ADVERTISEMENT

കൊച്ചി∙ ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം രാജ്യങ്ങള്‍ വിസ്മരിക്കരുതെന്ന് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ ഹൈകമ്മിഷണര്‍ ഡോ. റോജര്‍ ഗോപൗല്‍. ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് 64 ശതമാനം ജനങ്ങള്‍ ദാരിദ്രരേഖയ്ക്ക് താഴെ കഴിയുമ്പോള്‍ പ്രതിവര്‍ഷം 86 ലക്ഷം കോടി രൂപയുടെ ഭക്ഷണമാണ് ആഗോളതലത്തില്‍ പാഴാക്കുന്നത്. എല്ലാ രാജ്യങ്ങളും ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും ഫ്രാന്‍സും മുന്നോട്ടുവച്ച രാജ്യാന്തര സോളാര്‍ സഖ്യത്തില്‍ 120 രാജ്യങ്ങള്‍ അംഗങ്ങളായിട്ടുണ്ടെന്നും റോജര്‍ പറഞ്ഞു.

സുസ്ഥിര ഭാവിക്കായി രാജ്യാന്തര സഹകരണം അനിവാര്യമാണെന്ന് മറ്റൊരു ചര്‍ച്ചയില്‍ പങ്കെടുത്ത ലെസോത്തോ ഹൈക്കമ്മിഷന്‍ ഫസ്റ്റ് സെക്രട്ടറി ബോഹ്‌ലോകി  മോറോജെല്‍ അഭിപ്രായപ്പെട്ടു. കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള പോരാട്ടം എളുപ്പമല്ല. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് രാജ്യങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ ഇന്ത്യയും കസഖ്സ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയാണെന്ന് കസഖ്സ്ഥാന്‍ റിപ്പബ്ലിക്കിന്റെ എംബസി ഡപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ദര്‍ഖാന്‍ സെയ്‌തെനോവ് പറഞ്ഞു. ഭാവിയില്‍ നിരവധി മേഖലകളില്‍ സഹകരണങ്ങള്‍ ഉണ്ടാകും. സമിറ്റ് ഓഫ് ഫ്യൂച്ചര്‍ പോലുള്ള പരിപാടികള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു. ഇന്ത്യയിലെ നിരവധി സര്‍വകലാശാലകളുമായി കസഖ്സ്ഥാന്‍ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ഏകദേശം 8,000 ഇന്ത്യന്‍ വിദ്യാർഥികള്‍ കസഖ്സ്ഥാനില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിൽ വേണ്ട; ബ്രൂവറി വേണ്ടെന്ന അഭിപ്രായമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

മൂന്നാമതൊരു ട്രാക്ക് നിർമിക്കാൻ സ്ഥലമുള്ളപ്പോൾ എന്തിനാണ് കെ റെയിൽ നിർമിക്കുന്നതെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കെ റെയിൽ നിർമിച്ചാൽ മഴക്കാലത്ത് വെള്ളപ്പൊക്കത്തെ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രൂവറി വേണ്ടെന്ന അഭിപ്രായം തനിക്കില്ല. എന്നാൽ കുടിവെള്ള പ്രശ്നമുള്ള സ്ഥലത്ത് എന്തിനാണ് ബ്രൂവറി സ്ഥാപിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജെയിൻ സർവകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ 'ഇന്ത്യയുടെ നാളെ' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജെയ്ക് സി തോമസ്, രാഹുൽ മാങ്കൂട്ടത്തില്‍
ജെയ്ക് സി തോമസ്, രാഹുൽ മാങ്കൂട്ടത്തില്‍

‘ഡൽഹിയിൽ മോശം വായുവാണുള്ളത്. ചൈന ഈ ഒരു പ്രശ്നത്തെ ക്രിയാത്മകമായാണ് സമീപിച്ചത്. ഇലക്ട്രിക് വാഹനങ്ങളും ബുള്ളറ്റ് ട്രെയിനുകളും അവർ അവതരിപ്പിച്ചു. ഇലക്ട്രിക് പൊതുഗതാഗതത്തെ പരമാവധി പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് അവർ മലിനീകരണം കുറച്ചത്’– സുസ്ഥിര വികസനം എപ്രകാരമായിരിക്കണമെന്ന ചോദ്യത്തോട് സിപിഎം നേതാവ് ജെയ്ക് സി തോമസ് പ്രതികരിച്ചു.

വരും തലമുറയെക്കൂടി പരിഗണിച്ചുകൊണ്ടുള്ള വികസനമാണ് വേണ്ടത്. അതിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി പറഞ്ഞു. ചൈന ഡീപ്സീക്ക് അവതരിപ്പിച്ചല്ലോ എന്ന ചോദ്യത്തിന് ചൈനയുടേതുപോലുള്ള എഐ അല്ല ഇന്ത്യയ്ക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ചൈനയിൽ ജനങ്ങളോട് ചോദിക്കാതെ വികസനം നടപ്പാക്കാൻ കഴിയും. എന്നാൽ ഇന്ത്യ എല്ലാം ജനാധിപത്യപരമായാണ് നടപ്പാക്കുന്നതെന്ന് സന്ദീപ് അഭിപ്രായപ്പെട്ടു. 

‘ഗൗതം അദാനി 2016ന് മുൻപ് ലോക കോടീശ്വരന്മാരുടെ പട്ടികയിൽ താഴെയായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് അദ്ദേഹം ലോക സമ്പന്നന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. നാട്ടിൽ ധനികർ ഉണ്ടാകണം. എങ്കിൽ മാത്രമെ തൊഴിലാളികൾക്ക് ജീവിക്കാൻ സാധിക്കൂ. എന്നാൽ രാജ്യത്തെ ജനങ്ങളെ പട്ടിണിയിൽ തള്ളിവിട്ട് ധനികനായ ഗൗതം അദാനിയെപ്പോലെ ആകരുതെന്ന് രാഹുൽ കൂട്ടിച്ചേ‍ർത്തു. ​

ഏതൊരു നയം രൂപീകരിക്കുമ്പോഴും ജനത്തിന് എന്തുഗുണം ചെയ്യും, ഭൂമിയെ എങ്ങനെ ബാധിക്കും, എന്താണ് ലാഭം എന്നീ മൂന്ന് കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. പ്രകൃതി പരിപാലനം മാത്രമല്ല സുസ്ഥിര വികസനം. ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക, എല്ലാവർക്കും വിദ്യാഭ്യാസം, ആരോഗ്യമേഖലയുടെ പുരോഗതി തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുമ്പോഴാണ് സുസ്ഥിര വികസനം സാധ്യമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പറഞ്ഞു.

കേരളത്തില്‍ കൃഷി വിപണനരീതി

കൃഷി ഒരു ജീവിതരീതിയും സംസ്‌കാരവുമാണെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായ്. എന്നാല്‍ കേരളത്തില്‍ കൃഷിയെ വിപണനരീതിയായി മാത്രമായാണ് കാണുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ‘ഹരിതഭാവി സൃഷ്ടിക്കല്‍’ എന്ന വിഷയത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.  ലിംഗനീതി ഉറപ്പാക്കുന്നതില്‍ കുടുംബശ്രീ പ്രതിജ്ഞാബദ്ധമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ ഡോ. ശ്രീനിവാസ്.പി പറഞ്ഞു. പൈനാപ്പിള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബേബി ജോണും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

green-summit-gif

മനുഷ്യന്റെ ബുദ്ധിയുടെ സഹായമില്ലാതെ എഐ പ്രവർത്തിക്കില്ല

മനുഷ്യന്റെ ബുദ്ധിയുടെ സഹായമില്ലാതെ നിർമിതബുദ്ധിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഇന്റര്‍വ്യൂ ബിറ്റ് ആന്‍ഡ് സ്‌കെയ്‌ലര്‍ കോ- ഫൗണ്ടര്‍ അഭിമന്യു സക്‌സേന. ‘മെഷീന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അത് മനുഷ്യന്‍ കൊടുക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ നാട്ടില്‍ യന്ത്രവല്‍ക്കരണം വന്നു എന്ന കാരണം കൊണ്ട് ആരുടെയെങ്കിലും ജോലി പോയതായിട്ട് അറിയുമോ? അതുപോലെത്തന്നെയാണ് എഐയും. എഐ വന്നത് കൊണ്ട് ഇവിടെ മാന്‍പവര്‍ വേണ്ടി വരില്ലെന്ന് പറയാന്‍ കഴിയില്ല. എഐയ്ക്ക് ഒരു കാര്‍ നിർമിക്കാന്‍ കഴിയും, പക്ഷേ അതിന്റെ ഗുണമേന്മ നിശ്ചയിക്കാന്‍ കഴിയില്ല'’- അഭിമന്യു പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരുപാട് പരിമിധികളുണ്ട്, അതിനെ അധീനതയിലാക്കുന്നതിലാണ് മനുഷ്യന്റെ കഴിവെന്ന് രാജഗിരി ബിസിനസ് സ്‌കൂളിലെ മാര്‍ക്കറ്റിങ് ആന്‍ഡ് സ്ട്രാറ്റജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ശുഭദര്‍ശിനി വ്യക്തമാക്കി. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലെ പുതിയ തൊഴില്‍ മാതൃകകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ വോള്‍വോ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ പാര്‍ട്ണറായ അരവിന്ദ് വാര്യറായിരുന്നു മോഡറേറ്റര്‍. ജനറല്‍ മാനേജര്‍ വിവേക് ജോര്‍ജ്, കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലെ അക്കാദമിക് ഡീനും കെബിഎ സ്ഥാപകനുമായ ഡോ. അഷ്‌റഫ് എസ്, പ്രാഗ്മാറ്റിക് ലേണിങ് എജ്യൂടെക് സഹ സ്ഥാപകന്‍ കാര്‍ത്തിക് കേശവ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

ലോകത്തെ ഏറ്റവും വലിയ കണ്ടുപിടിത്തം കൃഷി

വിശപ്പിന് മാത്രമാണ് ശാശ്വത പരിഹാരം കണ്ടെത്താനാകാത്തതെന്നും അതിനുള്ള ഏക പരിഹാരം ഭക്ഷമാണെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഗ്രീൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിർമിതബുദ്ധിയുടെ വികാസം അദ്ഭുതപ്പെടുത്തുമെങ്കിലും ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തം കൃഷിയാണ്. മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് കണ്ടുപഠിച്ചതാണ് കൃഷി. ജീവന്റെ നിലനില്‍പ്പിന്റെ പ്രധാനഘടകം ഭക്ഷണമാണ്. അതാണ് കൃഷിയാണ് ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്ന് താൻ വാദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഹൈടെക് കൃഷി പരിശീലനത്തിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാം

പി.പ്രസാദ്. (ചിത്രം:ഫെയ്സ്ബുക്ക്)
പി.പ്രസാദ്

ഹൈടെക്ക് കൃഷി പരിശീലനത്തിലൂടെ കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹൈടെക്ക് കര്‍ഷക അവാര്‍ഡ് ജേതാവ് ഷമീര്‍. കേരളത്തില്‍ 40ഓളം പേര്‍ ഹൈടെക്ക് കൃഷി ചെയ്യുന്നുണ്ടെന്നും സാഹചര്യമനുസരിച്ച് മാര്‍ക്കറ്റില്‍ എന്താണ് വേണ്ടതെന്ന് കണ്ട് കൃഷി ചെയ്യാന്‍ സാധിച്ചാല്‍ വിജയം കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പോളി ഹൗസ് കൃഷി - ആധുനിക കാര്‍ഷിക വിപ്ലവം' എന്ന വിഷയത്തില്‍ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.

ഈര്‍പ്പ സംബന്ധമായ പ്രശ്‌നങ്ങളാണ് കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി. ദിവസവും 10-15 മിനിറ്റ് മാറ്റി വെക്കാന്‍ സാധിച്ചാല്‍ നമുക്കാവശ്യമായ പച്ചക്കറികള്‍ ഓരോ വീടുകളിലും ഉല്പാദിപ്പിക്കാന്‍ സാധിക്കും.ഹ്യൂമിഡിഫൈയര്‍ ഉപയോഗിച്ച് ഈര്‍പ്പ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  സാധിക്കുമെങ്കിലും സാമ്പത്തിക ചിലവ് കൂടുതലായത് കൊണ്ട് എല്ലാവര്‍ക്കും താങ്ങാന്‍ സാധിക്കാറില്ല. പ്രകാശം കൃത്യമായി ലഭിക്കുന്ന സ്ഥലത്ത്  പോളി ഹൗസ് കൃഷി രൂപപെടുത്തിയെടുത്ത ശേഷം  ദിവസവും മൂന്ന് മണിക്കൂര്‍ ഒരാള്‍ ചിലവഴിച്ചാല്‍ വേഗത്തില്‍ കൃഷി മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷമീർ
ഷമീർ

കേരളം മോശം സ്ഥലമല്ല; അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യണം

അന്ധവിശ്വാസങ്ങളെ നിയമത്തിലൂടെ ഉന്മൂലനം ചെയ്യാന്‍ സാധിക്കില്ലെന്ന് ബിജെപി നേതാവ് എം ടി രമേശ്. മനുഷ്യ മനസില്‍ മാറ്റം വന്നാല്‍ മാത്രമെ അന്ധവിശ്വാസത്തെ പ്രതിരോധിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ 'മാറ്റത്തിന്റെ ശബ്ദം' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുമറയ്ക്കാന്‍ സമരം നടത്തിയ നാടാണ് നമ്മുടേത്. എന്നാല്‍ അടുത്തകാലത്ത് അനാചാരങ്ങളില്‍ ചിലത് കേരളത്തിലേക്ക് മടങ്ങിവരുകയാണ്. ഇതിനെ പ്രതിരോധിക്കണം.' സിപിഎം നേതാവും അഭിഭാഷകനുമായ കെ എസ് അരുണ്‍കുമാര്‍ ആവശ്യപ്പെട്ടു.

സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവനയെ പുശ്ചത്തോടെ തള്ളിക്കളയുകയാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. സ്ത്രീ-പുരുഷ തുല്യതയ്‌ക്കെതിരെ നിലപാടെടുത്ത പിഎംഎ സലാമിനെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോയെന്ന കെ എസ് അരുണ്‍ കുമാറിന്റെ ചോദ്യത്തോടായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.

ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ 'മാറ്റത്തിന്റെ ശബ്ദം' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ നിന്നും.
ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ 'മാറ്റത്തിന്റെ ശബ്ദം' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ നിന്നും.

ഇന്ത്യയെക്കാള്‍ നല്ലത് വിദേശ രാജ്യങ്ങളാണെന്നു ധരിച്ചാണ് കുട്ടികള്‍ പുറത്തേക്ക് പോകുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ചര്‍ച്ചയില്‍ പറഞ്ഞു. നമ്മുടെ നഗരങ്ങള്‍ രാത്രി 10 മണി കഴിഞ്ഞാല്‍ ഉറങ്ങും. എന്നാല്‍ കുട്ടികളുടെ ദിവസം ആരംഭിക്കുന്നത് 10 മണിക്കാണ്. ഇവിടെ ലിബറല്‍ സ്‌പേസ് ഇല്ല. മാധ്യമങ്ങള്‍ നാടിനെ മോശമായി ചിത്രീകരിക്കുകയാണ്. പോസിറ്റീവായി മാധ്യമങ്ങളില്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. കേരളം ഒരുമോശം സ്ഥലമല്ലെന്നും എം.എല്‍.എ പറഞ്ഞു.

മലയാളികളുടെ കുടിയേറ്റം

കടമെടുത്ത് വിദേശത്തേക്കു പോകുന്ന മലയാളികളില്‍ പലരും കടക്കെണിയില്‍ അകപ്പെടുകയാണെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. നാട്ടില്‍ മികച്ച ശമ്പളം കിട്ടുന്ന തൊഴില്‍ ലഭ്യമാക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.  'മാറ്റത്തിന്റെ വിത്ത് പാകുക' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘വിദേശത്ത് പോയി ഏത് ജോലി വേണമെങ്കിലും മലയാളി ചെയ്യും. എന്നാല്‍ ഇവിടെ ചെയ്യാന്‍ തയ്യാറല്ല. അതിന് തയ്യാറാകുന്നവരെ പരിഹസിക്കുന്ന നിലയുണ്ട്, അത് മാറണം.’ സര്‍ക്കാര്‍ ജോലിക്കപ്പുറമുള്ള തൊഴില്‍ വിദ്യാര്‍ത്ഥികള്‍ സ്വപ്നം കാണണമെന്നും കായംകുളം എംഎല്‍എ യു. പ്രതിഭ പറഞ്ഞു. കുടിയേറ്റം കേരളീയരുടെ രക്തത്തിലുള്ളതാണെന്ന് അരുവിക്കര മുന്‍ എംഎല്‍എ കെ എസ് ശബരീനാഥ് അഭിപ്രായപ്പെട്ടു.

സംരംഭകര്‍ക്ക് അവരുടെ സ്വപ്നങ്ങളെ പിന്തുടരുന്നതിന് നിരവധി വെല്ലുവിളികളുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക. ആദ്യ വെല്ലുവിളി വീട്ടില്‍ നിന്നു തന്നെയാകും, അതിനെ തരണം ചെയ്ത് വിജയിക്കാന്‍ കഴിയണം. 'ആഗോള വെല്ലുവിളികളെ എങ്ങനെ സംരംഭകര്‍ക്ക് നേരിടാന്‍ കഴിയും' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അനൂപ്.

chandy-oomen-gif

പഠിപ്പിക്കാൻ സംരംഭകർക്ക് അവസരം നൽകണം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ സംരംഭകർക്ക് അവസരം നൽകണമെന്ന് ബിഎൻഐ തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടർ വികാസ് അ​ഗർവാൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംരംഭകർ അധ്യാപകർ ആകുന്നത് വഴി കുട്ടികളുടെ സംരഭകത്വബോധം വളരുകയും ഇവിടെ ധാരാളം സംരംഭകൾ ഉണ്ടാവുകയും ചെയ്യും. സ്ഥിരമായും അല്ലാതെയും സംരംഭകർ കോളജുകളിൽ വന്ന് പഠിപ്പിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

വികാസ് അ​ഗർവാൾ
വികാസ് അ​ഗർവാൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com