ബ്രസീലിൽ വംശനാശം സംഭവിച്ച 41 അപൂർവ്വയിനം മക്കാവുകളെ പുനരവതരിപ്പിച്ച് വൻതാര

Mail This Article
2000ൽ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച 41 അപൂർവ്വയിനം സ്പിക്‌സിസ് മക്കാവുകളെ (സയനോപ്സിറ്റ സ്പിക്സി) പുനരവതരിപ്പിക്കാൻ അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള വൻതാരയുടെ അനുബന്ധ സ്ഥാപനമായ ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ, അസോസിയേഷൻ ഫോർ ദി കൺസർവേഷൻ ഓഫ് ത്രെറ്റൻഡ് പാരറ്റ്സുമായി കൈകോർത്തു. ജർമനിയിലെ ബെർലിനിലുള്ള എസിടിപിയുടെ പ്രജനന കേന്ദ്രത്തിൽ നിന്ന് 41 സ്പിക്സ് മക്കാവുകളെ ബ്രസീലിലെ ബഹിയയിലുള്ള ഒരു റിലീസ് സെന്ററിലേക്ക് മാറ്റി. വംശനാശം സംഭവിച്ച ഈ ജീവിവർഗത്തെ ബ്രസീലിലെ കാറ്റിംഗ ബയോമിലേക്ക് പുനഃസ്ഥാപിക്കുന്നതിന്നതിനായി വൻതാര എസിടിപി-ക്ക് വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശവും നിർണായക സഹായങ്ങളും ഉറപ്പുനൽകി.
2022-ൽ 20 സ്പിക്സ് മക്കാവുകളെ വനത്തിൽ പുനരുജ്ജീവിപ്പിച്ചിരുന്നു. 20 വർഷത്തിലേറെയായി ആദ്യമായി വനത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സാഹചര്യമൊരുക്കിയ പരിപാടിയുടെ മുൻകാല വിജയങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സുപ്രധാന നീക്കവും.

ബ്രസീലിലേക്ക് മാറ്റുന്നതിനായി തിരഞ്ഞെടുത്ത 41 സ്പിക്സ് മക്കാവുകളെ അവയുടെ വംശാവലിയും ആരോഗ്യവും കണക്കിലെടുത്താണ് തിരഞ്ഞെടുത്തത്. 23 പെൺമക്കാവുകളും 15 ആൺമക്കാവുകളും ലിംഗം നിശ്ചയിക്കപ്പെടാത്ത 3 കുഞ്ഞുങ്ങളും അടങ്ങുന്നതായിരുന്നു ആ കൂട്ടം. കൈമാറ്റത്തിന് മുമ്പ്, പക്ഷികൾ ബെർലിനിലെ ഒരു ബ്രീഡിംഗ് ഫെസിലിറ്റിയിൽ 28 ദിവസത്തിലധികം ക്വാറന്റീൻ നടത്തി, ബ്രസീലിന്റെ വന്യ പരിസ്ഥിതിയെ ബാധിച്ചേക്കാവുന്ന ഏതെങ്കിലും രോഗങ്ങളിൽ നിന്ന് അവ മുക്തമാണെന്ന് ഉറപ്പാക്കാൻ സമഗ്രമായ പരിശോധനയും നടത്തി. ജനുവരി 28 ന്, പക്ഷിളെ പ്രത്യേക വിമാനത്തിൽ ബ്രസീലിൽ എത്തിച്ചു.
‘സ്‌പിക്സ് മക്കാവ്സ് റീഇൻട്രൊഡക്ഷൻ പ്രോജക്റ്റിലേക്കുള്ള സംഭാവനയ്ക്ക് അനന്ത് അംബാനിക്കും വൻതാരയ്ക്കും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. അവരുടെ ഉദാരമായ സാമ്പത്തിക പിന്തുണയ്‌ക്ക് പുറമേ, വന്യജീവി വംശനാശം സംഭവിച്ച ഈ ജീവിവർഗത്തെ വിജയകരമായി വളർത്തുന്നതിൽ വൻതാര ഞങ്ങളുമായി പങ്കുവെച്ച വൈദഗ്ധ്യം വിലമതിക്കാനാവാത്തതാണ്’ എസിടിപി സ്ഥാപകൻ മാർട്ടിൻ ഗുത്ത് പറഞ്ഞു.