ഡ്യൂട്ടിക്കിടെ ഉറങ്ങി, ഭക്ഷണപാത്രത്തിൽ മൂത്രമൊഴിച്ചു; പൊലീസ് നായയുടെ വാർഷിക ബോണസ് കട്ട് ചെയ്തു

Mail This Article
ചൈനയിൽ അച്ചടക്കം ലംഘിച്ച പൊലീസ് നായയ്‌ക്കെതിരെ നടപടി. ചൈനയിലെ ആദ്യ കോർഗി പൊലീസ് നായ ഫുസായിക്കെതിരെയാണ് നടപടി. ഡ്യൂട്ടിക്കിടെ ഉറങ്ങിയതിനും ഭക്ഷണ പാത്രത്തിൽ മൂത്രമൊഴിച്ചതിനും നായയുടെ വാർഷിക ബോണസ് ഉദ്യോഗസ്ഥർ കട്ട് ചെയ്യുകയായിരുന്നു. ചൈനീസ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ ‘കോർഗ് പൊലീസ് ഡോഗ് ഫുസായി ആൻഡ് ഇറ്റ്സ് കോമ്രേഡ്സ്’ എന്ന അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


ഫുസായിയുടെ നല്ലകാര്യങ്ങൾ ആദ്യം പറയുകയും പിന്നീട് മോശം പെരുമാറ്റം കാരണം ആനുകൂല്യങ്ങൾ തിരിച്ചെടുക്കുകയാണെന്നും ഉദ്യോഗസ്ഥർ വിഡിയോയിൽ പറയുന്നു. പൊലീസ് നായയ്ക്കുള്ള ലെവൽ 4 പരീക്ഷ ഫുസായി വിജയിച്ചതായി പറയുന്നുണ്ട്. ഇതിനെ അനുമോദിക്കുന്ന രീതിയിൽ പൂവും സ്നാക്സും സമ്മാനമായി നൽകി. എന്നാൽ സമീപകാലത്തെ മോശം പെരുമാറ്റം കാരണം വാർഷിക ബോണസ് നഷ്ടപ്പെടുമെന്നും പിഴയായി സ്നാക്സ് ഈടാക്കുമെന്നും അറിയിച്ചു. തുടർന്ന് നൽകിയ സ്നാക്സ് വനിതാ പൊലീസ് തിരിച്ചെടുത്തു.


രണ്ട് മാസമുള്ളപ്പോൾ ഫുസായിയെ ചാംഗിൾ കൗണ്ടി പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ പരിശീലകനായ ഷാവോ ക്വിങ്‌ഷുവായ് പാർക്കിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് നായയെ ഷാൻഡോങ് പ്രവിശ്യയിലെ വെയ്ഫാങ്ങിലെ പൊലീസ് നായ പരിശീലന കേന്ദ്രത്തിലെത്തിച്ചു. പൊലീസ് നായയ്ക്കുള്ള കർശന മാനദണ്ഡങ്ങളെല്ലാം പൂർത്തിയാക്കിയ നായ 2024 ഒക്ടോബറില്‍ പദവിയേറ്റെടുക്കുകയായിരുന്നു. 3.84 ലക്ഷം ഫോളോവേഴ്സുള്ള ഫുസായിയുടെ സോഷ്യൽമീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് വെയ്ഫാങ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയാണ്.
