ലോകകപ്പിന്റെ ആതിഥേയത്വം: 30 ലക്ഷം തെരുവുനായ്ക്കളെ കൊല്ലാൻ മൊറോക്കോ

Mail This Article
സ്പെയിനിനും പോർച്ചുഗലിനുമൊപ്പം ആഫ്രിക്കൻ രാജ്യമായ മൊറോക്കോയും 2030ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ആതിഥേയരാണ്. ലോകകപ്പിനോടനുബന്ധിച്ച് വിനോദസഞ്ചാരമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വമ്പൻ പദ്ധതികൾക്കും ശുചീകരണത്തിനും ഒരുങ്ങുകയാണു രാജ്യം. എന്നാൽ ഇതിനോട് അനുബന്ധിച്ച് രാജ്യം പ്രഖ്യാപിച്ച ഒരു പദ്ധതി വലിയ വിവാദമുയർത്തിയിട്ടുണ്ട്. 30 ലക്ഷം തെരുവുനായ്ക്കളെ കൊന്നൊടുക്കുക എന്നതാണ് ഇത്. വിഷം കൊടുത്തോ വെടിവച്ചോ കൊലപ്പെടുത്താനാണു പ്ലാൻ. ഇതിനെതിരെ രാജ്യാന്തര മൃഗസ്നേഹികളുടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഫിഫ പ്രശ്നത്തിൽ ഇടപെടണമെന്നാണ് അവരുടെ ആവശ്യം.
പൗരാണികമായ ഭംഗിയും സഹാറാ മരുഭൂമിയുടെ ഭാഗങ്ങളും അടങ്ങിയ മനോഹരമായ രാജ്യമാണ് മൊറോക്കോ. കഴിഞ്ഞ ഫുട്‌ബോൾ ലോകകപ്പിൽ മൊറോക്കോ ടീം വലിയ മുന്നേറ്റം നടത്തിയിരുന്നു. രാജ്യത്തിലെ ഏറ്റവും വലിയ ഏഴാമത്തെ നഗരമായ റാബത്താണ് മൊറോക്കോയുടെ തലസ്ഥാനം. മൊറോക്കോയിൽ ഒരു നീല നഗരമുണ്ട്, ചെഫ്‌ചോയിൻ എന്നറിയപ്പെടുന്ന ഈ നഗരത്തിലെ കെട്ടിടങ്ങൾ ഭൂരിഭാഗവും നീലനിറത്തിലാണുള്ളത്. മൊറോക്കോയിലെ റിഫ് മലനിരകളിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

മറക്കേഷ് നഗരത്തെ ചുവന്ന നഗരമെന്നാണു വിളിക്കുന്നത്. നഗരത്തിലെ കെട്ടിടങ്ങളിൽ പലതിനും ചുവപ്പുഛവി ഉള്ളതിനാലാണ് ഇത്. മറക്കേഷിലെ പല കെട്ടിടങ്ങളും ചുവന്ന കല്ലുകൊണ്ടാണ് പണിതിട്ടുള്ളത്. ഈ ചുവപ്പ് ഛവി എത്തിയത് അങ്ങനെയാണ്.
ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ അമേരിക്കയെ സ്വതന്ത്രരാജ്യമായി ആദ്യം അംഗീകരിച്ചത് മൊറോക്കോയാണ്. യുഎസുമായി ആദ്യമായി ഉടമ്പടിയിലേർപ്പെട്ട രാജ്യവും മൊറോക്കോയാണ്. 2023ൽ ശക്തമായ ഭൂചലനം മൊറോക്കോയിൽ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.