്ദ്രങ്ങളിലൂടെ വിലസുന്നു. 2012 മുതൽ 2022 വരെ വയനാട്ടിൽനിന്നു മാത്രം 36 കടുവകളെയാണു വനംവകുപ്പ് ജനവാസകേന്ദ്രങ്ങളിൽനിന്നു പിടികൂടിയത്.